Web Desk

January 13, 2021, 4:15 am

സുപ്രീം കോടതി നിലപാടിന്റെ ഇരുവശങ്ങൾ

Janayugom Online

ന്നരമാസത്തിലധികമായി പ്രക്ഷോഭരംഗത്തുള്ള കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് പരമോന്നത കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തടഞ്ഞിരിക്കുകയാണ്. എന്നാൽ താല്ക്കാലികമായ സ്റ്റേയല്ല നിയമം പൂർണമായും പിൻവലിക്കുകയെന്നതാണ് പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ആത്യന്തികമായ ആവശ്യം. അതുകൊണ്ട് നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത വിധിയും കോടതി നടത്തിയ പരാമർശങ്ങളും ഉൾക്കൊണ്ട് നിയമം പൂർണമായും പിൻവലിക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. താല്ക്കാലിക സ്റ്റേയും നിയമം സംബന്ധിച്ച് പരിശോധിക്കാനുള്ള പ്രത്യേക സമിതിയും പ്രശ്നപരിഹാരത്തിനുള്ള മാർഗമല്ല. നിയമം പൂർണമായും പിൻവലിക്കണമെന്ന ആവശ്യത്തിലൂന്നിയാണ് കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. സ്റ്റേ നല്കിയ നടപടി സ്വാഗതം ചെയ്തുവെങ്കിലും നിയമങ്ങൾ പൂർണമായും പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് ആദ്യപ്രതികരണത്തിൽ കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രത്യേക സമിതിയെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്നും അംഗങ്ങളെ മാറ്റിയാലും സമിതിക്കു മുമ്പാകെ ഹാജരാകില്ലെന്നും കർഷകനേതാക്കൾ നിലപാടെടുത്തിട്ടുണ്ട്. പരമോന്നത കോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങളെ സംബന്ധിച്ചും സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നാലുപേരും വ്യക്തിപരമായി കാർഷിക കരിനിയമങ്ങളെ അംഗീകരിക്കുന്നവരാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. അതുകൊണ്ടുതന്നെ സമിതി രൂപീകരണത്തിന്റെ സദുദ്ദേശ്യവും വിശ്വാസ്യതയും സംശയാസ്പദമാകുന്നുണ്ട്.

എങ്കിലും രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കുള്ള തിരിച്ചടിയാണ്. വളരെ രൂക്ഷമായ ഭാഷയിൽ കോടതി നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാണ്. അപൂർവങ്ങളായ ഘട്ടങ്ങളിലൊഴികെ ഇതിന് മുമ്പ് ഇത്രയും നിശിതമായി ഒരു സർക്കാരും കോടതി മുറിയിൽ വിമർശിക്കപ്പെട്ടിട്ടില്ല. എന്നാൽ അപ്പോഴും അതിവൈകാരികമായ വിമർശനങ്ങളിൽ ഈ പ്രശ്നം ഉന്നയിക്കുന്ന യഥാർത്ഥ വിഷയങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഇത്തരം നിയമങ്ങൾ സംസ്ഥാനങ്ങളുടെ പരിധിയിൽ കൈകടത്തിയുള്ളതാണ് തുടങ്ങിയവിഷയങ്ങൾ പരിശോധിക്കാനല്ല കോടതിതയ്യാറായതെന്നത് കൗതുകകരവുമാണ്.

