യു.എ.ഇയും റഷ്യയും നയതന്ത്ര പങ്കാളിത്ത ഉടമ്ബടിയില്‍ ഒപ്പുവെച്ചു

Web Desk
Posted on June 02, 2018, 1:10 pm

ദുബായ്: രാഷ്ട്രീയം, സുരക്ഷ, സാമ്ബത്തികം, സാംസ്‌കാരികം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിനുള്ള നയതന്ത്ര പങ്കാളിത്ത ഉടമ്ബടിയില്‍ യു.എ.ഇയും റഷ്യയും ഒപ്പുവെച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ , റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുട്ടിന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ ഫലപ്രദമായ നയതന്ത്ര പങ്കാളിത്തത്തിലേക്കുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനമാണ് കരാറില്‍ ഒപ്പുവെച്ചത്.

വര്‍ഷങ്ങളായി റഷ്യയുടെ മിഡില്‍ ഈസ്റ്റിലെ അടുത്ത പങ്കാളിയാണ് യു.എ.ഇ എന്നും, തങ്ങളുടെ സഹകരണ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് കരാറില്‍ ഒപ്പുവെച്ചതെന്നും പുട്ടിന്‍ പറഞ്ഞു. രാഷ്ട്രീയം, സുരക്ഷ, സാമ്ബത്തിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് സംയുക്ത പദ്ധതികളും താല്‍പര്യങ്ങളുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ഈ സന്ദര്‍ശനം സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.