ഹൃദയങ്ങള്‍ക്ക് അതിരുകളില്ലെന്ന് രണ്ട് ഇന്തോ-പാക് കുടുംബങ്ങള്‍

കെ രംഗനാഥ്

 ദുബായ്

Posted on August 15, 2020, 9:26 am

രാജ്യങ്ങള്‍ തമ്മില്‍ മണ്ണില്‍ അതിരുകള്‍ വരച്ച് പടവെട്ടുമ്പോള്‍ മനസുകള്‍ക്ക് അതിരുകളില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയിലേയും പാകിസ്ഥാനിലേയും രണ്ട് കുടുംബങ്ങള്‍ ഇന്നലെ പാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ന് ജോഗീന്ദര്‍സിങ് സലാരിയയുടെ ഇന്ത്യന്‍ കുടുംബത്തിലേയും ഖാലിദ് മുഹമ്മദിന്റെയും കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും കൊണ്ടാടും. ഇരുകൂട്ടരും ഭൂമിയിലെ അതിരുകളുടെ കാലുഷ്യം മറന്ന് സ്വാതന്ത്ര്യദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഗള്‍ഫ് മാധ്യമങ്ങളും അതൊരു ആഘോഷമാക്കുന്നു. ഇരു കുടുംബങ്ങളുടേയും ഒന്നിച്ചുള്ള സ്വാതന്ത്ര്യദിനാഘോഷത്തിനും ഇതു പന്ത്രണ്ടാം വാര്‍ഷികം. ഇത്രയും കാലമായി ഇവര്‍ ദുബായില്‍ നല്ല അയല്‍ക്കാരായ ശേഷം അതിര്‍ത്തികളില്‍ പല തവണ വെടിപൊട്ടിയിട്ടും അവരെല്ലാം ആ സായാഹ്നങ്ങളില്‍ അതെല്ലാം മറന്ന് ഒത്തുകൂടി തമാശകള്‍ പറഞ്ഞും അത്താഴവിഭവങ്ങള്‍ വിളമ്പിക്കഴിച്ചും സമയം പോക്കുകയാവും.

പുല്‍വാമ ആക്രമണവും സര്‍ജിക്കല്‍സ്ട്രൈക്കുമെല്ലാം അവര്‍ക്ക് പത്രങ്ങളിലും ചാനലുകളിലും മിന്നിമറയുന്ന വാര്‍ത്തകള്‍ മാത്രം. ഈ പരസ്പര സ്നേഹമില്ലാതെ ഇരുകുടുംബങ്ങള്‍ക്കും ഒരു നിമിഷത്തെക്കുറിച്ചുപോലും ആ­ലോചിക്കാനാവില്ലെന്ന് സലാരിയാസും മുഹമ്മദും പറയുന്നു. സന്ധ്യാവേളകളില്‍ വീടുകളില്‍ ഒത്തുകൂടിയില്ലെങ്കില്‍ അവര്‍ വാഹനമോടിച്ച് അകലങ്ങളിലേക്കു പോകും. മസാലപുരട്ടിയ ആട്ടിറച്ചിയും കോഴിയിറച്ചിയും തീക്കനലിലിട്ട് ചുട്ട് തിന്നുന്ന ബാര്‍ബക്യൂ സന്ധ്യകള്‍ ആഘോഷിക്കാന്‍. ഇരു രാജ്യങ്ങളുടേയും എഴുപത്തിനാലാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ സാമൂഹ്യ അകലം പാലിച്ചായിരുന്നു ഇന്നലെ മുഹമ്മദിന്റെ വീട്ടിലെ പാക് സ്വാതന്ത്യ വാര്‍ഷിക അത്താഴവിരുന്ന്. ഇന്നും അങ്ങനെ. വിഭവങ്ങള്‍ ഇരു കുടുംബങ്ങളുടേയും അടുക്കളകളില്‍ പാകം ചെയ്താണ് ഇന്നലെ വിളമ്പിയത്. ഇന്നും അങ്ങനെ തന്നെ. തീരെ കുട്ടികളായിരുന്നപ്പോള്‍ സലാരിയാസിന്റെ മകന്‍ നിര്‍വയിനേയും മകള്‍ പെഹലിനേയും മുഹമ്മദിന്റെ പെണ്‍മക്കള്‍ ഐഷയേയും മിഷലിനേയും മുതുകില്‍ കയറ്റി ആനകളിക്കുകയായിരുന്നു ഇരുപിതാക്കന്മാരുടേയും വിനോദം. കുട്ടിക്കാലത്തുതന്നെ തുടങ്ങിയ ഇന്തോ-പാക് കിടാങ്ങളുടെ ചങ്ങാത്തവും അനുനിമിഷം വളരുന്നു.

മുഹമ്മദിന്റെ പത്നി സോബിയയും സലാരിയാസിന്റെ ഭാര്യ മധുവും ഒന്നിച്ചല്ലാതെ ഷോപ്പിംഗിനു പോകാറേയില്ല. കുടുംബങ്ങള്‍ പുറത്തു ഭക്ഷണം കഴിക്കാന്‍ പോകുന്നതും ഒന്നിച്ചു മാത്രം. ഭര്‍ത്താക്കന്മാര്‍ക്ക് തിരക്കാണെങ്കില്‍ ഈ വീട്ടമ്മമാര്‍ മക്കളെയും കൂട്ടിയാവും സിനിമയ്ക്കുപോലും പോകുക. രണ്ട് കുടുംബങ്ങള്‍ക്കും പഞ്ചാബിയും ഉറുദുവും ഹിന്ദിയും നന്നായി വഴങ്ങുന്നതിനാല്‍ ഭാഷപോലും ഇവര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ചമയ്ക്കുന്നില്ല. മുഹമ്മദിന് യുഎസിലേക്ക് സ്ഥലംമാറ്റവും പ്രൊമോഷനും ലഭിച്ചുവെങ്കിലും അദ്ദേഹം അതു നിരസിച്ചു. അങ്ങോട്ടു പോയാല്‍ അഷ്ടബന്ധമിട്ട് ഉറപ്പിച്ച രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ബന്ധമറ്റുപോകുമെന്ന ആശങ്കയാല്‍.

Eng­lish summary;Two Indo-Pak fam­i­lies say hearts have no bound­aries

You may also like this video;