Web Desk

January 25, 2021, 12:07 pm

സിബിഐ അന്വേഷിക്കണമെന്ന മുറവിളിയുമായി യുഡിഎഫ്; അവസാനം സോളാറില്‍ കോണ്‍ഗ്രസ് ഉലയുന്നു

Janayugom Online

കേരളത്തിൽ ഏത്‌ കേസായാലും സിബിഐ അന്വേഷിക്കണമെന്ന മുറവിളിയാണ്‌ സംസ്ഥാനത്തെ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്.കേന്ദ്ര ഏജന്‍സികളെകൊണ്ട് അന്വേഷണം നടത്തി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ഇല്ലായ്തമ ചെയ്യുകതയാണെന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും, അശോക് ഗെഹ് ലോട്ടും അഭിപ്രായപ്പെട്ടിരുന്നു, കേരളത്തിലെ കോണ്‍ഗ്രസിനും, യുഡിഎഫിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമല്ല . അവര്‍ എന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് ഇല്ലായ്മ ചെയ്യിക്കുകയെന്നുള്ളതാണ്. ഇപ്പോള്‍ സോളാറുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷണത്തിലാണ്. എന്നാല്‍ സോളാര്‍ ലൈഗിക പീഡനം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അതിന് ഇരയായ സ്ത്രീമുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതിനാലാണ് ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന സോളാർ ലൈംഗിക പീഡന കേസുകൾ‌ സർക്കാർ സിബിഐക്ക്‌ വിട്ടത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്‌, ഹൈബി ഈഡൻ, മുൻമന്ത്രി എ പി അനിൽകുമാർ എംഎൽഎ, ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റ്‌‌ എ പി അബ്‌ദുള്ളക്കുട്ടി എന്നിവരാണ്‌ കേസിലെ പ്രതികൾ.ഇരയായ സ്‌ത്രീ മുഖ്യമന്ത്രിക്ക്‌‌ നൽകിയ പരാതിയെ തുടർന്നാണ് നടപടി.‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന ആറ്‌ കേസുകൾ‌ സിബിഐക്ക്‌ വിട്ട്‌ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ശനിയാഴ്‌ച രാത്രിയാണ്‌ വിജ്ഞാപനമിറക്കി‌യത്‌. തുടർന്ന്‌ സിബിഐ ചുമതലയുള്ള കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തെ അറിയിച്ചു.പേഴ്‌സണൽ മന്ത്രാലയം ഉത്തരവിറക്കിയാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ സിബിഐ അന്വേഷണം ആരംഭിക്കാം.

ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റർ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മൻചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂർ പ്രകാശിനെതിരായ 141/2019, എ പി അനിൽകുമാറിനെതിരായ 142/2019 എന്നീ കേസുകളാണ്‌ സിബിഐക്ക്‌ വിട്ടത്‌. യുഡിഎഫ്‌ സർക്കാർ നിയോഗിച്ച സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട്‌ ശുപാർശ പ്രകാരവും ഇരയുടെ പരാതിയിലുമാണ്‌ ഈ കേസുകൾ രജിസ്‌റ്റർ ചെയ്‌തത്‌. എ പി അനിൽകുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന്‌ മുമ്പിൽ രഹസ്യമൊഴിയും നൽകി. അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ൽ രജിസ്‌റ്റർ ചെയ്‌ത 128/സിആർ/എച്ച്‌എച്ച്‌ഡബ്യൂ- –-1/ടിവിഎം കേസ്‌ ഉമ്മൻചാണ്ടിയുടെ കാലത്ത്‌ ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌തതാണ്‌. ആദ്യം കന്റോൺ‌മെന്റ്‌ അസി. കമീഷണർ അന്വേഷിച്ച ഈ കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഇര മജിസ്‌ട്രേട്ടിന്‌ മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു.സോളാർ പദ്ധതിയുടെ ഭാഗമായി ടീം സോളാർ ഉദ്യോഗസ്ഥയായ വനിതാ സംരംഭകയെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും മറ്റിടങ്ങളിലും വച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. സോളാർ തട്ടിപ്പ്‌ സംബന്ധിച്ച്‌ എൽഡിഎഫ്‌ നിയമസഭയ്‌ക്കകത്തും പുറത്തും നടത്തിയ പ്രക്ഷോഭത്തെ തുടർന്ന്‌ 2013 ഒക്‌ടോബർ 29നാണ്‌ ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയമിച്ചത്‌. റിട്ട.‌ ജസ്‌റ്റിസ്‌ ജി ശിവരാജൻ കമീഷൻ 2017 സെപ്‌തംബർ 26ന്‌ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. അഴിമതി വിജിലൻസും കുറ്റകൃത്യം പൊലീസും വിശദമായി അന്വേഷിക്കണമെന്നായിരുന്നു പ്രധാന ശുപാർശ. നിയമ വിദഗ്‌ധരുമായി ആലോചിച്ച ശേഷം കേസ്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറി. അന്വേഷണത്തിന്‌ പ്രത്യേക സംഘവും രൂപീകരിച്ചു. 2017 ഒക്‌ടോബർ 16ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആക്‌ഷൻ ടേക്കൺ റിപ്പോർട്ട്‌ നിയമസഭയിലും വച്ചു.സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച സോളാർ ലൈംഗികപീഡന കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടത്‌ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമീഷൻ. കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ കൈമാറിയപ്പോൾ കേരള പൊലീസിൽ വിശ്വാസമില്ലെന്ന്‌ പറഞ്ഞതും ഉമ്മൻചാണ്ടിയടക്കമുള്ള പ്രതികൾ. എല്ലാ കേസിലും സിബിഐയെ വിളിക്കാൻ മുറവിളി കൂട്ടുന്നവർ ഈ കേസിൽ സിബിഐ വരുമ്പോൾ വിമർശിക്കുന്നത്‌‌ വിരോധാഭാസവും.സംസ്ഥാനാന്തര ബന്ധമുള്ള കേസായതിനാൽ സിബിഐ അന്വേഷിക്കുന്നതാണ്‌ നല്ലതെന്ന വിലയിരുത്തലും ഇരയുടെ പരാതിയുമാണ്‌ പുതിയ തീരുമാനത്തിലേക്ക്‌ സർക്കാരിനെ എത്തിച്ചത്‌.

