October 1, 2023 Sunday

കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് നാവികസേനയ്ക്കായി രണ്ട് ആന്റി സബ്മറൈന്‍ വാട്ടര്‍ക്രാഫ്റ്റുകള്‍ കൂടി

Janayugom Webdesk
കൊച്ചി
December 1, 2021 9:01 pm

കൊച്ചി കപ്പല്‍ശാല ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന രണ്ട് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളുടെ സ്റ്റീല്‍ — കട്ടിംഗ് ചടങ്ങ് നടന്നു. കപ്പല്‍ നിര്‍മ്മാണ പ്രക്രിയയുടെ ആദ്യപടിയായ സ്റ്റീല്‍ കട്ടിംഗിന്റെ ഉദ്ഘാടനം ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഓവര്‍സീയിംഗ് ടീമിലെ വാര്‍ഷിപ്പ് പ്രൊഡക്ഷന്‍ സൂപ്രണ്ട് കമ്മഡോര്‍ വി ഗണപതി നിര്‍വഹിച്ചു. ഇന്ത്യന്‍ നാവികസേനക്ക് കൊച്ചി കപ്പല്‍ശാല നിര്‍മിച്ചു നല്‍കുന്ന 8 കപ്പലുകളില്‍ നാലാമത്തെയും അഞ്ചാമത്തെയും കപ്പലുകളുടെ നിര്‍മാണ പ്രക്രിയക്കാണ് തുടക്കം കുറിച്ചത്. മുങ്ങിക്കപ്പലുകളുടെയും മറ്റ് നിരീക്ഷണ സംവധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ലക്ഷ്യം നേടാന്‍ കഴിയുന്ന ഈ അത്യാധുനിക ഷാലോ വാട്ടര്‍ക്രാഫ്റ്റുകള്‍ പൂര്‍ണമായും തദ്ദേശീയമായാണ് രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ആയുധ സാമഗ്രികളും ഉപകരണങ്ങളുമാണ് വാട്ടര്‍ക്രാഫ്റ്റില്‍ സ്ഥാപിക്കുക. തീരക്കടലിന്റെ അടിത്തട്ട് സമഗ്രമായി നിരീക്ഷിക്കുന്നതിനും വ്യോമനിരീക്ഷണ സംവിധാനങ്ങളുമായി കോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും കഴിവുണ്ട്. കടലിനടിയിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള ശേഷി ഈ വാട്ടര്‍ ക്രാഫ്റ്റുകള്‍ക്കുണ്ട്. തീരപ്രദേശങ്ങളില്‍ രാവും പകലും തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ഇവയെ നിയോഗിക്കാനാകും. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞു കയറുന്ന എയര്‍ക്രാഫ്റ്റുകളെ നിരീക്ഷിക്കാനും കടലിനടിയില്‍ മൈനുകള്‍ സ്ഥാപിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.
അത്യാധുനിക അത്യാധുനിക ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റംസ്, പ്രൊപ്പല്‍ഷന്‍ മെഷിനറി, ഓക്‌സിലറി മെഷിനറി, പവര്‍ ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മെഷിനറി, ഡാമേജ് കണ്‍ട്രോള്‍ മെഷിനറി എന്നിവ കപ്പലുകളില്‍ സജ്ജീകരിക്കും. ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ സൊസൈറ്റി നിയമങ്ങള്‍ക്കനുസൃതമായാണ് ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ മത്സര ടെണ്ടറിലൂടെയാണ് കൊച്ചി കപ്പല്‍ശാല ഇന്ത്യന്‍ നാവികസനേക്കായി എട്ട് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നിര്‍മിക്കുന്നതിനുള്ള 6,300 കോടിയുടെ കരാറില്‍ ഒപ്പുവെച്ചത്. 90 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി എട്ടു കപ്പലുകളും നാവികസേനക്ക് കൈമാറും. കൊച്ചിയില്‍ 310 മീറ്റര്‍ നീളമുള്ള ഡ്രൈ ഡോക്കും കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്‍ഡില്‍ ഷിപ്‌ലിഫ്റ്റ് അധിഷ്ഠിത ഷിപ്പ് റിപ്പയര്‍ യാര്‍ഡും ഉള്‍പ്പെടെ 2,800 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വിപുലീകരണ പദ്ധതികള്‍ കൊച്ചി കപ്പല്‍ശാല നടപ്പാക്കുന്നുണ്ട്. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, മുംബൈ, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ ഷിപ് റിപ്പയര്‍ യൂണിറ്റുകളും കൊച്ചി കപ്പല്‍ശാല നിര്‍മിച്ചുവരുന്നു. ചെറുതും ഇടത്തരവുമായ വെസലുകളുടെയും ഉള്‍നാടന്‍ ജലപാതകള്‍ക്കായുള്ള വെസ്സലുടെയും നിര്‍മ്മാണത്തിനായി കൊല്‍ക്കത്തയിലും കര്‍ണാടകയിലെ മാല്‍പെയിലും അനുബന്ധ കപ്പല്‍ശാലകളും കൊച്ചി കപ്പല്‍ശാല സ്ഥാപിക്കുന്നുണ്ട്. അടിക്കുറിപ്പ് കൊച്ചി കപ്പൽശാല ഇന്ത്യന്‍ നാവിക സേനക്കായി നിര്‍മിക്കുന്ന ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളുടെ സ്റ്റീല്‍ കട്ടിംഗിന് കമ്മഡോര്‍ വി ഗണപതി തുടക്കം കുറിക്കുന്നു.

Eng­lish Sum­ma­ry: Two more anti-sub­ma­rine water­craft for the Navy from the Cochin Shipyard

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.