Web Desk

October 22, 2020, 2:00 am

മതനിരപേക്ഷ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ തീക്കളി

Janayugom Online

മാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുന്നണിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടാന്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങള്‍ ജനാധിപത്യ, മതേതര കേരളത്തില്‍ ആശങ്ക വളര്‍ത്തുന്നത് സ്വാഭാവികമാണ്. യുഡിഎഫ് കണ്‍വീനര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള അമീറുമായി നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസില്‍ത്തന്നെ ഗണ്യമായ ഒരു വിഭാഗത്തെ അസ്വസ്ഥമാക്കിയതായാണ് വാര്‍ത്ത. യുഡിഎഫുമായി രാഷ്ട്രീയ സഖ്യം രൂപപ്പെട്ടതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്വാധീനത്തില്‍ ഉണ്ടായ ഇടിവായിരിക്കാം പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫ് മുന്നണിയിലേക്ക് ആനയിക്കാന്‍ കണ്‍വീനര്‍ക്ക് പ്രേരകമായിട്ടുണ്ടാകുക. എന്നാല്‍ അത് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് വഴിതെളിക്കുമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയ ധ്രുവീകരണം മാത്രം ആയുധമാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി സംഘപരിവാര്‍ ശക്തികളുടെ പ്രചാരണതന്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയാണ് യുഡിഎഫ് നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫിനെ പിന്തുണച്ചിരുന്നു. ആ പിന്തുണയുടെ നേട്ടംകൊയ്ത നേതാക്കളാണ് ഇപ്പോഴത്തെ അപകടകരമായ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പിന്നില്‍. അവരില്‍ ചിലരെങ്കിലും അത്തരമൊരു രാഷ്ട്രീയസഖ്യത്തിന് അനുകൂലമായി ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നടത്തുന്ന നീക്കങ്ങള്‍ ഉന്നത ലീഗ് നേതൃത്വത്തിന്റെ അറിവോടെയും അനുഗ്രഹാശിസുകളോടെയുമാണെന്നത് സംസ്ഥാനത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ കലുഷിതമാക്കാനേ സഹായിക്കു.

ഏതു രാഷ്ട്രീയ ആദര്‍ശങ്ങളിലും വിശ്വസിക്കുന്നവരുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നതും അത് സ്വീകരിക്കുന്നതും ജനാധിപത്യ വ്യവസ്ഥയില്‍ അസാധാരണമല്ല. എന്നാല്‍ സുവ്യക്തവും പ്രഖ്യാപിതവുമായ വര്‍ഗീയ അജണ്ട മുന്നോട്ടുവച്ചു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും സഖ്യത്തില്‍ ഏര്‍പ്പെടുന്നതും തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന രാഷ്ട്രീയ തീക്കളിയായിരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയ സഖ്യം മതനിരപേക്ഷതക്കെതിരായ ശക്തമായ ആയുധമാക്കാന്‍ ബിജെപിയും സം­­ഘ­പരിവാറും മടിക്കില്ല. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യത്തെ ഇസ്‌ലാമിക തീവ്രവാദം കേരളത്തില്‍ രാഷ്ട്രീയ അധികാരം കയ്യാളാന്‍ നടത്തുന്ന ശ്രമമായി ബിജെപി ഉപയോഗിക്കുക തന്നെ ചെയ്യും. മതന്യൂനപക്ഷങ്ങളെ പൊതുവിലും മുസ്‌ലിം ജനവിഭാഗത്തെ പ്രത്യേകിച്ചും അപരന്മാരായി വേര്‍തിരിക്കുക എന്നത് ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രഖ്യാപിതലക്ഷ്യമാണ്. അത്തരം ഭിന്നിപ്പിക്കല്‍ തന്ത്രത്തിലൂടെയാണ് അവര്‍ കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും അധികാരത്തിലേക്കുള്ള വഴി വെട്ടിത്തുറന്നത്. മുസ്‌ലിം മതന്യൂനപക്ഷത്തെ തീവ്രവാദികളായും ദേശദ്രോഹികളായും ചിത്രീകരിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും തീവ്ര ഹിന്ദുത്വ ശക്തികള്‍ പാഴാക്കിയ ചരിത്രമില്ല. ഒരു വിഭാഗം കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വത്തിന്റെ അപക്വവും രാഷ്ട്രീയ ദീര്‍ഘവീക്ഷണം കൂടാതെയുമുള്ള ഇപ്പോഴത്തെ നീക്കം തീവ്ര ഹിന്ദുത്വശക്തികള്‍ക്കു കരുത്തുപകരുക മാത്രമല്ല, മുസ്‌ലിം മതന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അരക്ഷിതബോധത്തിന് ആക്കം കൂട്ടുന്നതുമായിരിക്കും.

രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയില്‍ മതന്യൂനപക്ഷങ്ങളും ദളിത് ആദിവാസി ജനവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന അരക്ഷിതബോധത്തെയും ഭയത്തേയും കേരളത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് സംസ്ഥാനത്തെ ശക്തമായ മതേതര ബോധവും അതില്‍ അധിഷ്ഠിതമായ രാഷ്ട്രീയവുമാണ്. യുഡിഎഫിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പരവതാനി വിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ആ സാമൂഹ്യ സന്തുലിതാവസ്ഥയെയാണ് വെല്ലുവിളിക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ വിലമതിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകരടക്കം കേരളജനത അപകടകരമായ ഈ രാഷ്ട്രീയ തീക്കളി തിരസ്കരിക്കാന്‍ സന്നദ്ധമാകണം.