Sunday
21 Jul 2019

മാലിന്യം ഇടിഞ്ഞുവീണ് ഡല്‍ഹിയില്‍ രണ്ട് മരണം

By: Web Desk | Friday 1 September 2017 10:27 PM IST


ഡല്‍ഹിയില്‍ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് രണ്ട് മരണം. ഡല്‍ഹിയിലെ ഗാസിപൂരിലാണ് ദാരുണ സംഭവം. മാലിന്യം ഇടിച്ചിറങ്ങി നാല് വാഹനങ്ങള്‍ സമീപത്തുള്ള കോണ്ടി കനാലില്‍ വീണതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.അഭിഷേക്(20),രാജകുമാരി(30) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മാലിന്യങ്ങള്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മാലിന്യങ്ങളില്‍ നിന്നുള്ള വിഷവാതകങ്ങള്‍ കൂടിക്കലര്‍ന്ന് സ്‌ഫോടനമുണ്ടായതായും പറയപ്പെടുന്നുണ്ട്.

റോഡിന് സമീപമുള്ള മാലിന്യമല വാഹനങ്ങള്‍ക്ക് മേല്‍ ഇടിഞ്ഞുവീണാണ് ആളുകള്‍ മരിച്ചത്. കൂടുതല്‍പേര്‍ മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നു. ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ശക്തമാക്കി. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1984 മുതല്‍ ഡല്‍ഹി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. 33 വര്‍ഷത്തോളം തുടര്‍ച്ചയായ നിക്ഷേപിച്ച മാലിന്യങ്ങള്‍ 50 അടിയോളം ഉയരത്തില്‍ ഏക്കര്‍കണക്കിന് സ്ഥലത്തായി ഇവിടെ കിടപ്പുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.