രണ്ട് നേതാക്കള്‍ രണ്ട്‌ സന്ദര്‍ശനങ്ങള്‍ രണ്ട്‌ചോദ്യങ്ങള്‍

Web Desk
Posted on August 25, 2019, 10:06 am

അജിത് എസ് ആര്‍

ത്രപറഞ്ഞാലും തീരാത്ത മഹാഗാഥയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം. പിളര്‍ന്ന് പിറന്ന രണ്ട് രാജ്യങ്ങള്‍! ഇന്ത്യാമഹാരാജ്യം സ്വതന്ത്രമായി വിഭജിക്കപ്പെട്ടതാണോ അതോ വിഭജിക്കപ്പെട്ട് സ്വതന്ത്രമായതാണോ എന്ന ചരിത്രകുതുകികളുടെ അന്വേഷണം ആവേശത്തോടെ ചെന്നെത്തി നോക്കുന്നത് കാശ്മീരിന്റെ മണ്ണിലാണ്. വെട്ടിമുറിക്കപ്പെട്ട ഒരു ദേശത്തിന്റെ തലവര കാലങ്ങളായി കരുതിവച്ചിരിക്കുന്ന താഴ്‌വാരം.

1947 ആഗസ്റ്റ് 14 അര്‍ധരാത്രിയാവുമ്പോള്‍ പോലും മുസ്ലീം മഹാഭൂരിപക്ഷമുള്ള കാശ്മീരിനെ ഏതുരാജ്യത്ത് ചേര്‍ക്കണമെന്ന് ഹിന്ദുരാജാവായ ഹരിസിംഗ് തീരുമാനമെടുത്തിരുന്നില്ല. ഒന്നിലും ചേരാതെ പാക്കിസ്ഥാനെയും ഇന്ത്യയെയും പോലെ ഒരു സര്‍വസ്വതന്ത്ര രാജ്യമായി നിലകൊള്ളാനായിരുന്നു രാജാവിന്റെതീരുമാനം. തിരുവിതാംകൂര്‍ രാജാവിന്റെയും സര്‍.സിപിയുടെയും അതേ ലൈന്‍. മൂക്ക്മുറിഞ്ഞ ദിവാന്‍ അതിര്‍ത്തിവിട്ട് ജീവനും കൊണ്ടോടിയതോടെയാണ് തിരുവിതാംകൂര്‍ സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായിമാറിയത്. പക്ഷെ കാശ്മീരില്‍ കഥ വ്യത്യസ്തമായിരുന്നു . കാശ്മീര്‍ രാജാവിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ കാശ്മീര്‍ ജനത തയ്യാറല്ലായിരുന്നു. അവര്‍ ഇന്ത്യന്‍ ദേശീയതക്കൊപ്പം ഒറ്റക്കെട്ടായി നിന്നു പോരാടി. രാജാവ് ഹിന്ദുവും ജനത മുസ്ലീങ്ങളും ആയതിന്റെ എല്ലാവിധ ‘ഗുണ’ങ്ങളും താഴ്വരയിലെ ഹിന്ദുത്വവാദികളും മുസ്ലീംവിഘടനവാദികളും ഒപ്പം പാക്കിസ്ഥാനും ആവോളം നുകര്‍ന്നുവെന്നുവേണം പറയാന്‍. ഈ സന്ദര്‍ഭത്തിലാണ് ഒരു പുത്തന്‍ കാശ്മീരി(ചലം ഗമവൊശൃ)നെ നിര്‍മ്മിച്ച് ഇന്ത്യക്കൊപ്പം ചേര്‍ക്കാനുള്ള മതനിരപേക്ഷ ശ്രമങ്ങള്‍ മുപ്പതുകളില്‍ കാശ്മീരില്‍ ആരംഭിക്കുന്നത്. അതിന്റെ ചുക്കാന്‍ പിടിച്ചതാവട്ടെ പ്രധാനമായും നാഷണല്‍ കോണ്‍ഫറന്‍സും അതിന്റെ നായകനായിരുന്ന ഷേയ്ക്ക്അബ്ദുള്ള (ഫറൂക്ക്അബ്ദുള്ളയുടെ പിതാവ്, ഒമര്‍ അബ്ദുള്ളയുടെ മുത്തച്ഛന്‍)യും, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും ഉറ്റമിത്രം. കാശ്മീരിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയകാലാവസ്ഥയുടെ സ്വാതന്ത്ര്യാനന്തര പരിസമാപ്തിയെന്നോണം ആദ്യ മന്ത്രിസഭയിലെ ‘കാശ്മീര്‍കാര്യ’മന്ത്രിയും ഭരണഘടനാനിര്‍മ്മാണ സഭാംഗവുമായ ഗോപാലസ്വാമി അയ്യങ്കാര്‍ 1949 ഒക്റ്റോബര്‍ 17ന് രൂപം കൊടുത്തവതരിപ്പിച്ചതാണ് കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ്.

