17 April 2024, Wednesday

‘ഉദയ’അസ്തമനം

ആർ ബാലചന്ദ്രൻ
August 22, 2021 4:46 am

കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റ്യുഡിയോ ആയ ഉദയയിൽ ഇനി ഒരിക്കലും പൂവൻ കോഴി കൂവില്ല… അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമക്ക് പകരക്കാരനില്ലാതെ നിന്നിരുന്ന ഇവിടം ഒരു ചരിത്ര സ്മരണപോലും അവശേഷിപ്പിക്കാതെ മണ്ണിൽ അന്ത്യനിദ്ര കൊള്ളുകയാണ്. ഇപ്പോൾ ഇവിടം വിജനമാണ്. പ്രവേശന കവാടത്തില കന്യാമറിയത്തിന്റെ രൂപമോ, തല ഉയർത്തി നിന്നിരുന്ന കോട്ടേഴ്സുകളോ, സ്റ്റുഡിയോ ഫ്ളോറുകളോ, മിനി തീയേറ്ററോ, കുളമോ ഇന്നില്ല. കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്ന ചുറ്റുമതിലുകളും അടച്ച് കെട്ടിയ കവാടവും, മരങ്ങളും വള്ളിപ്പടർപ്പുകളും പുല്ലുകളും നിറഞ്ഞ ശ്മശാന ഭുമിയായി നിലനിൽക്കുകയാണ്. പണ്ട് കാലത്ത് ഷുട്ടിംഗിനായി കലാ സംവിധാനത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികൾ നല്ല തുവെള്ള പഞ്ചാരമണലിൽ ആണ്ട് കിടക്കുകയാണ്. ഇതിനോടൊപ്പം കത്തിക്കരിഞ്ഞ നിരവധി ഫിലുമുകളും ഉണ്ട്. തടികൊണ്ട് രൂപ്പെടുത്തിയ കൽവിളക്ക് അടക്കമുള്ള നിരവധി മാതൃകകളും കെട്ടിട അവശിഷ്ടങ്ങളും പേറി കിടക്കുന്ന ഉദയയുടെ 12 ഏക്കർ വരുന്ന ഭുമി ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്.

 

 

1986ൽ ‘അനശ്വര ഗാനങ്ങൾ’ എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഉദയാ സ്റ്റുഡിയോക്ക് താഴ് വീണത്. 1947ലെ ഒരു ക്രിസ്മസ് രാവിലാണ് മലയാള സിനിമയുടെ ഭാഗ്യനക്ഷത്രമായി ഉദയ പിറന്നത്. മദ്രാസിൽ പൂർണമായും കുടുങ്ങിക്കിടന്ന മലയാള സിനിമയെ മലയാളക്കരയിലേക്ക് പറിച്ചുനട്ടവരിൽ പ്രമുഖ സ്ഥാനം എം കുഞ്ചാക്കോയ്ക്കായിരുന്നു. ഉദയാ സ്റ്റുഡിയോ ഒരു കാലത്ത് മലയാള സിനിമയുടെ തറവാടായിരുന്നു. ആദ്യകാലത്ത് കെ ആന്റ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി കോശിയുമായി ചേർന്നാണ് ചിത്രങ്ങൾ നിർമ്മിച്ചത്. ‘വെള്ളിനക്ഷത്രം’, ‘നല്ല തങ്ക’, ‘ജീവിതനൗക’, ‘വിശപ്പിന്റെ വിളി’ എന്നീ ചിത്രങ്ങളാണ് നിർമ്മിച്ചത്. ഇതിൽ ‘ജീവിതനൗക’ 250 ദിവസമാണ് തിയേറ്ററുകളിൽ ഓടിയത്. അച്ഛൻ എന്ന ചിത്രത്തിന്റെ നിർമ്മാണ ഘട്ടത്തിലാണ് കോശിയും കുഞ്ചാക്കോയും പിരിഞ്ഞത്. തുടർന്ന് കുഞ്ചാക്കോ ഉദയായുടെ പേരിൽ ചലച്ചിത്ര നിർമ്മാണം തുടങ്ങി. ‘അച്ഛൻ’, ‘അവൻ വരുന്നു’, ‘കിടപ്പാടം’ എന്നിവ അക്കാലത്ത് ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച ചിത്രങ്ങളാണ്. ‘കിടപ്പാട’ത്തിന്റ വൻ പരാജയത്തോടെ ഉദയാ പൂട്ടേണ്ടി വന്നു. അടുത്ത സുഹൃത്തും മന്ത്രിയുമായ ടി വി തോമസ്സിന്റെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം വീണ്ടു ഉദയാ തുറന്നു. 1960 ലാണ് ‘ഉമ്മ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് കുഞ്ചാക്കോ സംവിധാനരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഈ ചിത്രത്തിന്റെ വിജയം വഴിത്തിരിവായി. അതേ വർഷം തന്നെ ‘നീല സാരി‘യും, ‘സീത’യും സംവിധാനം ചെയ്ത് ഹാട്രിക് വിജയം നേടി. പുണ്യപുരാണങ്ങൾ, വടക്കൻപാട്ടുകൾ എന്നിവ ആധാരമാക്കിയും കുഞ്ചാക്കോ ധാരാളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

