സിപിഐ നേതാവും ജനയുഗം മുൻ ജനറൽ മാനേജരുമായ യു സുരേഷ് അന്തരിച്ചു

Web Desk
Posted on November 30, 2019, 2:47 pm

തിരുവനന്തപുരം: സിപിഐ നേതാവും ജനയുഗം മുൻ ജനറൽ മാനേജരുമായ യു സുരേഷ് (60) നിര്യാതനായി. മുൻ പിഎസ്‌സി അംഗമായിരുന്നു. ഇന്നുച്ചയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിപിഐ നേതാവും മലബാർ ഡിസ്ട്കിട്ട് ബോർഡ് പ്രസിഡന്റുമായിരുന്ന പി ടി ഭാസ്കര പണിക്കറുടെ മകനാണ്.

ബാങ്ക് ഉദ്യോഗസ്ഥനായിരിക്കേ പാർട്ടി തീരുമാനമനുസരിച്ച് ജോലി വിട്ട് ജനയുഗം ജനറൽ മാനേജരായ അദ്ദേഹം മൂന്ന് വർഷത്തോളം പ്രസ്തുത സ്ഥാനത്ത് തുടർന്നു. സിപിഐയുടെ സോഷ്യൽ മീഡിയ രംഗത്ത് സജീവമായിരുന്ന യു സുരേഷ് ഇന്നലെ വൈകുന്നേരം എംഎൻ സ്മാരകത്തിൽ നടന്ന സോഷ്യൽ മീഡിയ സബ്കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇന്ന് വഞ്ചിയൂരിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം നാളെ ശാന്തികവാടത്തിൽ സംസ്കരിക്കും.