യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു: കാനം രാജേന്ദ്രന്‍

Web Desk
Posted on October 15, 2019, 5:17 pm

തിരുവനന്തപുരം: തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അതിനുള്ള മറുപടിയാകും ഉപതെരഞ്ഞെടുപ്പിലൂടെ ജനം നല്‍കുകയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതാന്‍ കേരളം തയാറെടുക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ദിശ എങ്ങോട്ടാണ് എന്ന് പാലാ ഉപതരെഞ്ഞെടുപ്പിലൂടെ വ്യക്തമായി.

അര നൂറ്റാണ്ടിലധികമായി യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചിരുന്ന പാലാ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വമ്പിച്ച വിജയം കരസ്ഥമാക്കി. ഇപ്പോള്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍ ഒഴികെയുള്ള മണ്ഡലങ്ങള്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലങ്ങളാണ്. ആ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്പാലാ ഉപതെരഞ്ഞടുപ്പിന്റെ പശ്ചാത്തലം ഈ ശ്രമങ്ങള്‍ക്ക് കുടൂതല്‍ കരുത്തേകുന്നുണ്ടെന്നും കാനം പറഞ്ഞു. അവരുടെ അന്തച്ഛിദ്രം കൊണ്ടാണ് പാലായിലെ വിജയമെന്ന് വരുത്തിത്തീര്‍ത്ത് എല്‍ഡിഎഫിന്റെ വിജയത്തെ വിലകുറച്ചു കാണിക്കാന്‍ ആണ് യുഡിഎഫ് ശ്രമം. അങ്ങിയാണെങ്കില്‍ 2016 ല്‍ 54000 വോട്ട് അവിടെ കിട്ടിയത് എല്‍ഡിഎഫിന് ആണ് എന്ന കണക്ക് അവര്‍ മറന്നു പോയിക്കാണുമെന്നും കാനം പറഞ്ഞു. അതിനേക്കാള്‍ 42 വോട്ട് കുറവാണ് ഇത്തവണ എല്‍ഡിഎഫിന്.

ആരുടെയെങ്കിലും അന്തച്ഛിദ്രമോ വോട്ട് കച്ചവടമോ ആണെന്ന് പറഞ്ഞ് ആ തെരഞ്ഞെടുപ്പ് വിജയത്തിനെ വിലകുറച്ച് കാണാന്‍ ആരും ശ്രമിക്കണ്ട. ബിജെപിക്കും യുഡിഎഫിനും ഇവിടെ വോട്ട് കുറഞ്ഞു. രാഷ്ട്രീയമായി ജനങ്ങള്‍ മാറിചിന്തിച്ചു എന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനോട് ഒപ്പം നിന്ന ജനങ്ങള്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ എല്‍ഡിഎഫിനോടൊപ്പം നിന്നു എന്നാണ് അതിന്റെ അര്‍ഥം. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ യുഡിഎഫ് നടത്തിയ അസത്യപ്രസ്താവനയ്ക്ക് പ്രതികാരം ചെയ്യാന്‍ ജനങ്ങള്‍ക്ക് ഒരവസരം ഉണ്ടായി. നരേന്ദ്ര മോഡിക്ക് ബദല്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നാണ് അവര്‍ പറഞ്ഞത്. ഔദ്യോഗിക പ്രതിപക്ഷമാകാനുള്ള സീറ്റു പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല.

സത്യത്തില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കോണ്‍ഗ്രസ്. കേരളത്തിലെ 85 ശതമാനം ജനങ്ങളും നരേന്ദ്രമോഡിക്ക് എതിരായി വോട്ട് ചെയ്തവരാണ്. കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭയാണെന്ന് വിമര്‍ശിച്ച ചെന്നിത്തലയ്ക്ക് പാലായിലെ വിജയത്തിന് ശേഷം എന്ത് പറയാനുണ്ടെന്നും കാനം ചോദിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണ് അതുകൊണ്ട് ശേഷിച്ച കാലം ജീവിക്കാമെന്നാണ് ആഗ്രഹമെങ്കില്‍ അത് നടക്കില്ലെന്നു ജനം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ മാറ്റം ഉണ്ടാകും. ജനപക്ഷ നിലപാടുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ പൂര്‍ണമായും നടപ്പാക്കി റെക്കോഡ് സൃഷ്ടിക്കുമെന്നും കാനം പറഞ്ഞു. 600 ലധികം വാഗ്ദാനങ്ങളില്‍ 500 ലധികം നടപ്പാക്കികഴിഞ്ഞു. പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.