 

 

കുഞ്ചാക്കോയുടെ ഒട്ടുമിക്ക ചിത്രങ്ങളും യേശുദാസ്, വയലാർ, ദേവരാജൻ കൂട്ടുകെട്ടിന് അരങ്ങൊരുക്കി. അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയിൽ നിറഞ്ഞുനിന്ന സത്യൻ, ശാരദ, നസീർ, അടൂർഭാസി, ഉമ്മർ, ജയഭാരതി, വിജയശ്രീ തുടങ്ങിയവരെപ്പോലെയുള്ള അതിപ്രശസ്തർ പലരും കുഞ്ചാക്കോ സ്കൂളിൽ പയറ്റിത്തെളിഞ്ഞവരായിരുന്നു. തമിഴകത്ത് നിന്നുള്ള എം ജി ആർ അടക്കമുള്ള പ്രമുഖ നടീ നടൻമാരും ഉദയയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സ്വയം സംവിധാനം ചെയ്യുമ്പോൾ തന്നെ മറ്റ് പ്രമുഖ സംവിധായകർക്ക് വേണ്ടിയും ഉദയാ സിനിമകൾ നിർമ്മിച്ചു. മലയാളസിനിമയുടെ വളർച്ചയിലും വികാസത്തിലും വ്യാവസായിക വിപണനത്തിലും കുഞ്ചാക്കോ വെട്ടിത്തുറന്ന വഴികളിലൂടെത്തന്നെയാണ് പിന്നീട് വന്നവർ മുന്നേറിയത്. നാൽപ്പത് ചിത്രങ്ങൾ കുഞ്ചാക്കോ സംവിധാനം ചെയ്തു. ഉദയയുടെ ബാനറിലെ എഴുപത്തിയഞ്ചാം സിനിമയായ ‘കണ്ണപ്പനുണ്ണി‘യാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്. 1976 ജൂൺ 15ന് ‘മല്ലനും മാതേവനും’ എന്ന സിനിമയുടെ പാട്ടുകളുടെ റിക്കോഡിങ്ങിനായി കെ രാഘവനുമൊത്ത് തമിഴ്‌നാട്ടിൽ പോയ സമയത്താണ് കുഞ്ചാക്കോയുടെ മരണം.

