Web Desk

December 14, 2019, 2:15 pm

കുടിവെള്ളത്തിന് പുറമേ തിരുവനന്തപുരത്ത് ഭക്ഷണവും മുടങ്ങും: ഓൺലൈൻ ഭക്ഷ്യവിതരണക്കാർ സമരത്തിൽ

Janayugom Online

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊബർ ഈറ്റ്സിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. ആനൂകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭക്ഷണ വിതരണക്കാരുടെ സമരമാണ് കാരണം. ആനുകൂല്യങ്ങൾ നൽകുമെന്ന ഉറപ്പു ലഭിക്കും വരെ സമരത്തിനാണ് തീരുമാനം. ഇന്നു രാവിലെയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ജില്ലയിലെ മുന്നൂറ്റിയമ്പതോളം ഭക്ഷണ വിതരണക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

നഗരത്തിനു പുറമേ കഴക്കൂട്ടം, നെടുമങ്ങാട്, നെയ്യാറ്റിൻകര മേഖലകളിലെ വിതരണക്കാരും സമരത്തിലാണ്. തിരുവനന്തപുരത്തെ മിക്ക ഹോട്ടലുകളും ഊബർ വഴി ഭക്ഷണം വിതരണം ചെയ്യുന്നതാണ്. എന്നാൽ വിതരണക്കാർ സമരം തുടങ്ങിയാൽ ഹോട്ടലുകളുടെ കച്ചവടത്തിൽ വലിയ ഇടിവ് നേരിടുമെന്നതാണ് വാസ്തവം. അതേസമയം വിതരണക്കാർക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്നാണ് ആരോപണം. ഒന്നര വർഷം മുൻപാണ് തലസ്ഥാന ജില്ലയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം തുടങ്ങിയത്. ആകർഷകമായ ഓഫറുകൾ ഉപഭോക്താവിനും നല്ല കമ്മിഷൻ വിതരണക്കാർക്കും നൽകിയായിരുന്നു തുടക്കം. ക്രമേണ ഓഫറും കമ്മിഷനും കുറഞ്ഞു.
you may also like this video

പുതിയ ആനുകൂല്യങ്ങൾ ചോദിച്ചിട്ടില്ല. ആദ്യം മുതൽ നൽകിയിരുന്ന ആനുകൂല്യങ്ങളിൽ പലതും കമ്പനി വെട്ടിക്കുറച്ചു. അത് പുന:സ്ഥാപിക്കണമെന്ന് കമ്പനിയോട് പല തവണ ആവശ്യപ്പെട്ടു. പക്ഷേ നിഷേധാത്മക നിലപാടായിരുന്നു കമ്പനിക്കെന്ന് ജീവനക്കാർ പറയുന്നു. പെട്രോൾ വിലയും മൊബൈൽ ഫോൺ കാൾ നിരക്കുമൊെക്കെ കൂടിയതും വിതരണക്കാരെ പ്രതിസന്ധിയിലാക്കി. ഹോട്ടൽ ഉടമകളും വിതരണക്കാരുമായുള്ള തർക്കമാണ് പ്രവർത്തനം തടസ്സപ്പെടാൻ കാരണമെന്നാണ് ഊബറിന്റെ വിശദീകരണം. എന്നാൽ ഹോട്ടലുകാർ ഇത് നിഷേധിക്കുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഊബർ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള സമരത്തിനാണ് വിതരണക്കാരുടെ തീരുമാനം.