മീനെന്ന് കരുതി നോക്കി, കണ്ടത് കുഞ്ഞിക്കൈകൾ: മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരിയ്ക്ക് രക്ഷകരായി മീൻ പിടിക്കാനെത്തിയ യുവാക്കൾ

Web Desk
Posted on November 11, 2019, 8:24 am

ആലപ്പുഴ;കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരിയ്ക്ക് രക്ഷകരായി മീൻ പിടിക്കാനെത്തിയ രണ്ട് യുവാക്കൾ. സഫിന ഫാത്തിമ എന്ന കുഞ്ഞിനെയാണ് ബാലു, സുനിൽ എന്നീ യുവാക്കൾ ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തിയത്. ആലപ്പുഴ മുഹമ്മയിലാണ് സംഭവം, കുളത്തിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു ബാലുവും സുനിലും. വെള്ളത്തിൽ അനക്കം കണ്ട് മീനാണെന്നു കരുതി നോക്കുകയായിരുന്നു. എന്നാൽ മീനിന് പകരം അവർ കണ്ടത്ത് ഒരു കുഞ്ഞിക്കൈ ആണ്. അതിർത്തിവേലി പൊളിച്ച് കുളത്തിലേക്ക് എടുത്തുചാടി ഇവർ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

മണ്ണഞ്ചേരി കാവുങ്കൽ രണ്ടാംവാർഡ് വടക്കേ തൈയിൽ നിഷാദിന്റെയും ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഓഫീസിലെ വനിത സിവിൽ എക്സൈസ് ഓഫീസർ സൗമിലയുടെയും മകളാണ് സഫിന ഫാത്തിമ. മൂന്ന് മക്കളുള്ള ദമ്ബതിമാരുടെ ഇരട്ടകളിൽ ഒരാളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.

കാവുങ്കലിൽ സ്ഥിരതാമസമാക്കിയ ചെറുകോട് വീട്ടിൽ ബാലുവും അനന്തരവൻ മുഹമ്മ ആര്യക്കര ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ എസ്. സുനിലും ചൂണ്ടയുമായി സൈക്കിളിൽ വരുമ്ബോഴാണ് കുളത്തിൽ അനക്കം കാണുന്നത്.