370 ാം വകുപ്പ് ഒരുശരാശരി ഇന്ത്യക്കാരന്റെ രാഷ്ട്രീയ വര്‍ത്തമാനത്തില്‍ എന്നും കത്തിനിന്നിരുന്നതാണെങ്കില്‍ അത് ഇന്നവന്റെവര്‍ത്തമാന രാഷ്ട്രീയത്തില്‍ ആളിപ്പടര്‍ന്നിരിക്കുകയാണ്. ചരിത്രവിഭജനത്തിന്റെയും ചരിത്രസംയോജനത്തിന്റെയും സൂചിതാങ്കമായി 370 എന്ന അക്കം തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണഘടനയുടെ 370 ാം വകുപ്പിന് മേല്‍ നടത്തിയ ‘സര്‍ജിക്കല്‍ ഓപ്പറേഷ’ന്റെ ന്യായാന്യായങ്ങളോ സാധുതയോ അനിവാര്യതയോ അജണ്ടയോ ഒന്നുമല്ല ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത്. കാശ്മീര്‍ എന്ന നാട്ടുരാജ്യം 1947 ആഗസ്റ്റ് 15ന് ഇന്ത്യന്‍ യൂണിയനിലാണോ പാക്കിസ്ഥാനിലാണോ ചേരേണ്ടത് എന്ന അന്തിമ തീരുമാനമെടുക്കും മുമ്പ് രണ്ട് വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ അവിടം സന്ദര്‍ശിച്ച രണ്ട് ‘രാഷ്ട്രപിതാക്കന്‍‘മാരുടെ മുന്നില്‍ ഉയര്‍ന്നുവന്ന സമാനമായ രണ്ടുചോദ്യങ്ങളും അവരതിനു നല്‍കിയ ഒട്ടും സമാനതകളില്ലാത്ത രണ്ടുത്തരങ്ങളും പുതിയകാല പരിസരത്ത് ചേര്‍ത്തുവച്ച് വായിക്കുകയാണിവിടെ.
സന്ദര്‍ഭം1

