സുരേന്ദ്രൻ കുത്തനൂർ

തൃശൂർ:

October 25, 2020, 10:07 pm

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് യുഡിഎഫ്

തീവ്ര സ്വഭാവമുള്ളവയുൾപ്പെടെയുള്ള മത സംഘടനകളുമായി പരസ്യ-രഹസ്യ ചർച്ചകൾ
Janayugom Online

സുരേന്ദ്രൻ കുത്തനൂർ

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിയെ നേരിടാൻ വർഗീയ ധ്രുവീകരണത്തിന് യുഡിഎഫ് നീക്കം തുടങ്ങി. ഇന്ന് സീറോ മലബാർ സഭാ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്ക്കൻ എന്നിവർ എത്തിയതും ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ലെങ്കിലും യുഡിഎഫിന്റെ അവസ്ഥയിൽ സഭാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതായാണ് അറിയുന്നത്. തീവ്ര സ്വഭാവമുള്ളവയുൾപ്പെടെയുള്ള മത സംഘടനകളുമായി യുഡിഎഫ് നേതാക്കൾ രഹസ്യമായും പരസ്യമായും ചർച്ചകൾ തുടങ്ങി. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകൾ മുതൽ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവയുൾപ്പെടെയുള്ളവയുടെ നേതാക്കളുമായാണ് ധാരണാ ചർച്ചകൾ നടന്നത്. ഹിന്ദു സംഘടനകളുമായുള്ള ചർച്ചക്ക് രമേശ് ചെന്നിത്തലയും ക്രിസ്ത്യൻ സംഘടനകളുമായി പി ജെ ജോസഫും മുസ്‌ലീം സംഘടനകളുമായി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുമായി യോജിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യുഡിഎഫ് വ്യക്തമാക്കിക്കഴിഞ്ഞു. എന്ത് വിട്ടുവീഴ്ച ചെയ്തും എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കണമെന്ന് വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന നേതൃയോഗം തന്നെ തീരുമാനിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ഐക്യം വളർത്താനും എസ്ഡിപിഐ, പിഡിപി എന്നീ പാർട്ടികളുമായി ബന്ധമുണ്ടാക്കാനുമാണ് ധാരണ. ഇത്തരം മുസ്‌ലീം സംഘടനകളുമായി സഖ്യം ഉറപ്പിക്കാൻ മുസ്‌ലീം ലീഗിനെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നതാണ്. വർഗീയ പാർട്ടികളെ യുഡിഎഫിൽ ചേർക്കാതെ സീറ്റടിസ്ഥാനത്തിലുള്ള നീക്കുപോക്കിലൂടെ കൂട്ടുകെട്ടുണ്ടാക്കുക എന്നതാണ് ധാരണ. യുഡിഎഫ് കൺവീനറായി നിയമിതനായ ഉടൻ എം എം ഹസൻ ജമാ അത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുൾ അസീസിനെ സന്ദർശിച്ചിരുന്നു. ആർച്ച് ബിഷപ്പ് മാർ സൂസപാക്യം, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, ഹുസൈൻ മടവൂർ തുടങ്ങിയ മതനേതാക്കളെയും ഹസൻ കണ്ടിരുന്നു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയായിരുന്നു മതനേതാക്കളെ കണ്ട് പിന്തുണ തേടാൻ ഹസനെ നിയോഗിച്ചത്. ജമാ അത്തെ ഇസ്ലാമി അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മതേതര കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന വിശദീകരണവുമായി വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം രംഗത്തെത്തിയത്. യുഡിഎഫിൽ ചേരുകയല്ല പ്രാദേശികതലത്തിൽ ചില ധാരണകൾ മാത്രമാണുണ്ടാകുക എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. യുഡിഎഫുമായി സഖ്യ സാധ്യതാ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ മുന്നണിയിലെ പ്രധാനകകക്ഷിയായ മുസ്‌ലിം ലീഗിന്റെ നേതാവിനെതിരെ പ്രതികരിക്കരുതെന്ന് പാർട്ടിയുടെ നിർദ്ദേശമുണ്ടായിരുന്നുവെന്ന് വെൽഫെയർ പാർട്ടിയിൽനിന്നും രാജിവച്ചുകൊണ്ട് വൈസ് പ്രസിഡന്റായിരുന്ന ശ്രീജ നെയ്യാറ്റിൻകര കഴിഞ്ഞ മാസം വ്യക്തമാക്കിയതാണ്. ഏതാണ്ട് ഇതേ ആരോപണവുമായി എസ്ഡിപിഐ നേതാവ് എം കെ മനോജ് കുമാറും പാർട്ടി വിട്ടിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു.

ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചതാണ് എന്നായിരുന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അന്ന് പറഞ്ഞിരുന്നത്. പി ജെ ജോസഫ്, മോൻസ് ജോസഫ്, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സഭയെയും സമുദായത്തെയും സഹായിക്കുന്നവരെ സഹായിക്കുക എന്നാണ് സഭയുടെ നയമെന്നാണ് ജോർജ് ആലഞ്ചേരി നേതാക്കളോട് പറഞ്ഞത്. യുഡിഎഫിന് പിന്തുണ അഭ്യർത്ഥിച്ച് മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരും മാർ ജോർജ് ആലഞ്ചേരി, മാർ ആൻഡ്രൂസ് താഴത്ത് എന്നിവരെ കണ്ടു. ന്യൂനപക്ഷ അവകാശങ്ങളിൽ തുല്യതക്ക് വേണ്ടിയുള്ള നിലപാട് എല്ലാവരിൽ നിന്നും ഉണ്ടാകണമെന്ന് ജോർജ് ആലഞ്ചേരി ലീഗ് നേതാക്കളെ ഓർമ്മിപ്പിക്കുകയും ചെയ്തു.

ENGLISH SUMMARY: UDF aims at com­mu­nal polarization

YOU MAY ALSO LIKE THIS VIDEO