Janayugom Online
fraud

യുഎഇ ബാങ്കുകളില്‍ നിന്ന് 10,000 കോടി തട്ടിയെടുത്തു മുങ്ങി

Web Desk
Posted on February 07, 2018, 10:26 pm

കെ രംഗനാഥ്
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക തട്ടിപ്പുകാരുടെ പറുദീസയാകുന്നതിനിടയില്‍ യുഎഇ ബാങ്കുകളില്‍ നിന്ന് പതിനായിരത്തിലേറെ കോടി രൂപ തട്ടിയെടുത്തു മുങ്ങിയവരില്‍ നിന്ന് പണം ഈടാക്കാന്‍ ഗള്‍ഫ് ബാങ്കുകള്‍ കൂട്ടത്തോടെ കേരളത്തിലേയ്ക്ക്.
ഇന്ത്യാക്കാര്‍ ചുരുങ്ങിയ കാലഘട്ടത്തിനിടയിലാണ് സഹസ്രകോടികള്‍ തട്ടിയെടുത്തത്. ഈ തട്ടിപ്പു കേസുകളില്‍ പ്രതികളായ എഴുന്നൂറില്‍പരം ഇന്ത്യാക്കാരില്‍ 376 പേര്‍ മലയാളികളാണെന്ന് ഗള്‍ഫ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ‘ജനയുഗ’ത്തോട് വെളിപ്പെടുത്തി. യുഎഇയിലെ ബാങ്കുകളില്‍ നിന്നു മാത്രം തട്ടിയെടുത്തതാണ് 10,000 കോടി രൂപയെങ്കില്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ മറ്റു ഗള്‍ഫ് നാടുകളിലെ ബാങ്കുകളില്‍ നിന്നും ഇന്ത്യാക്കാര്‍ മൊത്തം 30,000 കോടി രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടാവാമെന്നും ഈ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇ ബാങ്കുകളില്‍ നിന്നും പണം തട്ടിയവരില്‍ ഏറെപേരും കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.
അബുദാബി കമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ്, കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായ്, നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമ, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, ഷാര്‍ജാ ഇസ്‌ലാമിക് ബാങ്ക് എന്നിവയാണ് കബളിപ്പിക്കപ്പെട്ട യുഎഇ ബാങ്കുകളില്‍ പ്രധാനപ്പെട്ടവ. ദോഹ ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍, സൗദി, ബഹ്‌റൈന്‍, കുവൈറ്റ് ബാങ്കുകളും തട്ടിപ്പിനിരയായവയില്‍ ഉള്‍പ്പെടും.
ഗള്‍ഫില്‍ നിന്നും പണം തട്ടി മുങ്ങിയവരെല്ലാം ഇപ്പോള്‍ നാട്ടിലോ മറ്റേതെങ്കിലും വിദേശരാജ്യത്തോ ഒളിവിലാണെന്ന് ഈ ബാങ്കുകളുടെ രഹസ്യാനേ്വഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. തട്ടിയ പണം നിയമപരമായി ഈടാക്കാന്‍ സാധ്യതകള്‍ ആരായുന്നതിനാണ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കൂട്ടത്തോടെ കേരളത്തിലേയ്ക്കും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വരുന്നത്. മലയാളികള്‍ പ്രതികളായ അമ്പതോളം തട്ടിപ്പുകേസുകള്‍ ഇപ്പോള്‍ത്തന്നെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലുണ്ട്. കോടതി നടപടികള്‍ വര്‍ഷങ്ങളോളം നീളുമെന്നതിനാല്‍ ബാങ്ക് അധികൃതരുടെ കണ്‍സോര്‍ഷ്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും കേരളത്തിലെ ആഭ്യന്തര വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി പണം പെട്ടെന്ന് ഈടാക്കിത്തരാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ഇന്ത്യയും യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറുള്ളതിനാല്‍ പ്രതികളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെടും.
കേന്ദ്രവും സംസ്ഥാനങ്ങളും ഇതിന് വിസമ്മതിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലാണ് വിള്ളല്‍ വീഴ്ത്തുക എന്ന ആശങ്കയുമുണ്ട്. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുത്തു മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുമെന്ന പരിഭ്രാന്തിയുമുണ്ട്. യുഎഇയിലെ ഒരു ബാങ്കിന്റെ കണക്കനുസരിച്ച് നൂറോളം മലയാളികള്‍ ബാങ്കിനെ കബളിപ്പിച്ച് തട്ടിയെടുത്തത് 1200 കോടിയില്‍ പരം രൂപയാണ്. തട്ടിപ്പുകാരെല്ലാം ഹവാലാ ഇടപാടുകള്‍ വഴി ഇന്ത്യയിലെത്തിച്ച പണം അന്യസംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്‍സോര്‍ഷ്യത്തിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതായും സൂചനയുണ്ട്.
ഇത്തരം കബളിപ്പിക്കല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ ഓരോ സംസ്ഥാനത്തും പ്രതേ്യക കോടതികള്‍ സ്ഥാപിക്കണമെന്ന് അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന ബാങ്ക് പ്രതിനിധിസംഘം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ കണ്ട് അഭ്യര്‍ഥിക്കും. ഈ മാസം 11, 12 തീയതികളില്‍ ഗള്‍ഫ് പര്യടനം നടത്തുന്ന പ്രധാനമന്ത്രി മോഡിയെ നേരില്‍ക്കണ്ട് ഇന്ത്യാക്കാര്‍ നടത്തിയ ഭീമമായ ഈ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും ബാങ്ക് അധികൃതര്‍ ചര്‍ച്ച നടത്തുമെന്നറിയുന്നു.