ഉദയയുടെ സിനിമാ നിർമാണ പ്രവേശം

ആലപ്പുഴ: 1941 ലെ ‘പ്രഹ്ലാദ’യുടെ റിലീസിങ്ങിന് ശേഷം മലയാള സിനിമാ നിര്‍മ്മാണ രംഗം സജീവമായിരുന്നില്ല. ട്രാവൻകൂർ, കൊച്ചിൻ, മലബാർ എന്നിവിടങ്ങളിൽ നിന്ന് പ്രൊഡ്യുസർമാർ വിടവാങ്ങി. സ്വതന്ത്ര്യസമരം കൊടുപിരി കൊണ്ടിരിക്കുന്ന സമയത്ത് കുറച്ച് ആളുകൾ ചേർന്ന് ആലപ്പുഴ കേന്ദ്രമാക്കി പുതിയ സിനിമാ നിർമാണ കമ്പനി തുടങ്ങാൻ തീരുമാനിച്ചു. ദേശഭക്തി ഉളവാക്കുന്ന സിനിമകൾ നിർമിക്കുകയായിരുന്നു പ്രധാന ഉദ്ദേശം. സിനിമാ നിർമാണത്തിൽ പരിചയ സമ്പത്തുള്ള ആലപ്പി വിൻസെന്റാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതാണ് ഉദയാ പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമാ നിർമാണ കമ്പനി പിറവിയെടുക്കാൻ ഇടയായത്. അന്നത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന വെങ്കിടാചലം അയ്യരാണ് കമ്പനിയുടെ ബൈലോ തയ്യാറാക്കിയത്. കമ്പനിയുടെ പ്രവർത്തന മൂലധനം സ്വരൂപിക്കുന്നതിനായി ടി വി തോമസാണ് നേതൃത്വം നൽകിയത്. വെണ്ടർ കൃഷ്ണപിള്ള 20, 000 രൂപയും ചേപ്പാട് മാത്തുക്കുട്ടി, ഇ ജോൺ ഫിലിപ്പോസ് എന്നിവർ 10, 000 രൂപയും കമ്പനിയിൽ നിക്ഷേപിച്ചു. അങ്ങനെ 1946ൽ ഉദയ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ സിനിമാ നിർമാണ കമ്പനി യാഥാർഥ്യമായി. കെ ബി ഹർഷൻ പിള്ള, കെ ബി രാമൻപിള്ള, കെ ബി അനന്ദൻപിള്ള, ടി വി തോമസ്. ആലപ്പി വിൻസെന്റ് എന്നിവരായിരുന്നു പ്രധാന അംഗങ്ങൾ. തുടർന്ന് പാതിരപ്പള്ളിയിൽ കുഞ്ചാക്കോയുടെ അധീനതയിലുള്ള ഭൂമിയിൽ സ്റ്റുഡിയോയുടെ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി. പിന്നീട് ഉദയാ പികിച്ചേഴ്സ് എന്ന പേര് മാറ്റി ഉദയാ സ്റ്റുഡയോ ആയി പരിണമിച്ചത്. ആദ്യത്തെ ചിത്രം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. കുട്ടനാട് രാമകൃഷ്ണ പിള്ള കലാകാരനായിരുന്നു പ്രമേയം അടക്കമുള്ളവ വിഭാവനം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയത്. അതിന് ശേഷം ഛായാഗ്രാഹകൻ, സംവിധായകൻ ക്യാമറമാൻ എന്നിവരുടെ സേവനം തേടാൻ ആലപ്പി വിൻസെന്റിനെ കുഞ്ചോക്കോ മദ്രാസിലേക്ക് അയക്കുന്നത്.

ജർമനിയുടെ ചാരൻ ഉദയയുടെ ആദ്യ സംവിധായകൻ

മദ്രാസിലെ ദേവപ്രകാശ് ഹോട്ടലിൽ താമസിച്ചായിരുന്നു ആലപ്പി വിൻസന്റിന്റെ അന്വേഷണം. വാഷ്ബെയ്സിനിൽ നിന്ന് വിസ്തരിച്ച് കൈ കഴുകുന്നതിനിടെ തൊട്ട് പുറകിൽ നിന്നിരുന്ന ജർമൻ ദമ്പതികളുടെ ദേഹത്തേക്ക് വെള്ളതുള്ളികൾ വീണു. അദ്ദേഹം അവരുടെ ഈർഷ്യ നിറഞ്ഞ മുഖത്തേക്ക് നോക്കി വളരെ ഭവ്യതയോടെ ക്ഷമാപണം പറഞ്ഞു. പിന്നീട് അതൊരു സൗഹൃദമായി മാറി. ഈ ദമ്പതികളെക്കുറിച്ച് താൽപ്പര്യപൂർവ്വം വിൻസെന്റ് മാസ്റ്റർ അന്വേഷിക്കുകയും ചെയ്തു. അപ്പോഴാണ് താൻ തേടിനടന്ന വള്ളിയാണ് ഇവരെന്ന് മനസ്സിലായത്. ഇന്ത്യയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുക എന്ന ലക്ഷ്യത്തോടെ വന്നവരാണ് ഇവരെന്ന് തിരിച്ചറിയുകയും തുടർന്ന് അദ്ദേഹത്തെ ആലപ്പുഴയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജർമ്മനിയിലെ പ്രശസ്ത ഡോക്യുമെന്ററി ഫിലിം മേക്കറും സിനിമാട്ടോ ഗ്രാഫറുമായ ഫെലിക്സ് ബെയിസും ഭാര്യയുമായിരുന്നു അത്. അങ്ങനെ ഫെലിക്സിന്റെ നിർദ്ദേശ പ്രകാരം സ്റ്റുഡിയോയുടെ ചിട്ടവട്ടങ്ങളിലേക്ക് ആറേക്കർ ഭൂമി രൂപാന്തരപ്പെടുത്തുകയായിരുന്നു. എന്നാൽ ഫോട്ടോകളിലൊന്നും പെടാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ജർമ്മൻ സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറിന്റെ വലംകയ്യായിരുന്ന ഗീവസിന്റെ അക്കാദമിയിൽ നിന്നും പരിശീലനം നേടിയ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. ബെയിസിനെ പോലെ പലരെയും അന്ന് ചാര വൃത്തിക്കായി ജർമ്മനി നിയോഗിച്ചിരുന്നു. ഇന്ത്യ മുഴുവൻ സന്ദർശിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളെ ഫോട്ടോഗ്രാഫ് ചെയ്ത് അവരുടെ രാജ്യതാവളത്തിലെത്തിക്കുകയും അതിനെ അടിസ്ഥാനമാക്കി ഇന്ത്യയെ ആക്രമിക്കേണ്ട സാഹചര്യം ഉണ്ടായാൽ സജ്ജരാക്കാനായിരുന്നു ഫെലിക്സ് ബെയിസിന്റെ ദൗത്യമെന്ന് പിന്നീട് ആലപ്പി വിൻസെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

വെള്ളിനക്ഷത്രം ശോഭിച്ചില്ല; ഉദയക്ക് തിരിച്ചടിയുടെ കാലം

തിരിച്ചടിയോടെ ആയിരുന്നു ഉദയുടെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. ‘വെള്ളിനക്ഷത്ര’മായിരുന്നു അത്. 1949 ജനുവരി 14നായിരുന്നു പുറത്തിറങ്ങിയത്. ഫെലിക്സ് ജെ ബെയിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം കുഞ്ചാക്കോയും കെ വി ശശിയും ചേർന്നാണ് നിർവഹിച്ചത്. കുട്ടനാട് രാമകൃഷ്ണപിള്ളയുടെയായിരുന്നു കഥ. ഗായക പീതാംബരം, പി എ അംബുജം, കുട്ടനാട് രാമകൃഷ്ണപിള്ള, മിസ് കുമാരി, ലളിതാദേവി, കണ്ടിയൂർ പരമേശ്വരൻ പിള്ള, ബേബി ഗിരിജ എന്നിവരായിരുന്നു അഭിനേതാക്കൾ. അഭയദേവ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് ബി എ ചിദംബരനാഥ്, ചെറായി ദാസ് എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചെറായി അംബുജം, ഗായക പീതാംബരം, പൊൻകുന്നം അംബുജം, സാവിത്രി ആലപ്പുഴ എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചത്. കെ ഡി ജോർജാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധനേടാൻ കഴിഞ്ഞില്ല. ആദ്യപ്രദർശനം തിരുവനന്തപുരം ചിത്രയിൽ ഉദ്ഘാടനം ചെയ്തതാവട്ടെ പറവൂർ ടി കെ നാരായണപിള്ളയെന്ന തിരുകൊച്ചി പ്രധാനമന്ത്രിയും. മഹാരഥന്മാരും പ്രതിഭാശാലികളുമൊക്കെ മുമ്പിലും പിന്നിലും അണിനിരന്നെങ്കിലും വെള്ളിനക്ഷത്രം പരാജയമായിരുന്നു. പാതിരപ്പള്ളിയിലെ സ്ഥലവും വീടും സമ്പത്തിന്റെ വലിയ ഭാഗവും വെള്ളിനക്ഷത്രത്തിന് സമർപ്പിച്ച കുഞ്ചാക്കോയ്ക്കായിരുന്നു ഈ പതനത്തിൽ ഏറ്റവും പൊള്ളലേറ്റത്. എന്നാൽ, കുഞ്ചാക്കോ പിന്തിരിയാൻ തയ്യാറായില്ല. വെള്ളിനക്ഷത്രത്തിന്റെ പരാജയത്തെ തുടർന്ന് സ്വന്തം തട്ടകങ്ങളിലേക്കു മടങ്ങി. നിർമാണ സഹായികളുമായുള്ള സാമ്പത്തിക ബാധ്യതകൾ തീർത്ത് കുഞ്ചാക്കോ ഉദയയെ ഏറ്റെടുക്കുക തന്നെ ചെയ്തു. ഈ ഘട്ടത്തിലാണ് കഥയിലെ ഉപനായകനായ കെ വി കോശിയുമായുള്ള കുഞ്ചാക്കോയുടെ ബന്ധം കാലം സുദൃഢമാക്കിയത്. കെ ആന്റ് കെ എന്ന പുതിയ പ്രൊഡക്ഷൻസ് ജനിച്ചത് അങ്ങനെയാണ്.

തിരുവല്ലയ്ക്കടുത്ത് വളംകുളം ദേശത്തുകാരനായിരുന്നു കെ വി കോശി. അഭിഭാഷകവൃത്തിയിൽ തൃപ്തി പോരാഞ്ഞ് ബാങ്കിങ് രംഗത്തും ഫിലിം വിതരണരംഗത്തും ഭാഗ്യം പരീക്ഷിക്കുന്നതിനിടയിലായിരുന്നു കുഞ്ചാക്കോയുമായുള്ള കണ്ടുമുട്ടൽ. ‘വെള്ളിനക്ഷത്ര’വും കെ ആന്റ് കെ പ്രൊഡക്ഷനാണ് നിർമിച്ചതെങ്കിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി മലയാളിക്ക് ബോധ്യമായത് 1950ൽ പുറത്തിറക്കിയ ‘നല്ലതങ്ക’യിലാണ്. ‘നല്ലതങ്ക’ ഹിറ്റായെങ്കിൽ 1951ൽ കെ കെ പ്രൊഡക്ഷൻസ് നിർമിച്ച ‘ജീവിതനൗക’ മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റായി. 1952ൽ ‘വിശപ്പിന്റെ വിളി‘യെന്ന ചിത്രം മലയാളം രണ്ടുകൈ നീട്ടി സ്വീകരിച്ചതോടെ കെ ആന്റ് കെ പ്രൊഡക്ഷൻസ് മലയാള സിനിമയുടെ മുഖമുദ്രയായി. പക്ഷേ നിർഭാഗ്യവശാൽ ഏതോ അജ്ഞാതമായ കാരണത്താൽ ഈ കൂട്ടുകെട്ട് അവിടെ അവസാനിക്കുകയായിരുന്നു. 1954ൽ അവൻ വരുന്നു എന്ന ചിത്രവും 1955ൽ കിടപ്പാടവും കുഞ്ചാക്കോ നിർമിച്ചെങ്കിലും വൻ പരാജയമായിരുന്നു ഫലം. ഇതോടെ നീണ്ട അഞ്ചുവർഷം ഉദയ സ്റ്റുഡിയോ അടഞ്ഞുകിടന്നു. ഉദയയിൽ നിന്നും പുറത്തിറങ്ങിയ ആദ്യ കാല ചിത്രങ്ങൾക്കെല്ലാം പുതുമ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. സംവിധാനം, സംഭാഷണം, ക്യാമറ തുടങ്ങിയ മർമ്മപ്രധാന കാര്യങ്ങൾ ഒരേ രീയിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. സാങ്കേതിക പരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഉദയ പലപ്പോഴും പരാജയപ്പെട്ടു. എന്നാൽ തിരുവനന്തപുരത്തെ മേരിലാന്റ് സ്റ്റുഡിയോ പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ തയ്യാറായിരുന്നു. പിന്നീട് വാണിജ്യ അടിസ്ഥാനത്തിൽ സിനിമ നിർമ്മിക്കണമെന്ന കുഞ്ചാക്കോയുടെ തീരുമാനം ഉദയയിൽ നിന്നും ഹിറ്റു സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞു. പുതിയ സിനിമ അണിയറ പ്രവർത്തകരും കൂടതൽ മെച്ചപ്പെട്ട സ്റ്റുഡിയോ സംവിധാനങ്ങളും കുഞ്ചാക്കോ പിന്നീട് ഉദയയിൽ ഒരുക്കി.

ഉദയ നാടിന്റെ തൊഴിൽ ശാല

ഉദയയിൽ ഷൂട്ടിംഗ് വേളകളിലും നാട്ടുകാരുടെ സജീവ പങ്കാളിത്തമുണ്ടാകും. ഷുട്ടിംഗ് കാണാൻ മാത്രമല്ല ആളുകൾ ഇവിടെ വന്നിരുന്നത്. നാട്ടുകാർക്ക് ഇതൊരു തൊഴിൽ ശാലകൂടിയായിരുന്നു. ലൈറ്റ് ബോയിമുതൽ സിനിമ അണിയറയിലെ മിക്ക ജോലികളും നാട്ടുകാരായ സിനിമാ പ്രേമികളാണ് നിർവ്വഹിച്ചിരുന്നത്. അതിന് ചെറിയ പ്രതിഫലവും കുഞ്ചാക്കോ നൽകുമായിരുന്നു. പടം ലാഭമായാലും നഷ്ടമായാലും പ്രതിഫലം മുടങ്ങാതെ നൽകി വന്നിരുന്നു. മാസങ്ങളിൽ ഒന്ന് മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഷുട്ടിംഗ്. നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഡേറ്റ് ഈ സമയത്താണ് ലഭിക്കുക. ഷുട്ടിംഗ് കഴിഞ്ഞാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലി ഉടൻ ആരംഭിക്കും. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ ഉദയയിലും കളർ ചിത്രങ്ങൾ മദ്രാസിലുമാണ് ചെയ്ത് വന്നിരുന്നത്. തുടക്കത്തിൽ ഓലകെട്ടിയ പുരകളിലായിരുന്നു എഡിറ്റിഗ് ജോലികൾ നടത്തിയിരുന്നത്. ഈ സമയത്ത് എത്ര തിരക്കുകളുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് കുഞ്ചാക്കോയും ഇവിടെ സന്നിതനാകും. ഇന്നത്തെ സിനിമാ ശാലകൾ നാട്ടിൽ സജീവമായിരുന്നില്ല.
ഇവിടെ നിന്നും ഇറങ്ങിരുന്ന സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയെന്നത് ദുഷ്ക്കരമായിരുന്നു. ഇതിനൊരു പോംവഴിയായിട്ടാണ് കുഞ്ചാക്കോ ഉദയയിൽ മിനി തീയേറ്റർ സ്ഥാപിച്ചത്. പിന്നീട് വൈ എം സി എക്ക് സമീപം ഭഗവതി വിലാസവും തുമ്പോളിയിൽ കൃഷ്ണയും വന്നതോടെ ഉദയ ചിത്രങ്ങൾക്ക് കൂടുതൽ പ്രേക്ഷകരെ ലഭിച്ചു. ഇതോടെയാണ് ഉദയയയെ മലയാള സിനിമാ ലോകം അറിഞ്ഞ് തുടങ്ങിയത്. സിനിമയെ കുടുതൽ വൈവിദ്ധ്യമാക്കാന്‍ കുഞ്ചാക്കോ പിന്നീട് താൽപ്പര്യം കാട്ടി. ഇതേ തുടർന്ന് പിന്നണിയിൽ പ്രവർത്തിക്കുന്നവരെ മാറ്റി പരീക്ഷിച്ചു. അങ്ങനെ ഉദയ പിന്തുടർന്ന സിനിമാ ശൈലി ഉടച്ച് വാർക്കപ്പെട്ടു.

വിജയശ്രീയും ഉദയ സ്റ്റുഡിയോയും

‘പൊന്നാപുരം കോട്ട’ എന്ന സിനിമ റിലീസ് ചെയ്ത സമയം. അതിൽ വലിയൊരു വെള്ളച്ചാട്ടത്തിൽ വിജയശ്രീ കുളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ടേക്കിന്റെ സമയത്ത് ദേഹത്ത് വെള്ളം വന്നു വീണപ്പോൾ അവരുടെ വസ്ത്രം അഴിഞ്ഞുപോയി. ആ രംഗം സിനിമയിൽ ഉപയോഗിച്ചു. ആ രംഗത്തിന്റെ പേരിൽ വലിയ കളക്ഷൻ ആ സിനിമയ്ക്കു ലഭിച്ചു. വ്യക്തിപരമായി ഒരുപാടു പ്രശ്നങ്ങളിലായിരുന്നു ആ സമയത്ത് വിജയശ്രീ. ഈ രംഗം സിനിമയിൽ ഉപയോഗിച്ചെന്നു അറിഞ്ഞപ്പോൾ അവർ തകർന്നു പോയി. ഇതു ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കുഞ്ചാക്കോ അതു സമ്മതിച്ചെങ്കിലും ഓരോ തിയറ്ററിലും പോയി ആ ഭാഗം മുറിച്ചു മാറ്റുന്നത് സമയമെടുക്കുന്ന ഒരു പരിപാടിയായിരുന്നു. കുറച്ചിടങ്ങളിൽ നിന്നു ആ രംഗം മുറിച്ചു മാറ്റിയിരുന്നെങ്കിലും പൂർണമായും അത് ഒഴിവാക്കപ്പെട്ടില്ല. ഇതിന്റെ പേരിൽ മാനസികമായി അവർ ഒരുപാടു വിഷമിച്ചു. അതിന്റെ തുടർച്ചയായി അവരുടെ ജീവിതത്തിൽ പലതും സംഭവിച്ചു. ഒടുവിൽ അവർ ആത്മഹത്യ ചെയ്തു.

കുഞ്ചാക്കോയുടെ ഹിറ്റുകള്‍

വടക്കൻ പാട്ടിനെ ആസ്പദമാക്കി ഉദയ എടുത്ത ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തിരക്കഥാകൃത്ത് കുഞ്ചാക്കോയായിരുന്നു. ‘വിശപ്പിന്റെ വിളി‘യിലെ നായകനായ അബ്ദുൽ ഖാദറിനെ പ്രേംനസീർ ആക്കി മാറ്റിയതും പ്രതിനായകനായ ജോണിനെ ശശികുമാറാക്കി മാറ്റിയതും കുഞ്ചാക്കോയുടെ വിപണനതന്ത്രജ്ഞതയാണ് വെളിപ്പെടുന്നത്. അക്കാലത്ത് ടിക്കറ്റെടുത്തു സിനിമ കാണുന്നവരിൽ ഏറിയ പങ്കും ഹൈന്ദവരായിരിക്കെ, നായകനും പ്രതിനായകനും നസ്രാണിയും മുസ്ലിമും ആവുന്നത് തന്റെ വിറ്റുവരവിനെ ബാധിക്കുമെന്ന കണ്ടെത്തലായിരുന്നു ഈ നാമമാറ്റത്തിനു പിന്നിലെന്ന് പിന്നീട് പലരും പറഞ്ഞിട്ടുണ്ട്. നാവിൽ സരസ്വതി വിളയാടിയിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരാണ് കുഞ്ചാക്കോയുടെ ആവശ്യപ്രകാരം ഇരുവരെയും നാമമാറ്റം നടത്തിയത്. എന്നാൽ, അതേ കുഞ്ചാക്കോ തന്നെയാണ് കേരളത്തിലാദ്യമായി മുസ്ലിം പശ്ചാത്തലത്തിലുള്ള ഒരു സിനിമയെടുക്കാൻ ധൈര്യം കാണിച്ചത് എടുത്തുപറയേണ്ടതാണ്. മൊയ്തു പടിയത്ത് രചിച്ച ‘ഉമ്മ’ വാണിജ്യവിജയം നേടുകയും ചെയ്തു. വടക്കൻ പാട്ടുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകളായ ‘ഉണ്ണിയാർച്ച’, ‘പാലാട്ടുകോമൻ’, ‘ഒതേയന്റെ മകൻ’, ‘ആരോമലുണ്ണി’, ‘പൊന്നാപുരംകോട്ട’, ‘തുമ്പോലാർച്ച’, ‘കണ്ണപ്പനുണ്ണി’, ‘പാലാട്ട് കുഞ്ഞിക്കണ്ണൻ’ എന്നിവ ഉദയയിൽ നിന്നും ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. ഉദയയുമായി സഹകരിച്ച് പ്രവർത്തിച്ച ചലച്ചിത്ര പ്രവർത്തകരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പാണൻപാട്ടുകളുടെ കഥാകാരൻ പി കെ ശാരംഗപാണി മുതൽ നിരവധി പേരുകൾ ഉദയയുടെ പേരിനൊപ്പം ചേർത്ത് വെക്കാവുന്നതാണ്. നിലവിൽ ഹരിഹരൻ, രഘു, സ്റ്റാൻലി ജോസ്, കൃഷ്ണൻ കുട്ടി തുടങ്ങിയവരാണ് ഇന്ന് ഉദയയുടെ ഓർമ്മ നിലനിർത്തുന്ന പ്രമുഖർ.

ഷൂട്ടിങ് കാണാനെത്തുന്നവരെ സിനിമയ്ക്ക് ആവശ്യമായ ആൾക്കൂട്ടമാക്കി മാറ്റിയത് സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ വേഷം അണിയിച്ചവരെ വാഹനങ്ങളിൽ ഒരുക്കിയ അരയന്നത്തോണിയിൽ കയറ്റിയിരുത്തി സിനിമയുടെ പ്രചാരണം കൊഴുപ്പിച്ചതുമൊക്കെ ഛായാഗ്രാഹകൻ കൃഷ്ണൻകുട്ടിയുടെ ഓർമയിലെത്തുന്ന കുഞ്ചാക്കോ തന്ത്രങ്ങളാണ്. കച്ചവടക്കാരനെന്നതിലുപരി അദ്ദേഹം തികഞ്ഞ പ്രകൃതി സ്നേഹി കൂടിയായിരുന്നു ഉദയയുടെ സാരഥി കൂടിയായിരുന്ന കുഞ്ചാക്കോ. സ്റ്റുഡിയോയിൽ അദ്ദേഹം തന്നെ മുൻകൈയെടുത്ത് മനോഹരമായ പൂന്തോട്ടവും ഒരുക്കിയിരുന്നു.

 

 

സാമ്പത്തിക പ്രതിസന്ധി

കുഞ്ചാക്കോ മരിച്ചതിനുശേഷം ഉദയ നിർമിച്ച പടങ്ങളൊന്നും കാര്യമായ സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ല. മദ്രാസിലും മറ്റു പലയിടങ്ങളിലും ഭൂസ്വത്ത് ഉണ്ടായിരുന്നതെല്ലാം വിൽക്കാൻ തുടങ്ങി. എല്ലാം വിറ്റു തീർന്ന് അവസാനം സ്റ്റുഡിയോയും വീടും മാത്രമായി. കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചോക്കോ കണ്ടമാനം ചെലവാക്കുന്ന വ്യക്തിയായിരുന്നു. ആ ആഢംബരജീവിതം അദ്ദേഹം മരിക്കുന്നതു വരെ തുടർന്നിരുന്നു. വരുമാനം ഇല്ലാതായപ്പോഴാണ് സ്റ്റുഡിയോ വിൽക്കാൻ തീരുമാനിച്ചത്. പല തവണ മാറ്റിവെച്ച ആ തീരുമാനം ഒരു ജ്യോത്സ്യന്റെ പ്രവചനത്തെ തുടർന്ന് ഉദയ സ്റ്റുഡിയോ ബോബൻ കുഞ്ചാക്കോ വിൽക്കുകയായിരുന്നു. ഉദയയ്ക്ക് പിന്നീട് സംഭവിച്ചത്. സ്ഥലം വാങ്ങിയവർ ഉദയയുടെ പേര് മാറ്റി, വി ടി ജെ ഫിലിം സിറ്റി എന്നാക്കി. സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ പല ഷൂട്ടിങ്ങുകളും അവിടെ നടന്നു. ഇത് കൈകാര്യം ചെയ്ത മാനേജർമാർ സ്റ്റുഡിയോയുടെ വൈദ്യുതി ചാർജ്ജ് പോലും അടച്ചില്ല. കുടിശ്ശിക വർദ്ധിച്ചതോടെ വൈദ്യുതി കണക്ഷനും വിച്ഛേദിക്കപ്പെട്ടു. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ അത് ഏറ്റെടുത്ത് സ്മാരകമാക്കി സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് അതിനായി പലരും ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. സ്ഥലം വാങ്ങി മുറിച്ചു വിൽക്കുന്ന ഒരു ഗ്രൂപ്പിന്റെ കയ്യിലാണ് ഇപ്പോൾ ആ ഭൂമി. ഇവര്‍ ആദ്യം എടുത്ത് മാറ്റിയത് കുഞ്ചോക്കോയുടെ അർദ്ധകായക പ്രതിമയായിരുന്നു. അതിന് ശേഷം കന്യാമറിയത്തിന്റെ രൂപകൂട് പൊളിച്ചു. ഈ രൂപം കലവൂരിന് സമീപമുള്ള ആത്മീയ സ്ഥാപനമായ കൃപാസനത്തിലേക്ക് മാറ്റി. സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ ക്യാമറകളും അപ്രത്യക്ഷമായി. അത് ഇന്ന് ഏതോ സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ക്യാമറ വീണ്ടെടുത്ത് ചരിത്ര സ്മാരകമാക്കി സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഉദയയുടെ ആരാധകർ നടത്തിവരുന്നുണ്ട്. പ്രശസ്തമായ നസീർ കോട്ടേജ്, രാഗിണി കോട്ടേജ് എല്ലാം പൊളിച്ചു നീക്കി. ആ കോമ്പൗണ്ട് ഇപ്പോൾ വിജനമാണ്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.