Web Desk

December 13, 2019, 5:54 pm

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; തമിഴ് സിനിമാ താരം അറസ്റ്റിൽ

Janayugom Online

ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് റോഡ് ഉപരോധിച്ച ഡിഎംകെ യുവജനവിഭാഗം നേതാവും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിനെയും നിരവധി പാർട്ടി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി സൈദാപേട്ടിൽ പ്രതിഷേധം നടത്തുകയായിരുന്നു.

ബില്ലിന്റെ പകർപ്പുകൾ പ്രവർത്തകർ വലിച്ചുകീറുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ബിൽ ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴർക്കും എതിരാണെന്നും, പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഉദയനിധി സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു.

Image result for uday stalin arrest

വടക്കുകിഴക്കൽ സംസ്ഥാനങ്ങളിലും ബില്ലിനെതിരെ പ്രതിഷേധം ശക്തമാകവെ, ബംഗാളിൽ മഹാറാലിയ്ക്ക് മുഖ്യമന്ത്രി മമതാ ബാനർജി ആഹ്വാനം ചെയ്തു. തിങ്കളാഴ്ച തലസ്ഥാന നഗരമായ കൊൽക്കത്തയിൽ റാലി സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു. ‘എൻ‌ആർ‌സിയും (ദേശീയ പൗരത്വ രജിസ്റ്റർ) പൗരത്വ നിയമവും ബംഗാളിൽ ഒരിക്കലും അനുവദിക്കില്ലെന്നും ഭേദഗതി ചെയ്ത നിയമം പാർലമെന്റിൽ പാസാക്കിയിട്ടുണ്ടെങ്കിലും ഞങ്ങൾ അത് നടപ്പാക്കില്ലെന്നും’– മമത പറഞ്ഞു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്ത്യയിലേയ്ക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിലെ പൗരത്വം നൽകുന്നതാണ് ബിൽ. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയിരുന്നു. ബില്ലിൽ നിന്ന് മുസ്ലീം വിഭാഗങ്ങളെ പരാമർശിക്കാതെ ഒഴിവാക്കിയതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാണ്.

you may also like this video;