Web Desk

ന്യൂയോർക്ക്:

September 01, 2020, 8:09 pm

പ്രതിഷേധവേധിയായി യുഎസ് ഓപ്പൺ

Janayugom Online

മാർച്ച് മാസത്തിൽ കെന്റക്കിയിലെ അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തിയ പൊലീസുകാരുടെ വെടിയേറ്റ് മരിച്ച ആഫ്രിക്കൻ-അമേരിക്കൻ നഴ്സായ ബ്രിയോണ ടെയ്ലറുടെ പേരെഴുതിയ മാസ്ക് ധരിച്ച് വർണ്ണവിവേചനത്തിനെതിരെ തന്റെ പ്രതിഷേധം രേഖപ്പെടുത്തി നവോമി ഒസാക്ക. യു. എസ് ഓപ്പണിന് തൊട്ടുമുമ്പ് അമേരിക്കയിലെ വർണ്ണ വിവേചന അക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചാണ് ഒസാക്ക രംഗത്തു വന്നിരുന്നു. അതിന്റെ ബാക്കിയെന്നോണമാണ് ലോക ടെന്നീസ് പ്രേമികൾ ഉറ്റു നോക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിൽ തന്റെ മത്സരത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. കളിക്കിടെ കറുത്ത മാസ്ക് ധരിച്ചാണ് ഒസാക്കാ മത്സരത്തിനിടയിൽ തന്റെ പ്രതിഷേധം അറിയിച്ചത്. വരു ദിവസങ്ങളിൽ തന്റെ മത്സരങ്ങളിൽ ഇത്തരം ക്രൂരതയ്ക്ക് ഇരയാവേണ്ടി വന്നവരുടെ പേരുകൾ എഴുതിയ മാസ്കുമായി താൻ കളത്തിലെത്തുമെന്നും താരം പറ‍ഞ്ഞു. വർണ്ണവെറിക്കെതിരെ ഒരു അവബോധം വളർത്താൻ താൻ ആഗ്രഹിക്കുന്നതായി ഒസാക്ക പറഞ്ഞു.

യുഎസ് ഓപ്പൺ വനിത സിംഗിൾസിൽ നവോമി ഒസാക്ക രണ്ടാം റൗണ്ടിൽ കടന്നു. ജപ്പാന്റെ തന്നെ സഹതാരം മിസാക്കി ഡോയിക്കെതിരെ മൂന്ന് സെറ്റുകളിച്ചാണ് ഒസാക്ക ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 6–2ന് നേടിയ ഒസാക്കയെ ഞെട്ടിച്ച് ഡോയി 5–7ന് രണ്ടാം സെറ്റ് പിടിച്ചെടുത്തു. എന്നാൽ മൂന്നാം സെറ്റിൽ കരുത്തോടെ തിരിച്ചടിച്ച ഒസാക്ക 6–2ന് സെറ്റും മത്സരവും തന്റെ പിടിയിലാക്കി.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും മൂന്നു തവണ കിരീടം സ്വന്തമാക്കിയ സെർബിയൻ സൂപ്പർ താരം നൊവാക് ജോകോവിച്ച് ജയത്തോടെ ടൂർണമെന്റിൽ തന്റെ വരവറിയിച്ചു. ബോസ്നിയ ആന്റ് ഹെർസെഗോവിനയുടെ ദാമിർ സുംഹുറിനെയാണ് ജോകോവിച്ച് നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയത്. സ്കോർ: 6–1,6–4,6–1.

ഈ വർഷം ഉജ്ജ്വല ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ജോകോവിച്ചിന്റെ തുടർച്ചയായ 24ാമത്തെ വിജയമാണിത്. എടിപി കപ്പ്, ഓസ്ട്രേലിയൻ ഓപ്പൺ, ദുബായ്, സിൻസിനാറ്റി തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കിയാണ് ജോകോവിച്ച് വിജയകുതിപ്പ് തുടരുന്നത്. ഹാർഡ് കോർട്ടിലായിരുന്നു സെർബിയൻ സൂപ്പർ താരം ഈ വർഷം എല്ലാ കളികളിലും വെന്നിക്കൊടി പാറിച്ചത്.

രണ്ടാം റൗണ്ടിൽ ജോകോവിച്ച് ബ്രിട്ടന്റെ കൈൽ എഡ്മുണ്ടിനെ നേരിടും. അലെക്സാണ്ടർ ബ്യുബ്ലിക്കിനെ ആദ്യ റൗണ്ടിൽ ഒന്നിനെതിരേ രണ്ടു സെറ്റുകൾക്കു തോൽപ്പിച്ചതിന്റെ ആശ്വാസത്തിലാണ് എഡ്മുണ്ട് രണ്ടാം റൗണ്ടിലെത്തുന്നത്. ആദ്യ ടെസ്റ്റ് 2–6നു കൈവിട്ട എഡ്മുണ്ട് തുടർന്നുള്ള സെറ്റുകളിൽ 7–5,7–5,6–0നു ജയിച്ചു കയറി. എഡ്മുണ്ടിനെതിരേ മികച്ച റെക്കോർഡാണ് ജോകോവിച്ചിനുള്ളത്. ഇതുവരെ ആറു തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ജയം ലോക ഒന്നാം നമ്പറിനായിരുന്നു.മറ്റ് മത്സരങ്ങളിൽ അലിസൺ റിസ്കേ 6–3,6–2ന് താതജാനേ മരിയയേയും ജെന്നിഫർ ബ്രാഡി 6–3,6–2ന് അന്ന ബ്ലിങ്കോവയേയും തോൽപ്പിച്ചു.

ENGLISH SUMMARY: U.S. Open in protest

YOU MAY ALSO LIKE THIS VIDEO