നവംബർ 26 നാണ് കർഷകർ ഡൽഹിയിലെ അതിർത്തികളിൽ പ്രക്ഷോഭവുമായെത്തിയത്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ നടത്തിയ മൂന്ന് മാസത്തോളം നീണ്ട സമരത്തെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിച്ചതു കൊണ്ടാണ് കർഷകർ പ്രക്ഷോഭത്തിന്റെ വേദി ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കർഷകർ ഡൽഹിയിലെത്തുന്നത് തടയുന്നതിന് വഴികളിലെല്ലാം മാർഗ തടസങ്ങൾ സൃഷ്ടിച്ചു. ബാരിക്കേഡുകൾക്കു പുറമെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച് പിന്തരിപ്പിക്കാനും ശ്രമങ്ങളുണ്ടായി. എന്നിട്ടും തളരാതെ മുന്നേറി ഡൽഹി അതിർത്തിവരെ എത്തിയ കർഷകരെ ഖലിസ്ഥാൻ ഭീകരവാദവുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും സർക്കാരിന്റെയും അവരുടെ പിണിയാളുകളായ ചില മാധ്യമങ്ങളുടെയും ഭാഗത്തുനിന്നുണ്ടായി. എന്നാൽ അതിനെയും അവഗണിച്ചാണ് കർഷകസമരം ഒന്നരമാസത്തിലധികമായി ഡൽഹിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. പലവട്ടം കർഷകരെ ചർച്ചക്കുവിളിച്ച് പ്രഹസനം നടത്തി. നൂറോളം പേരുടെ രക്തസാക്ഷിത്വമുണ്ടായിട്ടും തണുപ്പും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് കർഷക സമരം മുന്നേറി. ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നു മാത്രമല്ല രാജ്യത്തിന്റെയാകെയും ലോകത്തിന്റെ പല കോണുകളിൽ നിന്നുമുള്ള പിന്തുണയോടെ പ്രക്ഷോഭം ഇന്ത്യ മുഴുവൻ പടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈയൊരു പശ്ചാത്തലത്തിലാണ് കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരമോന്നത കോടതി പരിഗണിച്ചത്. ഒപ്പം സമരം അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്ന ഹർജിയും പരിഗണിച്ചു.

നിയമങ്ങൾ കർഷകർക്ക് ഗുണപ്രദമാണെന്ന സർക്കാരിന്റെ വാദത്തെ കോടതി ഖണ്ഡിച്ചത് നിയമത്തെ പിന്തുണച്ചുകൊണ്ട് ഒരു ഹർജിപോലും പരിഗണനയ്ക്കു വന്നില്ലല്ലോയെന്ന ചോദ്യവുമായാണ്. നിശിതമായ പരാമർശങ്ങളും സുപ്രീം കോടതിയിൽനിന്ന് സർക്കാരിനെതിരെയുണ്ടായി. എന്നാൽ പാർലമെന്റ് പാസാക്കിയ നിയമം പരിശോധിക്കുന്നതിന് സമിതിയെ നിയോഗിച്ച കോടതി നടപടി ദുരൂഹവും ജനാധിപത്യ പ്രക്രിയയ്ക്കുമേലുള്ള കടന്നുകയറ്റവുമായി വ്യാഖ്യാനിക്കാവുന്നതാണ്. അത്തരം പരിശോധനകൾ നടത്തേണ്ടത് പാർലമെന്ററി തലത്തിലാണ്. അതിന് അവസരം നല്കിയില്ലെന്നും ആരുമായും ചർച്ച നടത്തിയില്ലെന്നും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയ കോടതി നിയമത്തെ അംഗീകരിക്കുന്ന നാലുപേരെ തന്നെ സമിതിയംഗങ്ങളായി നിയോഗിച്ചത് സംശയാസ്പദമാണ്. പ്രക്ഷോഭം അവസാനിപ്പിച്ച് സർക്കാരിന് സമയം നല്കാനുള്ള കോടതിയുടെ തന്ത്രമാണ് ഇതെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉണ്ടായിട്ടുണ്ട്. സർക്കാർ കോടതിയെ ഉപയോഗിച്ച് സമിതി രൂപീകരിക്കുകയാണോയെന്ന സംശയവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ പൂർവകാല നടപടികൾ പരിശോധിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അത്തരം നടപടികളുണ്ടാകുമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ സാധിക്കുകയില്ല. കർഷകരെ മാത്രമല്ല ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയെയും ബാധിക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുകയെന്ന ഒരൊറ്റ അജണ്ടയ്ക്കു മാത്രമേ ഇനി പ്രസക്തിയുള്ളൂ.