Web Desk

ന്യൂഡല്‍ഹി

June 06, 2020, 8:50 pm

ദേവാംഗന കലിതയ്ക്കെതിരെ യുഎപിഎ ചുമത്തി

Janayugom Online

പിഞ്ജ്ര തോഡ് സ്ഥാപക നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥിനിയുമായ ദേവാംഗന കലിതയ്ക്കെതിരെ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. മറ്റൊരു കേസില്‍ കഴിഞ്ഞ ദിവസം ദേവാംഗനയ്ക്ക് കോടതി ജാമ്യം നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ഇവര്‍ക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലും വടക്കുകിഴക്കൻ ഡല്‍ഹിയിൽ നടന്ന വർഗീയ കലാപങ്ങളിലും പങ്കെടുത്തെന്നാരോപിച്ചാണ് പൊലീസ് ദേവാംഗനക്കെതിരെ നാലാമത്തെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

രാജ്യദ്രോഹം, കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, മതത്തിന്റേയും മറ്റും അടിസ്ഥാനത്തില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദേവാംഗനക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ്, കോൺഗ്രസ് ആക്ടിവിസ്റ്റ് ഇസ്രത്ത് ജഹാൻ, യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റ് അംഗം ഖാലിദ് സെയ്ഫി, ജെഎന്‍യു വിദ്യാര്‍ത്ഥികളായ സഫൂറ സർഗാർ, ഗൾഫിഷ, നടാഷ നർവാൾ തുടങ്ങിയവരുടെ പേരുകളും എഫ്‌ഐ‌ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇവർക്കെതിരെ പുതിയതും കടുത്തതുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണെങ്കിലും ഇവരിൽ ഭൂരിഭാഗവും ഇതിനകം തന്നെ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്.

പിഞ്ജ്ര തോഡ് നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥിനിയുമായ നടാഷ നാർവാളിനെതിരെ മുന്‍പ് തന്നെ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കലിതയും നർവാളും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മെയ് 28ന് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചയുടനെ ഡൽഹി പൊലീസ് മറ്റൊരു കേസ് ഫയൽ ചെയ്ത് അവരെ വീണ്ടും അറസ്റ്റ് ചെയ്തു. അതിനുശേഷം ക്രൈംബ്രാഞ്ച് അവർക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന ദര്യഗഞ്ച് അക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ തെളിവ് ഇല്ലാത്തതിനെ തുടര്‍ന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കലിതയ്ക്ക് ജാമ്യം അനുവദിച്ചതിന് തൊട്ടു പിന്നാലെയാണ് യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:UAPA charged against Devan­gana Kalita
You may also like this video