ചരിച്ചുവച്ച മുഖത്ത് നിറച്ചുവച്ച ആ ചിരി

Web Desk
Posted on November 30, 2019, 10:07 pm

അബ്ദുൾഗഫൂർ

തിരുവനന്തപുരത്തെ നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു യു സുരേഷ്. എവിടെ നിൽക്കുമ്പോഴും ചരിഞ്ഞുകിടക്കുന്ന മുഖത്തെ നിറഞ്ഞുനിൽക്കുന്ന ആ ചിരി, ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ആരും മറക്കാനിടയില്ല. എഐഎസ്എഫിന്റെ പ്രവർത്തനങ്ങളുമായി തിരുവനന്തപുരത്തെത്തിയ കാലം മുതൽ ആ സൗഹൃദം കൂടെയുണ്ട്. അക്കാലത്ത് മുൻ എഐഎസ്എഫുകാരനായ ബാങ്കുദ്യോഗസ്ഥനും ബാങ്ക് ജീവനക്കാരുടെ സംഘടനാ പ്രവർത്തകനുമായിരുന്നു അദ്ദേഹം. അതിനിടയിലും തലസ്ഥാനത്തെ എസ്എഫിന്റെ പരിപാടികളിൽ ഗൃഹാതുരതയോടെ അദ്ദേഹം വന്ന് പിൻനിരയിലെങ്കിലുമിരിക്കുമായിരുന്നു. 2006ൽ സ്ഥിരമായെന്നതുപോലെ തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് ഞങ്ങളുടെ ബന്ധം ദൃഢമായത്. അത് ഞങ്ങളുടെ പിതൃബന്ധത്തിന്റെ തുടർച്ച കൂടിയായിരുന്നു.

സുരേഷിന്റെ പിതാവ് പി ടി ഭാസ്കര പണിക്കർ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ പ്രസിഡന്റായിരുന്നപ്പോൾ എന്റെ പിതാവ് കെ വി മൂസാൻകുട്ടി മാസ്റ്ററായിരുന്നു വൈസ് പ്രസിഡന്റ്. വർഷങ്ങളോളം കോഴിക്കോട് ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ആ പിതൃബന്ധം ഞങ്ങളുടെ ബന്ധത്തെ ഊഷ്മളമാക്കുന്നതിന് കാരണമായിരുന്നിരിക്കാം. തലസ്ഥാനത്തെത്തിയതിന് ശേഷമുള്ള പതിമൂന്ന് വർഷത്തോളമായി ആ ബന്ധം തുടരുന്നുമുണ്ട്. 2007 ൽ ജനയുഗത്തിന്റെ പുനഃപ്രസിദ്ധീകരണം തുടങ്ങാൻ തീരുമാനിച്ചപ്പോൾ ബാങ്കുദ്യോഗസ്ഥനായിരുന്ന സുരേഷിനെ ജനറൽ മാനേജരാക്കുന്നതിനാണ് പാർട്ടി തീരുമാനിച്ചത്. പത്തുവർഷത്തിലധികം ബാക്കിയുണ്ടായിരുന്ന ബാങ്കുദ്യോഗമുപേക്ഷിച്ച് സന്തോഷത്തോടെ അദ്ദേഹം ആ ചുമതല ഏറ്റെടുത്തു. 2010 സെപ്റ്റംബറിൽ പിഎസ്‌സിയിൽ അംഗമാകുന്നതിന് തീരുമാനിച്ചപ്പോഴാണ് ജനയുഗത്തിൽ നിന്ന് അദ്ദേഹം ഒഴിയുന്നത്. ജനയുഗത്തിലിരിക്കുമ്പോഴും പിഎസ്‌സി അംഗമായിരിക്കുമ്പോഴും സ്ഥിരമായല്ലെങ്കിലും തലസ്ഥാനത്തെ പൊതുപരിപാടികളിൽ കണ്ടുമുട്ടി. 2011ൽ ഞങ്ങൾ ജനയുഗത്തിലെത്തുമ്പോൾ യു സുരേഷ് പിഎസ്‌സിയിലായിരുന്നു. പിഎസ്‌സിയിൽ നിന്ന് വിട്ടതിന്ശേഷം പലപ്പോഴും അദ്ദേഹം ജനയുഗത്തിൽ വന്ന് മണിക്കൂറുകളോളം സംസാരിച്ചു. രാഷ്ട്രീയവും സാമൂഹ്യവും ചരിത്രവും ശാസ്ത്രവുമെല്ലാം ആ ചർച്ചകളിലെ വിഷയമായി.

സോഷ്യൽമീഡിയ വ്യാപകമായതോടെ ആ വിഷയവും ചർച്ചകളിലേയ്ക്ക് കയറിവന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ജനയുഗത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം യോഗങ്ങൾ ചേർന്നപ്പോൾ അതിൽ സജീവപങ്കാളിയായിരുന്നു യു സുരേഷ്. ആ യോഗങ്ങളുടെ ഇടവേളയിൽ സംസാരിച്ചുനിൽക്കേ പ്രായം വിഷയമായപ്പോഴാണ് 60 തികയാൻ പോകുന്നുവെന്ന വെളിപ്പെടുത്തലുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം എംഎൻ സ്മാരകത്തിൽ നടന്ന സോഷ്യൽ മീഡിയ സബ്കമ്മിറ്റി യോഗത്തിന് ശേഷം ലെനിൻ ബാലവാടിയിലെ റൗണ്ട് ടേബിൾ ചർച്ചയും കഴിഞ്ഞ് പിരിഞ്ഞത് ശനിയാഴ്ച നടക്കുന്ന വിവിധ പരിപാടികളിൽ കാണാമെന്ന് പറഞ്ഞായിരുന്നുവെന്ന് ഇന്നലെ പട്ടത്തെ ആശുപത്രിയിലും പിന്നീട് വീട്ടിലും നിശ്ചലനായികിടക്കുന്ന യു സുരേഷിന് അരികെ നിന്ന് പറഞ്ഞവർ കുറേയധികം പേരുണ്ടായിരുന്നു. അവരുടെയെല്ലാം വിങ്ങുന്ന മനസിൽ ആ നിറഞ്ഞ ചിരിയും സൗഹൃദത്തിന്റെ ഓർമ്മകളും എപ്പോഴും ബാക്കിയുണ്ടാവും.