webdesk

കണ്ണൂർ

November 24, 2020, 1:47 pm

കണ്ണൂരിൽ രണ്ട് LDF സ്ഥാനാർഥികൾ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Janayugom Online

web­desk

കണ്ണൂർ ജില്ലയിൽ രണ്ടു പഞ്ചായത്ത് വാർഡുകളിൽക്കൂടി എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കാങ്കോൽ– ആലപ്പടമ്പ് പഞ്ചായത്തിലെ 12ാം വാർഡിൽ സിപിഐഎമ്മിലെ പി എം വത്സല, ഏഴോം പഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഐ എമ്മിലെ കെ പി അനിൽകുമാർ എന്നിവർക്കാണ് എതിരാളികളില്ലാത്തതിനാൽ ഏകപക്ഷീയ ജയം.

ഇതോടെ ജില്ലയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം പതിനെട്ടായി. യുഡിഎഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ മൈമൂന പത്രിക പിൻവലിച്ചതോടെയാണ് പി എം വത്സല തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം പാനോത്ത് ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി അംഗമാണ്.

ഖാദി വർക്കേഴ്സ് യൂണിയൻ(സിഐടിയു) പെരിങ്ങോം ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയിലേക്ക് കന്നി മത്സരം. ഏഴോത്തും യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ കരീം പത്രിക പിൻവലിച്ചതാണ് കെ പി അനിൽകുമാറിന് എതിരില്ലാജയം സമ്മാനിച്ചത്. കഴിഞ്ഞ ഭരണസമിതിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന അനിൽകുമാർ സിപിഐ എം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും, സിഐടിയു മാടായി ഏരിയാ കമ്മിറ്റി അംഗവുമാണ്.

പാപ്പിനിശേരി റേഞ്ച് കള്ള് ചെത്തുതൊഴിലാളി യൂണിയൻ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. ആന്തൂർ നഗരസഭ ആറ്, തളിപ്പറമ്പ്, തലശേരി നഗരസഭകൾ ഒന്നുവീതം, മലപ്പട്ടം പഞ്ചായത്ത് അഞ്ച്, കാങ്കോൽ ആലപ്പടമ്പ് രണ്ട്, കോട്ടയം പഞ്ചായത്ത് ഒന്ന് എന്നിങ്ങനെ 15 വാർഡുകളിലാണ് നേരത്തേ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

you may also like this video