Web Desk

തൃശൂര്‍

December 06, 2020, 7:00 pm

യുഡിഎഫും ബിജെപിയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ മത്സരിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍

Janayugom Online

മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലുള്ള ഐക്യത്തില്‍ ഭിന്നത സൃഷ്ടിക്കാനാണ് യുഡിഎഫ്-ബിജെപി ശ്രമമെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍. തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മിറ്റ് ദി പ്രസില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ കൊടുമുടികയറിയ കഴിഞ്ഞ അഞ്ച്‌വര്‍ഷത്തെ കുറിച്ച് ചര്‍ച്ചചെയ്യാതെ മതത്തിന്റെയും വര്‍ഗീയതയുടെയും കൂട്ടുപിടിച്ച് കേരളത്തിന്റെ മതേതരത്വത്തെ തകര്‍ക്കാനുള്ള ശ്രമമാണ് യുഡിഎഫും എന്‍ഡിഎ നേതൃത്വവം ശ്രമിക്കുന്നത്. എല്‍ഡിഎഫിനെ നേരിടാനുള്ള ശേഷി യുഡിഎഫിന് ഇല്ലത്തതിനാല്‍ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ മതവര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിക്കുകയാണ്.
രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ജനങ്ങള്‍ ഉത്കണ്ഠാകുലരാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളകാരെ പോലെയാണ് ജനങ്ങള്‍ക്ക് ഭക്ഷണം തരുന്ന കര്‍ഷകര്‍. കരിനിയമങ്ങള്‍ അവര്‍ക്കിടയില്‍ പ്രയോഗിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാതെ മറ്റു മാര്‍ഗങ്ങളില്ല്. പക്ഷേ ശത്രു രാജ്യത്തിലെ സൈന്യത്തെ നേരിടുന്ന പോലെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ നേരിടുന്നത്. രാജ്യത്തെ ഈ ദുസ്ഥിതി കര്‍ഷകര്‍ക്ക് മാത്രമല്ല എല്ലാവിഭാഗം ജനങ്ങളുടെയും സ്ഥിതിയാണ്. പാചകവാതകത്തിന് 50 രൂപ കൂട്ടി, 13 ദിവസമായി പെട്രോള്‍ ഡിസല്‍ വിലവര്‍ദ്ധന തുടരുകയാണ്.
നാടിനെ നന്മയോടെ നയിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നത് ജനം മനസിലാക്കിയിട്ടുണ്ട്. ഏതൊരു പ്രതിസന്ധിഘട്ടത്തിലും ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കോവിഡ് മാഹമാരി കാലത്ത് 20000 കോടി രൂപയുടെ പക്കേജ് പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കി. ജനങ്ങളെ പട്ടിണിക്കിടാതെ ആഹാരം നല്‍കിയ സര്‍ക്കാര്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. അവര്‍ക്കിടയില്‍ പ്രതിപക്ഷത്തിന്റെ വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസേ ഉണ്ടാകൂ എന്നും പന്ന്യന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തെന്നല്ല, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന ഒരു കേസിനെയും ഇടതുമുന്നണി ഭയക്കുന്നില്ലെന്നും കൃത്യമായ അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നും പന്ന്യന്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസി. സെക്രട്ടറി പി ബാലചന്ദ്രന്‍, മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറി വിനീത സ്വാഗതവും ഗസൂൻജി നന്ദിയും പറഞ്ഞു.