Web Desk

ന്യൂഡല്‍ഹി

January 18, 2020, 2:13 pm

ദേവീന്ദര്‍ സിംഗിനെതിരെ യുഎപിഎ; എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കും

Janayugom Online

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ദേവീന്ദര്‍ സിംഗിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുഎപിഎ ചുമത്തി കേസെടുത്തു. യുഎപിഎ സെക്ഷന്‍ 18,19,20,38,39 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദേവീന്ദര്‍ സിംഗിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി എന്‍ഐഎ സംഘം തിങ്കളാഴ്ച ശ്രീനഗറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ എത്തിച്ചശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടത്തുക. അതേസമയം ദേവീന്ദര്‍ സിംഗിന്റെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി പിടിച്ചെടുത്ത എകെ 47, ഗ്രനേഡ്, പിസ്റ്റള്‍, മൊബൈല്‍ ഫോണ്‍ എന്നിവ എന്‍ഐഎയുടെ ഫോറന്‍സിക് ടീം പിടിച്ചെടുക്കും.

നേരത്തെ ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പൊലീസ് മെഡല്‍ പിന്‍വലിച്ചിരുന്നു. ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ച് കൊണ്ട് കശ്മീര്‍ ലെഫ്ന്റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീര്‍ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡല്‍ പിന്‍വലിച്ചിരിക്കുന്നത്.

ശനിയാഴ്ച ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് ദേവീന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

YOU MAY ALSO LIKE