Janayugom Online
pampa njunungar bridge

വീടുശുചീകരണത്തിന് ശേഷം കുളിക്കാനിറങ്ങിയ 2 പേരെ ഒഴുക്കിൽ കാണാതായി

Web Desk
Posted on August 27, 2018, 11:03 pm
റാന്നി: പ്രളയ ദുരന്തത്തിന് പിന്നാലെ റാന്നിയില്‍ രണ്ടു പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി.  വൈകിട്ട് നാലുമണിയോടെയാണ് സംഭവം. രാമപുരം ക്ഷേത്രത്തിന് മുകളിലെ പമ്പാനദിയിലെ മുണ്ടപ്പുഴക്കടവില്‍ വീടുശുചീകരണത്തിന് ശേഷം കുളിക്കാനിറങ്ങിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.
അത്തിക്കയം കക്കുടുമണ്‍ കല്ലക്കുളത്ത് ജോസഫിന്‍റെ മകന്‍ സിബി ജോസഫ്(51),ഉതിമൂട് വയലത്തല സ്വദേശി കൊച്ചുകുളത്തില്‍ ജേക്കബ്ബിന്‍റെ മകന്‍ ലെസ്ബിന്‍ (16) എന്നിവരെയാണ് കാണാതായത്. അങ്ങാടി പേട്ടയിലെ സ്വര്‍ഗീയവിരുന്ന് പ്രാര്‍ത്ഥനാലയത്തിലെ വിശ്വാസികളുടെ നേതൃത്വത്തില്‍ മുണ്ടപ്പുഴ ഭാഗങ്ങളിലെ വീടുകള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഈ സംഘത്തില്‍ ശുചീകരണത്തിന് ശേഷം പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ നാല്‍വര്‍ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്.
രക്ഷപ്പെട്ട രണ്ടു പേര്‍ തിരിച്ചെത്തി സംഘത്തിലുള്ള മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. വലിയകാവ് ഓലിക്കല്‍ രൂപേഷ്,അങ്ങാടി താഴോംപടിക്കല്‍ റോജന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. രണ്ടു പേര്‍ ഒഴുകി പോവുന്നത് കണ്ടതായി പറഞ്ഞ പ്രകാരം ഉപാസന കടവിന് താഴെ പള്ളിക്കയത്തിലാണ് തിരച്ചില്‍ നടത്തിയത്. വെള്ളം കലക്കല്‍ വ്യാപിച്ച് കിടക്കുന്നതിനാല്‍ തിരച്ചില്‍ പ്രയാസകരമാണ്.  റാന്നി അഗ്നിശമന സേനയും, കോട്ടയത്തൂന്നെത്തിയ സ്കൂബാഡൈവിംഗ് ടീമും റാന്നി പൊലീസുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. സിബി അത്തിക്കയം കക്കുടുമണ്ണില്‍ വ്യാപാരിയാണ്. ഭാര്യ സിനി. മക്കള്‍ ജെഫ്രി,സ്നേഹ,മീര. പ്ലസ്ടു വിദ്യാര്‍ഥിയാണ് ലെസ്ബിന്‍