24 April 2024, Wednesday

കൊച്ചി പോര്‍ട്ടിന്റെ രണ്ട് വമ്പന്‍ പദ്ധതികൾ അവസാനഘട്ടത്തിൽ

Janayugom Webdesk
കൊച്ചി
March 15, 2022 8:14 pm

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഗതിവേഗം കൈവരുത്താൻ ആവിഷ്കരിച്ച കൊച്ചി തുറമുഖ ട്രസ്റ്റിന്റെ രണ്ട് വമ്പൻ പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഫാക്ട് എന്നിവയാണ് പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ. സംസ്ഥാനത്തെ പാചകവാതക മേഖലയിൽ നിർണായകമായി മാറിയേക്കാവുന്ന മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ഈ വർഷം സെപ്തംബറിൽ പൂർത്തിയാകുമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 180 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ടെർമിനലിന്റെ നിർമാണം പൂർത്തിയായി. ജെട്ടിയുടെ ക്യാപിറ്റൽ ഡ്രഡ്ജിംഗ് മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. വരുന്ന സെപ്തംബറിൽ ഇത് പൂർത്തീകരിക്കും. 72.68 കോടി രൂപയാണ് ക്യാപിറ്റൽ ഡ്രെഡ്ജിങ്ങിന്റെ ചെലവ്. പദ്ധതി പൂർത്തിയാകുന്നതോടെ എൽപിജി രംഗത്ത് കേരളം സ്വയംപര്യാപ്തത കൈവരിക്കും. നിലവിൽ കേരളത്തിന് ആവശ്യമുള്ള എൽപിജിയുടെ 90 ശതമാനവും മംഗലാപുരത്ത് നിന്നാണ് എത്തിക്കുന്നത്. പുതുവൈപ്പിനിലെ എൽപിജി ഇംപോർട്ട് പ്ലാന്റിന് ഏറ്റവും അനിവാര്യമായിരുന്ന പദ്ധതിയാണ് കൊച്ചി തുറമുഖ ട്രസ്റ്റ് യാഥാർഥ്യമാക്കുന്നത്. ടെർമിനൽ കമ്മിഷൻ ചെയ്യുന്നതോടെ റോഡ് വഴിയുള്ള എൽപിജി നീക്കം ഒഴിവാക്കപ്പെടുകയും ചരക്കുനീക്ക ചെലവ്, റോഡപകടങ്ങൾ എന്നിവ കുറയുകയും ചെയ്യും. ബങ്കർ ഇന്ധനമടക്കം എല്ലാത്തരം പെട്രോളിയം ഉത്പന്നങ്ങളും ഇവിടെ കൈകാര്യം ചെയ്യാൻ സാധിക്കും. പാചകവാതക സിലിണ്ടറുകളുടെ റീഫില്ലിങ്ങിന് നേരിടുന്ന കാലതാമസവും ഒഴിവാകും. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കാലതാമസമില്ലാതെ എൽപിജി സിലിണ്ടറുകൾ എത്തിക്കാനും കഴിയും.
തുറമുഖ ട്രസ്റ്റിന്റെ രണ്ടാമത് പദ്ധതിയായ സൗത്ത് കോൾ ബെർത്തിന്റെ (എസ്‌സിബി) പുനർനിർമാണം അടുത്തവർഷം ഏപ്രിലിൽ പൂർത്തിയാകും. ഫാക്ടിന് ആവശ്യമായ അമോണിയ കൈകാര്യം ചെയ്യുന്നതിനായുള്ള സൗത്ത് കോൾ ബെർത്ത് 19.19 കോടി രൂപ ചെലവഴിച്ചാണ് പുനർനിർമ്മിക്കുന്നത്. ഇതിനാവശ്യമായ 50 ശതമാനം ഫണ്ടിംഗ് സാഗരമാല പദ്ധതി പ്രകാരം കേന്ദ്ര സർക്കാരും 25 ശതമാനം വീതം ഫാക്ടും കൊച്ചി പോര്‍ട്ട് ട്രസ്റ്റും വഹിക്കും. 1953 ൽ കമ്മീഷൻ ചെയ്ത സൗത്ത് കോൾ ബെർത്തിന്റെ നിലവിലെ ജെട്ടി പൂർണമായും നീക്കി ഇവിടെ കൂടുതൽ വിശാലമായ സൗകര്യങ്ങളോടെ പുതിയ ജെട്ടി നിർമിക്കും. പ്രധാനമായും ഫാക്ടിന് വേണ്ടിയാണ് നിർമിക്കുന്നതെങ്കിലും മറ്റ് കെമിക്കൽ, ലിക്വിഡ് കാർഗോ നീക്കങ്ങളും ആവശ്യമെങ്കിൽ അനുവദിക്കും. 1976 മുതൽ ഫാക്ട് എസ് സി ബി വഴി അമോണിയ ഇറക്കുമതി ചെയ്ത് വരുന്നു. ഇതിനകം 673 ഷിപ്മെന്റുകളിലായി 3.84 ദശലക്ഷം മെട്രിക് ടൺ അമോണിയ ഫാക്ട് ഇറക്കുമതി ചെയ്തു കഴിഞ്ഞു. എന്നാൽ ഫാക്ടിന് ആവശ്യമുള്ളതിന്റെ അൻപത് ശതമാനം അമോണിയയേ നിലവിൽ ലഭിക്കുന്നുള്ളൂ. സൗത്ത് കോൾ ബെർത്തിന്റെ പുനർനിർമാണം പൂർത്തിയാകുന്നതോടെ ഫാക്ടിന് ആവശ്യമായ അമോണിയ പൂർണതോതിൽ ലഭ്യമാക്കാൻ കഴിയും.

Eng­lish sum­ma­ry; Two major projects of Kochi Port are in the final stages

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.