പുഴ മുറിച്ച് കടക്കുന്നതിന്നിടയിൽ രാത്രി മുഴുവൻ മരത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

Web Desk
Posted on August 10, 2018, 6:38 pm
മാനന്തവാടി: കബനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളത്തിലായ വീട്ടിൽ നിന്നും ഇറങ്ങി പുഴ മുറിച്ച് കടക്കുന്നതിന്നിടയിൽ കുടുങ്ങി പോകുകയും രക്ഷക്കായി മരത്തിൽ കയറി നിൽക്കുകയും ചെയ്ത രണ്ട് പേരെ സാഹസികമായി രക്ഷപ്പെടുത്തി.
പാൽവെളിച്ചം കക്കേരി കോളനിയിലെ സുരേഷ്, നുജ്ഞൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്
വ്യാഴാഴ്ച രാത്രിയാണ് രണ്ട് പേരും പുഴ മുറിച്ച് കടക്കുന്നതിന്നിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
പുഴയിലുള്ള മരത്തിൽ പിടിച്ച് രക്ഷപ്പെട്ട ഇരുവരും മരത്തിൽ കയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സുരേഷിനെ നാട്ടുകാരും ഫയർഫോഴ്സും കുറുവ ഡിടിപിസി ജീവനക്കാരും ചേർന്ന് രക്ഷിച്ചു. എന്നാൽ പിന്നീട് പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടർന്ന് നുജ്ഞനെ രക്ഷിക്കാനായില്ല. ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെ നേവി സംഘമെത്തി നുജ്ഞനെ രക്ഷപ്പെടുത്തി. സുരേഷ് ഒരു രാത്രിയും നുജ്ഞൻ രാത്രിയും പകൽ സമയവും ജീവൻ പണയം വെച്ച് മരത്തിൽ കഴിയേണ്ടിവന്നു.