കാശ്മീരിനെ പാക്കിസ്ഥാനോടൊപ്പം ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ 1944 മെയ് 10 മുതല്‍ജൂലൈ 25 വരെ പാക്കിസ്ഥാന്റെ നേതാവായ (ക്വയിദ്-ഈ-അസം) മുഹമ്മദ് അലി ജിന്ന കാശ്മീരിലെത്തി. സന്ദര്‍ശനവേളയില്‍ ജിന്ന നേരിട്ട രണ്ടുചോദ്യങ്ങളും അതിനു അദ്ദേഹം നല്‍കിയ ഉത്തരങ്ങളുമാണ് ആദ്യം .
ചോദ്യം: 1 കാശ്മീരിന്റെ ഭാവി ആരാണ് തീരുമാനിക്കേണ്ടത്? ജനങ്ങളല്ലേ അതിന്റെ വിധിയെഴുതേണ്ടത്?
ജിന്നയുടെ ഉത്തരം: (പുച്ഛത്തോടെ) ജനങ്ങളോ.… നരകത്തില്‍ ചെന്ന് നശിക്കട്ടെയവര്‍!
ചോദ്യം: 2 കാശ്മീരിലെ നേതാക്കളെക്കുറിച്ച് എന്താണഭിപ്രായം? പ്രത്യേകിച്ച് ഷേക്ക് അബ്ദുള്ളയെക്കുറിച്ച്?
ജിന്നയുടെ ഉത്തരം: (വെറുപ്പ് കലര്‍ന്ന സ്വരത്തില്‍) അയാളെന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അതയാളുടെ സ്വഭാവമായി മാറിയിട്ടുണ്ട്.
സന്ദര്‍ഭം: 2
കാശ്മീരില്‍ രാജാവും ജനങ്ങളും പരസ്പരം ശത്രുക്കളാവുകയും വര്‍ഗീയ സ്വഭാവമാര്‍ന്ന സംഘര്‍ഷങ്ങള്‍ കാശ്മീരിനെ പൊള്ളിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ സ്വാതന്ത്ര്യത്തിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ 1947 ആഗസ്റ്റ് 1 മുതല്‍ 4 വരെ സമാധാന സന്ദേശവുമായി ഗാന്ധിജി ആദ്യമായി കാശ്മീരിലെത്തി. കൗതുകകരമെന്നു പറയട്ടെ അദ്ദേഹത്തിനും അഭിമുഖീകരിക്കേണ്ടി വന്നത് ജിന്ന നേരിട്ട അതേചോദ്യങ്ങള്‍ തന്നെയായിരുന്നു. ഗാന്ധിജിയും പൊടുന്നനെത്തന്നെ ഉത്തരങ്ങള്‍ നല്‍കി. പക്ഷെ ഗാന്ധിജിയുടെയും ജിന്നയുടെയും ഉത്തരങ്ങള്‍ തമ്മിലുള്ള അകലം ലാഹോറും ഡല്‍ഹിയും തമ്മിലുള്ള ദൂരത്തേക്കാള്‍ കൂടുതലായിരുന്നു .
ചോദ്യം: 1 കാശ്മീരിന്റെ ഭാവി ആരാണ് തീരുമാനിക്കേണ്ടത്?
ഗാന്ധിജിയുടെ ഉത്തരം: (സംശയലേശമന്യേ) ജനങ്ങളാണ് തീരുമാനിക്കേണ്ടത്.
ചോദ്യം 2 ഷേക്ക് അബ്ദുള്ളയെപ്പോലുള്ള നേതാക്കളെ ജയിലിലടച്ചാല്‍…?
ഗാന്ധിജിയുടെ ഉത്തരം: ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയം പടുത്തുയര്‍ത്തുന്നത് നിര്‍ത്തണം. ജനത സ്വന്തംകാലില്‍ നില്‍ക്കണം.
ഇത് വെറും ഉത്തരങ്ങളല്ല. മറിച്ച് രണ്ട് രാജ്യങ്ങളുടെ സംസ്‌കൃതിയാണ്. ജന്മമെടുക്കാനിരിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടെ പിറവിക്കുറിപ്പാണിത്. രണ്ടിന്റെയും ഭാവിവര്‍ത്തമാനങ്ങളും അവകളിലുണ്ട്. ഒരു രാജ്യത്തിലെ ജനങ്ങള്‍ ഒന്നുമല്ലെന്നും വ്യക്തികള്‍ വെറുക്കപ്പടേണ്ടവരാണെന്നുമുള്ള സ്വേച്ഛാധിപത്യപാഠങ്ങള്‍ ഒരാള്‍ പഠിപ്പിക്കുമ്പോള്‍ ജനങ്ങളാണ് രാഷ്ട്രമെന്നും വ്യക്തിയല്ല രാജ്യമെന്നുമുള്ള ജനാധിപത്യവഴികളില്‍ മറ്റേയാള്‍ വെളിച്ചം വീശുന്നു. സ്വേച്ഛാഭരണത്തിന്റെയും ജനായത്ത ഭരണത്തിന്റെയും വിരുദ്ധപാഠങ്ങള്‍!

ഇനിയും രൂപപ്പെടാനിരിക്കുന്ന ഇരുരാജ്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്പങ്ങളാണ് ബോധപൂര്‍വ്വമായോ അല്ലാതെയോ ഇരുവരും പങ്കുവച്ചത്. ജനങ്ങളെയും ജനാധിപത്യത്തെയും സംബന്ധിച്ച രണ്ട് രാഷ്ട്രങ്ങളുയെും കാഴ്ചപ്പാടുകള്‍ ഈ ഉത്തരങ്ങളില്‍ സ്പഷ്ടമാണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഒരിക്കലും പാക്കിസ്ഥാന്‍ ചെയ്തതല്ല, ഇന്ത്യചെയ്തതെന്നും പാക്കിസ്ഥാന്‍ ചെയ്യുന്നതല്ല, ഇന്ത്യചെയ്യുന്നതെന്നും, പാക്കിസ്ഥാന്‍ ചെയ്യേണ്ടതല്ല, ഇന്ത്യചെയ്യേണ്ടതെന്നും ചരിത്രത്തിലിനിയും വായിക്കപ്പെടേണ്ട ഈ രണ്ടുസന്ദര്‍ഭങ്ങള്‍ എത്രയോ ആഴത്തില്‍ വിളംബരംചെയ്യുന്നു. 2019 ലെ ഇന്ത്യയെ കാശ്മീര്‍ ഓര്‍മ്മിപ്പിക്കുന്നതും ഇതൊക്കെത്തന്നെയാണ്.