Web Desk

തളിപ്പറമ്പ്

October 29, 2020, 7:18 pm

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Janayugom Online
പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സംഭവത്തിൽ 2 പേരെ കൂടി  തളിപ്പറമ്പ ഡിവൈഎസ്പി ടി.കെ രത്‌നകുമാർ അറസ്റ്റ് ചെയ്തു. കാങ്കോൽ കാളീശ്വരം പുളുക്കൂൽ ഹൗസിൽ ദിലീപ്, കാങ്കോൽ കല്ലൻ ഹൗസിൽ സി പ്രജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതി കുപ്പോളിലെ കെ.രജീഷ്, മടക്കാംപൊയിൽ സ്വദേശി സുവർണ്ണൻ, കുപ്പോൾ സ്വദേശി പി വി വിനീഷ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പെൺകുട്ടിയെ ഏഴോളം പേർ പീഡനത്തിനു ഇരയാക്കിയതായി  പോലീസ് പറയുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള  അന്വേഷണമാണ് പീഡനവിവരം പുറത്ത് കൊണ്ടുവന്നത്.  മാനസിക സമ്മർദ്ദത്താൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി പോലീസ്   മട്ടന്നൂർ മഹിളാമന്ദിരത്തിൽ പാർപ്പിക്കുകയായിരുന്നു. അവിടെവച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും  പെരിങ്ങോം എസ് ഐ എം. ഇ രാജഗോപാലിന്റെ നേതൃത്വത്തിൽ  നടന്ന അന്വേഷണത്തിൽ 3 പേരെ പിടികൂടുകയും ചെയ്തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതിനാൽ  തുടരന്വേഷണം തളിപ്പറമ്പ  ഡിവൈഎസ്പിയുടെ സംഘം ഏറ്റെടുക്കുകയുമായിരുന്നു.   മുഖ്യപ്രതിയായ രജീഷാണ് പെൺകുട്ടിയെ  ആദ്യം പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇയാൾ മറ്റുള്ളവരോട് പീഡനവിവരം പറയുകയും അവരും കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ആദ്യം ഒരാൾ മാത്രമാണ് പീഡിപ്പിച്ചതെന്ന് പെൺ കുട്ടി മൊഴി നൽകിയെങ്കിലും തുടർന്ന് വനിതാ പോലീസിന്റെ
സാന്നിധ്യത്തിൽ മൊഴി എടുക്കുകയും ചെയ്തതോടെയാണ്  കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ഇന്ന് പിടിയിലായ പ്രജിത്ത്  സുഹൃത്തായ ദിലീപിന്റെ ഓട്ടോയിൽ കയറ്റി പെൺകുട്ടിയെ അരവഞ്ചാലിൽ എത്തിക്കുകയും ആളൊഴിഞ്ഞ പറമ്പിൽ വെച്ച്  ഉച്ചവരെ പീഡനത്തിനു ഇരയാക്കുകയും ചെയ്തിരുന്നു. കൂട്ട ബലാൽസംഗ കേസിൽ ഇതുവരെ 5 പേരെ പോലീസ് പിടികൂടി. ബാക്കിയുള്ള പ്രതികളായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഡിവൈഎസ്പിയുടെ അന്വേഷണ സംഘത്തിലെ എസ് ഐ എൻ.കെ ഗിരീഷ്, ക്രൈം സ്കോഡ് അംഗങ്ങളായ ടി.കെ ഗിരീഷ്, സുരേഷ് കക്കറ, വനിതാ സിവിൽ പോലീസ് ഓഫീസർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.