കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിച്ച് ഈ രാജ്യം സഞ്ചാരികളെ ആകര്‍ഷിക്കുന്നു

അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് യുഎഇ സൗജന്യ വിസ അനുവദിച്ച് തുടങ്ങി. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.
ഇത് നടപ്പാകുന്ന ആദ്യ വര്‍ഷമാണിത്. ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ആനുകൂല്യം.
രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്ബോഴുള്ള പ്രധാന വ്യവസ്ഥ. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്ബോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്സ്പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്.
പക്ഷേ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സ്കൂള്‍ അവധി സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.