20 July 2025, Sunday
KSFE Galaxy Chits Banner 2

Related news

July 19, 2025
July 10, 2025
July 10, 2025
July 8, 2025
July 7, 2025
July 6, 2025
July 6, 2025
July 6, 2025
July 2, 2025
June 30, 2025

യുഡിഎഫ് മലക്കം മറിയുന്നു; അഴിഞ്ഞു വീണത് മതേതര മുഖംമൂടി

സുരേഷ് എടപ്പാൾ
നിലമ്പൂർ
June 11, 2025 10:36 pm

കാൽച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്നെന്ന തിരിച്ചറിവിൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ മതരാഷ്ട്രവാദികളുമായി യുഡിഎഫ് ഉണ്ടാക്കിയ സഖ്യം മതേതരസമൂഹത്തിൽ ആശങ്ക പടർത്തുന്നു. മതേതരത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും നിരന്തരം വാചകക്കസർത്ത് നടത്തുന്നവർ ഒരു ഉപതെരഞ്ഞെടുപ്പിൽ ജയം ലക്ഷ്യമാക്കി തീവ്രസ്വഭാവമുളള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫയർ പാർട്ടിയുമായി പരസ്യമായി കൈകോർക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും വെൽഫയർ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. പകരം യുഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ജമാഅത്തെ നേതാക്കൾ മുന്നോട്ടുവയ്ക്കുകയായിരുന്നു. തത്വത്തിൽ ഈ ആവശ്യം യുഡിഎഫ് അംഗീകരിച്ചതായാണ് വിവരം. വരുന്ന തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി പരസ്യമായ സംഖ്യത്തിലായിരിക്കും യുഡിഎഫ് മത്സരിക്കുക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മലപ്പുറത്തടക്കം പലയിടങ്ങളിലും യുഡിഎഫ് പ്രത്യേകിച്ച് മുസ്ലിം ലീഗ് വെൽഫയറുമായി ചേർന്നാണ് മത്സരിച്ചത്. പ്രദേശിക ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നിലമ്പൂരിലൂടെ സഖ്യം സംസ്ഥാനത്താകെ പടർത്താമെന്നാണ് യുഡിഎഫ് കരുതുന്നത്. 

മുസ്ലിം ലീഗിനുവേണ്ടി എക്കാലത്തും കരുനീക്കങ്ങൾ നടത്താറുള്ള ജമാഅത്തെ ഇസ്ലാമിയുമായി ഇതാദ്യമായാണ് കോൺഗ്രസ് പരസ്യമായ തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തയ്യാറാകുന്നത്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പാർട്ടിയിലും മുന്നണിയിലും ഒരു വിഭാഗം രംഗത്തുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ പകരം വോട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സതീശൻ രണ്ടും കൽപ്പിച്ച് ജമാഅത്തെ ബാന്ധവത്തിന് തയ്യാറായത്. തെരഞ്ഞെടുപ്പിന്റെ പ്രചരണരംഗം ചൂടുപിടിച്ചതോടെയാണ് യുഡിഎഫിന് തങ്ങളുടെ തട്ടകത്തിലെ വിള്ളൽ അപകടമാണെന്ന് വ്യക്തമായത്. ലീഗിന്റെ പരമ്പരാഗത വോട്ടർമാർ പൊതുവെ ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാത്തവരാണ്. പാണക്കാട് കുടുംബത്തെ വിമർശിക്കൽ സ്ഥിരം പരിപാടിയാക്കിയ ആര്യാടൻ മുഹമ്മദിനേയും മകനേയും ഒരുഘട്ടത്തിലും ഇക്കൂട്ടർ സഹായിച്ചിട്ടില്ല. ഇത്തവണയും ഏതു രാഷ്ട്രീയ കാലാവസ്ഥ ഉടലെടുത്താലും ആര്യാടനൊപ്പം നിൽക്കാൻ സുന്നി വിഭാഗക്കാരായ വലിയൊരു കൂട്ടം വോട്ടർമാർ തയ്യാറാകില്ലെന്നുറപ്പാണ്. 

ഇതിനു പുറമെ ക്രിസ്ത്യൻ വോട്ടുബാങ്കിലും വിള്ളൽ ഉറപ്പായിട്ടുണ്ട്. സ്വതന്ത്രസ്ഥാനാർത്ഥിയായ പി വി അൻവർ ഉയർത്തുന്ന വെല്ലുവിളിയാണ് യുഡിഎഫ് ക്യാമ്പിന്റെ ഉറക്കം കെടുത്തുന്നത്. അൻവറിന്റെ സാന്നിധ്യം എൽഡിഎഫിനാകും ക്ഷീണമുണ്ടാക്കുക എന്നു കരുതിയവരുടെ കണക്കൂകൂട്ടലുകളെല്ലാം തെറ്റിക്കുന്ന തരത്തിലാണ് നിലമ്പൂരിലെ പ്രചരണരംഗത്തുനിന്നുള്ള പ്രവണതകൾ പ്രകടമാകുന്നത്. അൻവറിന് ലഭിക്കുന്ന വോട്ടിൽ സിംഹഭാഗവും യുഡിഎഫിന്റെ പെട്ടിയിൽ നിന്നാണെന്നാണ് ഇപ്പോൾ മനസിലാകുന്നത്. എതിർ ഘടകങ്ങൾ ഒന്നൊന്നായി നേർക്കുനേര്‍ വന്നതോടെയാണ് പകരം സംവിധാനം എന്ന നിലയിൽ ലീഗിന്റെ മധ്യസ്ഥതയിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയെ ശരണം പ്രാപിച്ചത്. കിട്ടിയ അവസരം വളരെ ഭംഗിയായി ഉപയോഗപ്പെടുത്തികൊണ്ട് ഭാവിയിൽ യുഡിഎഫുമായുളള വിശാല ധാരണയിലേക്കാണ് ജമാഅത്തെ നേതാക്കൾ വലവീശിയത്. തോൽവി മുന്നിൽ കണ്ട വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും വെൽഫയർ നേതാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും പിന്തുണക്കാര്യം പരസ്യമാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു, ഞെട്ടലോടെയാണ് കേരളത്തിലെയും നിലമ്പൂരിലെയും മതേതര വിശ്വാസികൾ യുഡിഎഫ്-വെൽഫയർ പരസ്യബാന്ധവ പ്രഖ്യാപനത്തെ കണ്ടത്. ആർ എസ്എസിന്റെ ഇസ്ലാമിക രൂപമായ ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ കോൺഗ്രസ് അക്ഷരാർത്ഥത്തിൽ ജനമനസുകളിൽ ഒറ്റപ്പെടുകയും ചെയ്തു. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്യുന്ന നിലമ്പൂരിലെ ക്രിസ്ത്യൻ സമൂഹം ജമാഅത്തെ ബാന്ധവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. 

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.