ചൈനയെ തകര്‍ത്തെറിഞ്ഞ് ലൈക്കിമ ചുഴലിക്കാറ്റ്: മരണം 32 ആയി

ഷാങ്ഹായ്: ചൈനയില്‍ വ്യാപക നാശനഷ്ടം വിതച്ച് തുടരുന്ന ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 32 കടന്നു. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പതിനായിരക്കണക്കിനു പേര്‍ക്കാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായത്.
മണിക്കൂറില്‍ 187 കി.മീറ്റര്‍ വേഗത്തിലാണ് ശനിയാഴ്ച വെന്ലിങ്ങില് ലെക്കിമ ആഞ്ഞടിച്ചത്. ലെക്കിമ തെക്കന്‍ ഷാങ്ഹായിലെത്തിയപ്പോള്‍ മണിക്കൂറില്‍ 400 കി.മീറ്ററായിരുന്നു വേഗം. ഞായറാഴ്ച 10 പേരുടെ മരണംകൂടി സ്ഥിരീകരിക്കപ്പെട്ടിരുന്നെങ്കിലും അത് ലെക്കിമ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതാണോ എന്ന് ഉറപ്പായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വെന്‍ഷു നഗരസഭയില്‍ മാത്രം 18 പേരുടെ ജീവനാണ് മണ്ണിടിച്ചിലില്‍ അപഹരിക്കപ്പെട്ടത്. 10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ലെകിമയുടെ സംഹാരതാണ്ഡവത്തില്‍ ആയിരക്കണക്കിനു വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം താല്‍ക്കാലികമായി തടസപ്പെട്ടു. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ തീരപ്രദേശത്തെ കെട്ടിടങ്ങള്‍ ഭീഷണിയിലാണെന്ന് സിന്‍ഹുവ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസ്നിലാന്റ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്.
3,023 വിമാനങ്ങള്‍ റദ്ദാക്കി. ചില ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതിവേഗ മാഗ്നറ്റിക് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ലെകിമ ഇപ്പോള്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.