Web Desk

തിരുവനന്തപുരം

June 05, 2021, 9:10 pm

യുഡിഎഫ് തട്ടിക്കൂട്ട് മുന്നണി: ഐഎൻടിയുസി

Janayugom Online

എല്ലാവരെയും സുഖിപ്പിച്ചും ആശ കൊടുത്തും കോണ്‍ഗ്രസ് മുന്നോട്ട് പോകരുതെന്ന് ഐഎന്‍ടിയുസിയുടെ തെരഞ്ഞെടുപ്പ് പരാജയ പഠന റിപ്പോര്‍ട്ട്. സീറ്റിനായി പ്രവര്‍ത്തകരെ മോഹിപ്പിക്കരുതെന്നും പദവികള്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ വാഗ്ദാനം ചെയ്യരുതെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പരാതികളും വിഷമതകളും കേള്‍ക്കാന്‍ നേതാക്കള്‍ ചെവികൊടുക്കണം. ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിക്കണം. ബഹുജന സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത് പാര്‍ട്ടിയുമായി ചേര്‍ത്ത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഭരണഘടന അലമാരയില്‍ വയ്ക്കാനുള്ളതല്ല. അത് പാര്‍ട്ടിയില്‍ നടപ്പാക്കാനുള്ളതാണ്. കെപിസിസി, ഡിസിസി ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. ഒരു നിയോജക മണ്ഡലത്തില്‍ ഒരു ബ്ലോക്ക് കമ്മിറ്റി മതി. കെപിസിസി ഡിസിസി ഭാരവാഹികള്‍ക്ക് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണം. ജനശ്രീ പ്രാദേശിക നേതാക്കളെയും പാര്‍ട്ടി അനുഭാവികളെയും തമ്മില്‍ അകറ്റി.

വസ്തുതകള്‍ മനസിലാക്കി ജനശ്രീ പിരിച്ചുവിടണം. കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്ത് തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭത്തില്‍ മുഖം തിരിക്കാതെ കെപിസിസിയില്‍ നിന്ന് തിരുത്തല്‍ നടപടി വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജാതി മത പ്രീണനങ്ങളും അവരോടുള്ള അതിരുകടന്ന ആശ്രയത്വവും കോണ്‍ഗ്രസിന് ദോഷമായി. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ചര്‍ച്ചയും പിന്നോട്ടടിച്ചു. ലോക്സഭാഗത്വം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിന് പകരം പി കെ കുഞ്ഞാലിക്കുട്ടിക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വേണമെങ്കില്‍ കേരള രാഷ്ട്രീയത്തിന്റെ ഭാഗമാകാമായിരുന്നു. ജോസ് കെ മാണി മുന്നണി വിട്ടതും ദുര്‍ബലതയിലേക്ക് നയിച്ചു.

പെന്‍ഷനും കിറ്റിനുമെതിരെ മുന്നണി നേതാക്കള്‍ പ്രസംഗിച്ചത് ഗുണഭോക്താക്കള്‍ക്കിടയില്‍ ന്യൂനതയായെന്നും റിപ്പോർട്ടിലുണ്ട്. തട്ടിക്കൂട്ട് മുന്നണിയായി യുഡിഎഫ് ഇനിയും മാറരുതെന്നും കോൺഗ്രസിലെ നാശത്തിനു കാരണമായ ഗ്രൂപ്പ് വീതംവയ്പ്പ് അവസാനിപ്പിക്കാൻ നേതാക്കൾ തയ്യാറാവണമെന്നും റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. അടിസ്ഥാനപരമായ വ്യവസ്ഥകള്‍ കൃത്യമായി നടപ്പിലാക്കണം. കോണ്‍ഗ്രസിനകത്തും വിമര്‍ശനങ്ങളും ചര്‍ച്ചകളും വേണമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

Eng­lish sum­ma­ry; UDF extor­tion front: INTUC

You may also like this video;