യുഎപിഎ: വസ്തുതകളും മിഥ്യയും തിരിച്ചറിയണം

Web Desk
Posted on November 06, 2019, 10:49 pm

 നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിനെതിരെ സിപിഐ അടക്കം ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ ശക്തികളും വിമര്‍ശനം ഉന്നയിക്കുന്നതും ശബ്ദം ഉയര്‍ത്തുന്നതും അത് പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന കിരാത നിയമം ആയതുകൊണ്ടാണ്. 1967 ലെ യുഎപിഎ നിയമം 2019 ലെ ഭേദഗതിയോടെ ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായി കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ വജ്രായുധമായി മാറുകയായിരുന്നു. ഭേദഗതിക്ക് മുമ്പ് പ്രഖ്യാപിത ഭീകര സംഘടനകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും അവയെ പിന്തുണക്കുന്നവര്‍ക്കും എതിരായി മാത്രമെ നിയമം പ്രയോഗിക്കാനാവുമായിരുന്നുള്ളു. എന്നാല്‍ പുതിയ ഭേഗദതിയോടെ വ്യക്തികള്‍‍ ഏതെങ്കിലും ഭീകര സംഘടനയില്‍ അംഗങ്ങളാണോ എന്ന പരിഗണന കൂടാതെ അവരെ ഭീകരവാദികളായി കുറ്റം ചുമത്തി തുറുങ്കലിലടയ്ക്കാമെന്ന വ്യവസ്ഥ വന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍‍ഐഎ) അമിതാധികാരം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം.

നാളിതുവരെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമെ അന്വേഷണാധികാരം ഉണ്ടായിരുന്നുള്ളു. പുതുക്കിയ നിയമം അനുസരിച്ച് ഇന്‍സ്പെക്ടര്‍ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണം നടത്താമെന്ന നിലവന്നു. ഗവണ്‍മെന്റുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യഥേഷ്ടം നിയമം ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള അവസരമാണ് പുതുക്കിയ നിയമം നല്‍കുന്നത്. കുറ്റം ചുമത്താതെ പൗരന്മാരെ തടങ്കലില്‍വയ്ക്കാനും മതിയായ തെളിവുകള്‍ കൂടാതെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന ആര്‍ക്കും ജാമ്യം നിഷേധിക്കാനും ഇതുവഴി കഴിയും. നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത തെളിവുകളുടെ അഭാവത്തില്‍ പോലും കുറ്റാരോപിതന്റെ ഉത്തരവാദിത്വമാക്കി മാറ്റുന്ന നിയമം ഭരണഘടന വ്യവസ്ഥകളുടെ നിഷേധമാണെന്ന് നിയമ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. യുഎപിഎ അനുസരിച്ച് വിചാരണ പൂര്‍ത്തിയായ കേസുകളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലും പ്രതികള്‍ നിരപരാധികളാണെന്നു കണ്ടെത്തി വെറുതെ വിടുകയാണ് ഉണ്ടായതെന്ന് 2016­ല്‍ ദേശീയ ക്രൈം റെ­ക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 33 കേസുകളില്‍ 22 എണ്ണത്തിലാണ് പ്രതികള്‍‍‍ നിരപരാധികളാണെന്ന് കണ്ടെത്തിയത്. ഇത് അക്കൊല്ലത്തെ മൊത്തം കേസുകളുടെ 67 ശതമാനമാണ്.

2015 ല്‍ സമാനമായ രീതിയില്‍ 76 ല്‍ 65 കേ­സുകളാണ് ‍ (75 ശതമാനം) അത്തരത്തില്‍ വെറുതെ വിട്ടത്. ഭീമാ കൊറെഗാവ് സംഭവത്തെ തുടര്‍ന്ന് മാവോവാദികള്‍ എന്ന് ആരോപിച്ച് അറസ്റ്റിലായ പത്തുപേര്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കാരാഗൃഹവാസം അനുഷ്ഠിക്കുന്നു. സാധാരണ നി­ലയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി ജാമ്യം നല്‍കാവുന്നതാണ്. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നതുകൊണ്ടാണ് യുഎപിഎ കിരാത കരിനിയമമാണെന്ന് പറയാന്‍ പൗരബോധമുള്ള, ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ നിര്‍ബന്ധിതരാവുന്നത്. യുഎപിഎ നിയമം ആസൂത്രിതമായി ചില വിഭാഗങ്ങള്‍ക്ക് എതിരെ ഭരണകൂടം പ്രയോഗിക്കുന്നുവെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. യുഎപിഎ നിയമം മാവോവാദികളെന്നും ഇസ്ലാമിക തീവ്രവാദികളെന്നും ആരോപിക്കപ്പെടുന്നവര്‍ക്കുനേരെയാണ് പ്രയോഗിക്കപ്പെടുന്നതായി കണ്ടുവരുന്നത്. പശുവിന്റെയും മതവിശ്വാസങ്ങളുടെയും പേരില്‍ സംഘടിതമായ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കും ആള്‍ക്കൂട്ട കൊലപാതകികള്‍ക്കും എതിരെ എപ്പോഴെങ്കിലും എവിടെയെങ്കിലും അത് പ്രയോഗിച്ചതായി കേട്ടിട്ടില്ല. അപ്പോള്‍,‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭരണഘടനാ തത്വങ്ങള്‍ക്കുവിരുദ്ധമായ ഒരു കിരാത നിയമം ഭരണകൂടം പ്രയോഗിക്കുന്നുവെന്നുവേണം കരുതാന്‍. അത്തരം വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുന്നത് ഫാസിസ്റ്റ് കാലത്തെ രാഷ്ട്രീയത്തിന്റെ ദുര്യോഗമാണ്.

സിപിഐയും സിപിഐ(എം)ഉം അടക്കം ഇടതുപക്ഷ പാര്‍ട്ടികള്‍ 2019ലെ യുഎപിഎ നിയമഭേദഗതിയെ പരസ്യമായി എതിര്‍ക്കുകയുണ്ടായി. ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭരണകൂടം എന്ന നിലയില്‍ ഈ നിയമത്തെ സൂക്ഷ്മതയോടും വിവേചന ബുദ്ധിയോടും പ്രയോഗിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. യുഎപിഎ കേസുകള്‍ പുനഃപരിശോധന നടത്താന്‍ വിരമിച്ച ജഡ്ജിന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമിതി സംസ്ഥാനത്ത് നിലവിലുണ്ട്. തീര്‍ച്ചയായും ഇപ്പോള്‍ വിവാദമായിരിക്കുന്ന വിഷയത്തില്‍ ആ സമിതി പരിശോധന നടത്തുമെന്നും നീതിപൂര്‍വമായ തീരുമാനത്തില്‍ എത്തിച്ചേരുമെന്നും നമുക്ക് പ്രതീക്ഷിക്കാം. യുഎപിഎക്ക് എതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ എല്ലാം തീവ്രവാദത്തെ സംരക്ഷിക്കുന്നവരുടെ ശബ്മാണെന്ന് വരുത്തിതീര്‍ക്കാന്‍ സംഘടിതശ്രമം നടക്കുന്നുണ്ട്. തീവ്രദേശീയതയുടെയും ഹിന്ദുത്വ ഫാസിസത്തിന്റെയും വ്യാഖ്യാനങ്ങളാണ് അവ. തീവ്രവാദവും ഭീകരതയും മാവോവാദത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഹിന്ദുത്വമടക്കം മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ അരങ്ങുതകര്‍ക്കുന്ന ഭീകരവാദത്തെ ആരും കണ്ടില്ലെന്ന് നടിച്ചുകൂട.