സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളേജില്‍ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ തന്നെ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാവരും ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
കൊവിഡിനിടെ സിക്ക കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. മരണനിരക്ക് കുറവാണെങ്കിലും ഗർഭിണികളിലെ സിക്ക ബാധ കുഞ്ഞുങ്ങളിൽ ജനിതക വൈകല്യത്തിന് കാരണമാകും. അത് കൊണ്ട് ഗർഭിണികളിൽ പരിശോധന ശക്തമാക്കും. ഗർഭിണികളിൽ സ്കാനിംഗ് വ്യക്തമായി നടത്തി കുഞ്ഞുങ്ങൾക്ക് ജനിതകവൈകല്യങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്കക്ക് കാരണം. പനി, തലവേദന, ശരീരത്തിൽ പാടുകൾ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും മൂന്ന് മാസം വരെ വൈറസിന്റെ സ്വാധീനം നിലനിൽക്കും. ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവരും അവരുടെ പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
English summary; Two more confirmed with zika virus in kerala
You may also like this video;