Web Desk

January 09, 2020, 9:10 am

യുഎസ് എംബസിയ്ക്ക് സമീപം ഇറാന്റെ റോക്കറ്റ് ആക്രമണം

Janayugom Online

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും ഇറാന്റെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയുടെ നൂറ് മീറ്റര്‍ ദൂരത്തായാണ് റോക്കറ്റ് പതിച്ചത്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് ഇറാന്റെ റോക്കറ്റ് ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ എംബസി മേഖലയില്‍ റോക്കറ്റ് ആക്രമണം ഉണ്ടായത്. തുടര്‍ച്ചയായി രണ്ട് വലിയ സ്‌ഫോടനശബ്ദങ്ങള്‍ ഈ മേഖലയില്‍ നിന്ന് കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

”രണ്ട് കത്യുഷ റോക്കറ്റുകൾ ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ല”, എന്ന് ഇറാഖിലെ സഖ്യസേനാ കമാൻഡർമാർ വ്യക്തമാക്കിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാഖിൽ അമേരിക്കൻ സൈന്യവും സഖ്യസൈന്യവും തമ്പടിച്ചിരുന്ന അൽ അസദ്, ഇർബിൽ എന്നീ സൈനിക വിമാനത്താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാൻ വീണ്ടും ഇറാഖിലെ അതീവസുരക്ഷാ മേഖലയിൽ കയറി റോക്കറ്റാക്രമണം നടത്തുന്നത്.

Eng­lish Sum­ma­ry: Two rock­ets hit near US embassy.