സോളാർ കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ്‌ യുഡിഎഫ്‌ നേതാക്കളുടെ ആരോപണം‌. ലൈംഗികമായി പീഡിപ്പിച്ചതായി ഇരയാണ്‌ പറഞ്ഞത്‌. പീഡിപ്പിച്ചവരുടെ പേരുവിവരം ഉൾപ്പെടെയുള്ള വിശദമായ കത്ത്‌ കോടതിക്കും നൽകി. സാമ്പത്തിക അഴിമതി നടന്നെന്നും ഇര പറഞ്ഞു. തട്ടിപ്പിനിരയായതായി കോൺഗ്രസ്‌ നേതാവ്‌ മല്ലേലിൽ ശ്രീധരൻ നായർ അടക്കമുള്ളവർ പറഞ്ഞു. ഉമ്മൻചാണ്ടിയുമായി സരിതയ്‌ക്കുള്ള ബന്ധമാണ്‌ പണം കൊടുക്കാനിടയാക്കിയതെന്നും ശ്രീധരൻ നായർ പറഞ്ഞു.സോളാർ തട്ടിപ്പ് കേസും അതിൽ രാഷ്ട്രീയ ‑ഉദ്യോഗസ്ഥ‑ഭരണ നേതൃത്വത്തിലുള്ളവരുടെ കുറ്റകരമായ പങ്കും അന്വേഷിക്കാൻ 2013 ഒക്‌ടോബർ 28ന്‌ ഉമ്മൻ‌ചാണ്ടി റിട്ട. ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണ കമീഷനായി നിയോഗിച്ചത്. നാലുവർഷത്തെ തെളിവെടുപ്പിനും വിസ്‌താരത്തിനുംശേഷം റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിച്ചു. അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും ഉപദേശം തേടിയശേഷം 2017 ഒക്‌ടോബർ 11നു ചേർന്ന മന്ത്രിസഭായോഗം റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും അംഗീകരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശവുംതേടി. മൂന്ന്‌ നിയമോപദേശങ്ങളുടെയും കമീഷന്റെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ്‌ തുടർ നടപടി സ്വീകരിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ രാഷ്‌ട്രീയ തീരുമാനമല്ല സോളാർ കേസന്വേഷണമെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

കേരളത്തിൽ ഏത്‌ കേസായാലും സിബിഐ അന്വേഷിക്കണമെന്ന മുറവിളിയാണ്‌ യുഡിഎഫിന്റേത്‌. ലൈഫ്‌ പദ്ധതിക്കെതിരെ പോലും കത്തെഴുതി സിബിഐയെ വിളിച്ചുവരുത്തി‌. ഏറ്റവും ഒടുവിൽ വിവാദമായ വാളയാർ കേസും സിബിഐക്കു വിടാൻ സർക്കാർ തീരുമാനിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തിരിച്ചടിയുണ്ടാകുുമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ അങ്കലാപ്പ് ശക്തമായിരിക്കുന്നു. രാഷ്ട്രീയ സാഹചര്യം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഐ വിഭാഗവും.

eng­lish sum­ma­ry ; UDF calls for CBI probe; Final­ly, Con­gress is rock­ing the solar
you may also like this video;