November 30, 2023 Thursday

പണപ്പെരുപ്പം നേരിടാന്‍ ഇനിയും വേണം രണ്ട് ലക്ഷം കോടി

Janayugom Webdesk
ന്യൂഡൽഹി
May 22, 2022 7:48 pm

പണപ്പെരുപ്പം നേരിടാന്‍ നടപ്പ് സാമ്പത്തിക വർഷം രണ്ട് ലക്ഷം കോടി രൂപ കൂടി കേന്ദ്രത്തിന് അധികമായി ചെലവഴിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ധനമന്ത്രി പ്രഖ്യാപിച്ച പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിളവിൽ നിന്ന് സർക്കാർ വരുമാനത്തിൽ ഒരു ലക്ഷം കോടി കുറവു വരുന്നതിന്റെ ഇരട്ടിയാണ് ഇതെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ഏപ്രിലിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. അതേസമയം മൊത്ത പണപ്പെരുപ്പം 17 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡി സർക്കാരിന് വലിയ തലവേദനയാകും. ‘ഞങ്ങൾ പണപ്പെരുപ്പം കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉക്രെയ്ൻ പ്രതിസന്ധിയുടെ ആഘാതം പ്രതീക്ഷിച്ചിനെക്കാള്‍ മോശമായിരുന്നു’ ഉദ്യോഗസ്ഥൻ പറഞ്ഞു.

അസംസ്കൃത എണ്ണയുടെ വിലവർന തുടരുകയാണെങ്കിൽ 1.5 ലക്ഷം കോടിയുടെ അധിക ഭാരം ഉണ്ടാകും. ഇതോടെ പെട്രോളിനും ഡീസലിനും ഒരു തവണ കൂടി നികുതിയിളവ് നൽകേണ്ടി വരും. ഇതിനായി വിപണിയിൽ നിന്ന് സർക്കാരിന് അധിക കടം വേണ്ടി വന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫെബ്രുവരിയിലെ ബജറ്റ് പ്രഖ്യാപനങ്ങളനുസരിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ 14.31 ലക്ഷം കോടി രൂപ കടമെടുക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. അധിക കടമെടുപ്പ് ഏപ്രിൽ‑സെപ്റ്റംബർ മാസങ്ങളിൽ ആസൂത്രണം ചെയ്ത 8.45 ലക്ഷം കോടിയുടെ വായ്പയെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Eng­lish summary;Two lakh crore is still need­ed to tack­le inflation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.