February 4, 2023 Saturday

യുഎഇ എക്സ് ചേഞ്ച് പ്രതിസന്ധി; ഷെട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കും

Janayugom Webdesk
ദുബായ്
April 27, 2020 12:48 pm

എൻ എം സി ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ ബി. ആർ ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കാനും മരവിപ്പിക്കാനും യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറൽ അറ്റോർണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിർദേശമുള്ളത്.
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഇപ്പോൾ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 8 ബില്യൺ ദിർഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ. ഏതാണ്ട് 6.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യത എൻഎംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.