Saturday
16 Feb 2019

മോഡിക്ക് ജാതിചിന്ത, ദളിത് വിരുദ്ധന്‍: രാഹുല്‍ ഗാന്ധി

By: Web Desk | Monday 9 April 2018 8:02 PM IST

ന്യൂഡല്‍ഹി: മോഡിക്ക് ജാതി ചിന്തയാണെന്നും ദളിത് വിരുദ്ധ നയങ്ങളാണ് മോഡിക്കുള്ളതെന്നും രാഹുല്‍ ഗാന്ധി. ബിജെപിയുടെ നിലപാടുകള്‍ ദളിതരെ അടിച്ചമര്‍ത്തുന്നതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്ഘട്ടില്‍ നടന്ന ഏകദിന  നിരാഹാര സത്യഗ്രഹ സമരത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ ദളിത് വിരുദ്ധത പരസ്യമാണ്. ജാതി വിവേചനം, വര്‍ഗീയ വിവേചനം, ഭിന്നിപ്പ് എന്നിവയാണ് മോഡി സര്‍ക്കാരിന്‍റെ ഡിഎന്‍എയിലുള്ളതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തില്‍ വിഭാഗീയത കൊണ്ടുവരുന്നതിനാണ് മോഡിയടക്കമുള്ള ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും ദളിതര്‍ക്കും ആദിവാസി വര്‍ഗങ്ങള്‍ക്കുമെതിരായുള്ള നയങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

2019ല്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദിവാസി- ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുന്നതുവരെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കോണ്‍ഗ്രസ് സമരവേദിയില്‍നിന്ന് സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ നേതാക്കളെ പുറത്താക്കി. ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരെയാണ് ഡല്‍ഹി രാജ്ഘട്ടിലെ ഉപവാസ പ്രതിഷേധ വേദിയില്‍നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദിയിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു പുറത്താക്കല്‍. വേദിയില്‍നിന്നു പുറത്താക്കിയ നേതാക്കളോട് പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണു സൂചന.

1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുടെ വധത്തിനുശേഷം നടന്ന സിക്ക് വിരുദ്ധ കൂട്ടക്കൊലകളില്‍ ആരോപണവിധേയരാണ് ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍ കുമാറും. എന്നാല്‍ വേദിയില്‍നിന്നു തന്നെ പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ എല്ലായ്‌പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും ടൈറ്റ്‌ലര്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി തന്നെ സ്വീകരിക്കില്ലെന്ന് ആരാണ് പറഞ്ഞതെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ടൈറ്റ്‌ലര്‍ ചോദിച്ചു.

മുന്‍ എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനൊപ്പം വേദിയില്‍ ഇരിക്കേണ്ടതില്ലെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും ഒഴിവാക്കിയതെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതുകൊണ്ടാണ് വേദിയില്‍ നേതാക്കള്‍ക്കു നിബന്ധനകള്‍ നിശ്ചയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സത്യഗ്രഹം, പ്രകടനം മാത്രമാണെന്ന് ബിജെപി. രാജ്യവ്യാപകമായി നടത്തുന്ന സത്യഗ്രഹത്തിന് മുന്നോടിയായി വിഭവ സമൃദ്ധമായി കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്നതിന്‍റെ ദൃശ്യങ്ങളുമായാണ് ബിജെപി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.  സത്യാഗ്രഹത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ സമരപ്പന്തലിന് സമീപമുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി ബിജെപി നേതാവ് ഹരീഷ് ഖൗരാന പറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബട്ടൂര കഴിക്കുന്ന ചിത്രവും ഖൗരാന പുറത്തുവിട്ടിരുന്നു.
ഇത് രാവിലെ കഴിച്ചതിന്‍റെ ചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പ്രതികരിച്ചു.
രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലര വരെയാണ് സത്യഗ്രഹ സമരം. ഇത് ഒരു അനിശ്ചിത കാല നിരാഹാരമല്ലെന്നും അരവിന്ദര്‍ സിങ് ഇതിനോട് പ്രതികരിച്ചു. രാജ്യത്ത് നടക്കുന്നതെന്തെന്ന് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ കഴിക്കുന്നത് നോക്കി നടക്കുകയാണ് ബിജെപി എന്നും അരവിന്ദര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന രാജ് ഘട്ടിലെ സത്യഗ്രഹ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന ഘാര്‍ഗെ, ഷീല ദീക്ഷിത്, അശോക് ഗേഹ്ലോട്ട്, അജയ് മാക്കന്‍ എന്നിവരും പങ്കെടുത്തു.

Related News