കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു: രക്ഷാപ്രവർത്തനം തുടരുന്നു

Web Desk
Posted on October 26, 2019, 8:38 am

തിരുച്ചിറപ്പള്ളി: കളിക്കുന്നതിനിടെ കുഴൽക്കിണറിൽവീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകൻ സുജിത്താണ് കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറില്‍ വീണത്. 26 അ​ടി ആ​ഴ​ത്തി​ല്‍ കു​ട്ടി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി​ കാ​മ​റ ഉ​പ​യോ​ഗി​ച്ച്‌​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തിയിരുന്നു.

പത്തടി താഴ്ചയില്‍ പാറയുള്ളതിനാല്‍ കിണറിന് സമീപം സമാന്തര കിണര്‍ കുഴിച്ച്‌ കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇന്നലെ രാത്രി നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ കുട്ടിയുടെ കൈയില്‍ കുരുക്കിട്ട് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വഴുതി പോയി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് പതിവുപോലെ കളിക്കുകയായിരുന്നു കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്കുവീണ കുട്ടി താഴ്ചയില്‍ കുടുങ്ങിക്കിടന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്ന് കരച്ചില്‍ കേൾക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിതി സങ്കീർണമാണെന്ന് കണ്ടതോടെ കൂടുതൽ രക്ഷാസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്.