ഇന്ത്യ സന്ദർശനം: അതിർത്തിയിൽ സമവായത്തിന് ശ്രമിക്കുമെന്ന് യുഎസ്

Web Desk

ന്യൂഡൽഹി‍

Posted on October 23, 2020, 4:21 pm

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പറും നടത്താനിരിക്കുന്ന ഇന്ത്യ സന്ദർശന വേളയിൽ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് യുഎസ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിനിടെ, ചൈനയും ഇന്ത്യയും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന സന്ദർശനത്തെ കുറിച്ച് ചോദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. യാഥാർഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്യും. മേഖലയിലെ സഥിതിഗതികൾ യുഎസ് നിരീക്ഷിച്ചുവരികയാണ്. പ്രശ്നപരിഹാരത്തിന് ചൈനയും ഇന്ത്യയും ആഗ്രഹിക്കുന്നുണ്ടെന്നാെണ് കരുതുന്നതെന്നും നിർണായക സൈനിക കരാറുകൾക്ക് അന്തിമരൂപം നൽകാനുള്ള ശ്രമത്തിലാണ് ഇരുപക്ഷവുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ചയാണ് ഇന്ത്യൻ മന്ത്രിമാരോടൊപ്പം മൂന്നാമത് വാർഷിക യുഎസ്-ഇന്ത്യ 2+2 മന്ത്രിതല ചർച്ചക്കായി മൈക്ക് പോംപിയോയും മൈക്ക് എസ്പറും ഇന്ത്യ സന്ദർശിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ഇരുവരും 27 ന് കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ മറ്റ് കൂടിക്കാഴ്ചകളും ഇവർ നടത്തിയേക്കുമെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു.

യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങൾ സംയുക്ത നാവിക അഭ്യാസ പ്രകടനങ്ങൾ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് കൂടിക്കാഴ്ച നടക്കുന്നത്. ആഗോള സഹകരണം, ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികൾ, സാമ്പത്തിക, ബഹിരാകാശ, ഊർജ്ജ, വാണിജ്യ സഹകരണം, പ്രതിരോധ, സുരക്ഷാ സഹകരണം സാങ്കേതികവിദ്യ എന്നിവയിലൂന്നിയായിരിക്കും ചർച്ച എന്നും യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ചൈനയെ നേരിടുന്നതിനെക്കുറിച്ച് സമവായമുണ്ടാക്കുന്നതിന് പകരം, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും സന്ദർശനം എന്നാണ് യുഎസ് അഭിപ്രായപ്പെടുന്നത്. എന്നാൽ ഇന്തോ-പസഫിക് മേഖലയിൽ അമേരിക്കയുടെ ഏറ്റവും നല്ല പങ്കാളി ഇന്ത്യയാണെന്നും പഴയ സഖ്യം ശക്തിപ്പെടുത്തുന്നതിനും വൻ ശക്തിയാകാനുള്ള റഷ്യൻ, ചൈനീസ് ശ്രമങ്ങൾക്കെതിരെ ബദൽ സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിനുമാണ് തന്റെ സന്ദർശനമെന്നുമായിരുന്നു എസ്പർ നേരത്തെ പറഞ്ഞത്. ഇന്ത്യയെ കൂടാതെ കൊളംബോ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവടങ്ങിലും പോംപിയോ സന്ദർശനം നടത്തും.

Eng­lish sum­ma­ry: U S will dis­cus India- chi­na issue in 2+2 meet­ing

You may also like this video: