Web Desk

December 11, 2019, 12:32 pm

എന്നെയും ഇല്ലാതാക്കാൻ ശ്രമം, പ്രേം കുമാറിനെ കൈയ്യൊഴിഞ്ഞ് സുനിതയും: നിർണ്ണായക തുമ്പായി വോയ്‌സ്‌ക്ലിപ്പ്

Janayugom Online

തിരുവനന്തപുരം: കാമുകിപ്പൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വിദ്യയുടെ കൊലപാതകത്തിനു ശേഷം സുനിതയും പ്രേംകുമാറും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയെങ്കിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് തന്നെയും കൊല്ലുമോ എന്ന് ഭയപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. അതേസമയം ഉദയംപേരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച ഒരു വാട്സാപ് സന്ദേശവും പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയുമാണു പ്രതികളിലേക്കെത്തുന്നതിൽ സഹായകരമായത്. ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നായിരുന്നു സന്ദേശം. കുറ്റബോധം കാരണവും സുനിതയെ രക്ഷിക്കാനും വേണ്ടി പ്രേംകുമാർ മനഃപൂർവം അയച്ചാതാകാമെന്നും അതല്ല പ്രേംകുമാറിന്റെ സൃഹൃത്തുക്കളിലൊരാൾ പൊലീസിനു വിവരം ചോർത്തുകയായിരുന്നുവെന്നും സംശയമുണ്ട്. പ്രേംകുമാർ നേരത്തെ സഹായം തേടിയ സുഹൃത്താണിതെന്നാണു സൂചന.

ജില്ലയിലെ ഹൈസ്കൂളിൽ 1994ൽ ഒരേ ക്ലാസിൽ പഠിച്ചവരാണ് പ്രേംകുമാറും സുനിതയും. സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിലൂടെ വീണ്ടും പരസ്പരം കണ്ടെത്തി. പരിചയം പുതുക്കി. മേയിൽ സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പഠന കാലത്തു പറയാതിരുന്ന പ്രണയം ഇരുവരും തുറന്നു പറഞ്ഞു. തുടർന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയിൽ ചേർന്നു. പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേർന്ന് വീട് വാടകയ്ക്കെടുത്തു. സുനിതയ്ക്കൊപ്പം ഒരുമിച്ച് രണ്ട് മാസം താമസിച്ച സമയത്തു തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയിരുന്നതായി പൊലീസ് വ്യക്തമാക്കി.

you may also like this video

തുടർന്നാണ് പ്രേംകുമാർ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടത്. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാൻ ഒരുങ്ങിയിരുന്നു. പ്രേംകുമാർ ഗൾഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായി പൊലീസ് പറയുന്നു. കൂസലില്ലാതെയാണു പ്രതികൾ പെരുമാറിയതെന്നു പൊലീസ്. തലയിൽ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോൾ പ്രേംകുമാർ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇവർ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും നിന്നതെന്നും പൊലീസ് പറയുന്നു.

കൊലപ്പെടുത്തിയ ശേഷം വിദ്യയുടെ മൃതദേഹം പേയാട്ടെ വില്ലയിൽ നിന്നു കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. പേയാട്ടെ വില്ലയിൽ നിന്ന് 14 മണിക്കൂറിനു ശേഷമാണ് മൃതദേഹം മാറ്റിയത്. പുലർച്ചെ രണ്ടോടെ കൊല നടത്തിയ ശേഷം ഇരുവരും കിടന്നുറങ്ങി. രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിലേക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.