ജനങ്ങളുടെ മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ യോജിച്ച് മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഒപ്പമാണ് കേരളത്തിലെ ജനങ്ങള്‍ എന്ന് ഈ ഉപതെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി തെളിയിക്കാന്‍ പോവുകയാണെന്നും കാനം പറഞ്ഞു. എന്‍എസ്എസ് ഈ സര്‍ക്കാരിനോട് സഹകരിച്ചിട്ടേയുള്ളുവെന്നും വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമേ അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളുവെന്നാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതെന്നും കാനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിനോട് എതിര്‍പ്പുള്ളുവെന്ന് വ്യക്തമാക്കിയ ശേഷവും മറ്റൊരുതരത്തില്‍ പ്രചാരണം നടത്തുന്നത് അതു വഴി എന്തെങ്ങിലും ഗുണം കിട്ടുമെങ്കില്‍ അത് വാങ്ങിക്കാമെന്ന യുഡിഎഫിന്റെ ആഗ്ര ഹമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ ഏത് സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും ബാധ്യതയുണ്ട്. ഭരണഘടനാപരമായ ഈ ബാധ്യത നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയ സര്‍ക്കാരിനെക്കുറിച്ച് എന്‍എസ്എസിന് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് പറയാനുള്ള സ്വാതന്ത്യം അവര്‍ക്കുണ്ട്.
സമദൂരവും ശരിദൂരവും ഓരോ സംഘടനയുടെ സ്വാതന്ത്യ്രമാണ്. ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് ഇതുവരെ പറഞ്ഞതായി തനിക്ക് അറിയില്ലെന്നും കാനം പറഞ്ഞു. ഇപ്പോഴും അങ്ങിനെ പറഞ്ഞിട്ടില്ല. സമദൂരവും ശരിദൂരവുമെല്ലാം അവര്‍ ഉപയോഗിക്കുന്ന വാക്കുകളാണ്.

എല്‍ഡിഎഫ് ഏതെങ്കിലും സമുദായ സംഘടനകളുമായോ മത വിഭാഗവുമായോ തര്‍ക്കത്തിന് പോകാറില്ലെന്നും കാനം പറഞ്ഞു. എല്ലാ സമുദായത്തിലും സംഘടനയിലും വിവിധ രാഷ്ട്രീയ വിശ്വാസമുള്ള ആളുകളുണ്ട്. അവര്‍ അവരുടെ രാഷ്ട്രീയ വിശ്വാസത്തിനനുസരിച്ച് വോട്ട് ചെയ്യും. അതുകൊണ്ടാണ് ഇവര്‍ എല്ലാവരും എതിര്‍ക്കുമ്പോഴും എല്‍ഡിഎഫ് ജയിക്കുന്നതെന്നും കാനം പറഞ്ഞു. സമുദായ സംഘടനകള്‍ക്ക് ഏത് സമയത്തും സര്‍ക്കാരിനോടോ രാഷ്ട്രീയ നേതൃത്വത്തോടോ അഭിപ്രായം പറയാന്‍ സ്വാതന്ത്യ്രമുണ്ട്. അത് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമേ നടപ്പാക്കുവെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹാരിസണ്‍ ഭുമിയുമായി ബന്ധപ്പെട്ട് എല്ലാ സിവില്‍ കേസുകളും നടത്തുന്നത് അവിടത്തെ ജില്ലാ കളക്ടര്‍മാരാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ , പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍, പ്രസിഡന്റ് സോണിച്ചന്‍ പി ജോസഫ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.