തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ എട്ടേകാൽ കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് പിടികൂടി. നെടുങ്കണ്ടം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നെടുങ്കണ്ടം ചിന്നപച്ചടി വട്ടത്തറയിൽ അഭിലാഷ് (38), ചതുരംഗപ്പാറ ഈന്തുങ്കൽ ബിജു (40) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് വൈകുന്നേരം 7.45 ഓടെ പാലാർ പള്ളിപടിക്ക് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് നെടുങ്കണ്ടം മേഖലയിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും എത്തിച്ചു നൽകുന്നതായി ആരോപണം ഉയർന്നിരുന്നു. കുറെ ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു.
കഴിഞ്ഞ ദിവസം പോലീസിന് കഞ്ചാവ് കടത്തുന്നതുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ഫോൺ നമ്പരുകളും പോലീസ് പരിശോധിച്ചു വരുകയായിരുന്നു. എട്ടേകാൽ കിലോ കഞ്ചാവ് രണ്ട് ലക്ഷം രൂപ വില സമ്മതിച്ച് വിൽപ്പന നടത്താൻ ധാരണ ആയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രതികൾ കമ്പംമെട്ട് വഴി കഞ്ചാവ് കടത്തിയത്. ഇതേ തുടർന്ന് ഇന്ന് രാവിലെ മുതൽ കമ്പംമെട്ട് — നെടുങ്കണ്ടം, കമ്പംമെട്ട് — ഉടുമ്പൻചോല എന്നീ റൂട്ടുകളിൽ മഫ്തിയിൽ പോലീസ് ഉണ്ടായിരുന്നു. വൈകുന്നേരം ഓട്ടോറിക്ഷയിൽ ചാക്കിനുള്ളിൽ കഞ്ചാവ് കടത്തുമ്പോളാണ് പ്രതികളെ പിടികൂടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.