ശ്രീനഗറിൽ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

Web Desk
Posted on June 17, 2019, 2:19 pm

ശ്രീനഗര്‍: അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. രഹസ്യ വിവരത്തെതുടര്‍ന്ന് അചാബല്‍ ഏരിയയിലെ ബിദൂര ഗ്രാമത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തവേയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ സുരക്ഷാസേന തിരിച്ചടി തുടങ്ങി.

ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശം വളഞ്ഞ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇവര്‍ ഏത് ഭീകരവാദ സംഘടനയില്‍ ഉള്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതും പരിശോധിച്ച്‌ വരികയാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.