March 26, 2023 Sunday

Related news

December 20, 2021
July 14, 2021
July 6, 2021
July 4, 2021
May 29, 2021
November 20, 2020
September 21, 2020
May 3, 2020
May 3, 2020

യുഎഇ വ്യവസായി അദീബ് അഹമ്മദ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി

Janayugom Webdesk
കൊച്ചി
May 3, 2020 5:03 pm

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി അദീബ് അഹമ്മദിനെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ബോര്‍ഡിലെ ട്രസ്റ്റിയായി നിയമിച്ചു. രാജ്യത്തെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി ബിനാലെ ആരംഭിക്കാന്‍ ഏഴ് മാസങ്ങള്‍ അവശേഷിക്കെയാണ് പുതിയ നിയമനം. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, താബ്ലെസ്, ഹോസ്പിറ്റാലിറ്റി നിക്ഷേപക സ്ഥാപനമായ ട്വന്‍റിഫോര്‍ ഹോള്‍ഡിംഗ്സ് എന്നിവയുടെ മേധാവിയാണ് തൃശ്ശൂര്‍ സ്വദേശിയായ അദീബ്.

ഒരു ആഗോള വ്യവസായിയുടെ ആശയങ്ങളും അനുഭവസമ്പത്തുമാണ് അദീബിന്‍റെ വരവോടെ ലഭിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റും പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാ-സാംസ്ക്കാരിക മേഖലയില്‍ പ്രത്യേക താത്പര്യമുള്ള വ്യക്തിയാണദ്ദേഹമെന്നും ബോസ് പറഞ്ഞു. സാംസ്ക്കാരിക ഭൂപടത്തിലേക്ക് യുവ വ്യവസായികള്‍ എത്തേണ്ടത് പ്രധാനമാണ്. അദീബ് അഹമ്മദിനെപ്പോലുള്ള വ്യക്തി ബിനാലെ ബോര്‍ഡ് ട്രസ്റ്റിയായി എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ സാംസ്ക്കാരിക അമ്പാസിഡറാണ് കൊച്ചി ബിനാലെയെന്ന് അദീബ് അഹമ്മദ് പറഞ്ഞു. കലയ്ക്കു പുറമെ സേവന മേഖലയിലും അനവധി അവസരങ്ങള്‍ ബിനാലെ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് എക്കണോമിക് ഫോറത്തിന്‍റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉന്നതാധികാര സമിതിയായ സൗത്ത് ഏഷ്യ റിജ്യണല്‍ സ്ട്രാറ്റജിയുടെ ഉപദേശക സമിതി അംഗവുമാണ് അദീബ് അഹമ്മദ്. വിദ്യാഭ്യാസ വയോജനക്ഷേമ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി സഹായം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. 14 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ വ്യവസായ സാമ്രാജ്യമുള്ള അദ്ദേഹം യുഎഇയിലെ പ്രമുഖ 100 ഇന്ത്യാക്കാരുടെ പട്ടികയില്‍ സ്ഥിരം ഇടംപിടിക്കുകയും ചെയ്യാറുണ്ട്.

കൊവിഡ്-19 ആഗോള സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുന്ന പശ്ചാത്തലത്തില്‍ മാനുഷിക പ്രതിസന്ധിക്കാലത്തെ കലയുടെ പങ്കായിരിക്കും ബിനാലെ വിശകലനം ചെയ്യുന്നതെന്ന് ബോസ് പറഞ്ഞു. പ്രതിസന്ധികാലത്തെ മനുഷ്യഭാവനയുടെ വഴക്കമാണ് ശുഭിഗി റാവു ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ അഞ്ചാം ലക്കത്തിന്‍റെ ആശയതന്തുക്കളിലൊന്ന്. അതിനോടുള്ള ശുഭസൂചകമായ പ്രതികരണമായിരിക്കും ബിനാലെയെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.