Web Desk

കോട്ടയം

December 17, 2020, 6:11 am

യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് കോട്ടയം

Janayugom Online

സരിത കൃഷ്ണൻ

യുഡിഎഫിന്റെ ഉരുക്കുകോട്ടകള്‍ പിഴുതെറിഞ്ഞ് കോട്ടയത്ത് ചരിത്രവിജയം നേടി ഇടതുമുന്നണി. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലും ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചു. 68 വർഷമായി യുഡിഎഫ് കയ്യടക്കി വച്ചിരുന്ന പാല നഗരസഭയടക്കം ജില്ലയിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളും വാർഡുകളും പിടിച്ചെടുത്താണ് ഇടതുപക്ഷം സ്വാധീനമുറപ്പിച്ചത്. ജില്ലയിലെ എൽഡിഎഫിന്റെ നേട്ടം ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് ഉൾപ്പെട്ട എ ഗ്രൂപ്പിനും ഡിസിസി നേതൃത്വത്തിനും കനത്ത തിരിച്ചടിയായി. ഉമ്മൻചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയിൽ കഴിഞ്ഞ 25 വർഷത്തിന് ശേഷം എൽഡിഎഫ് ഭരണം തിരികെ പിടിച്ചത് യുഡിഎഫിന് നാണക്കേടായി. കോട്ടയം ഡിസിസി പ്രസിഡന്റിന്റെ വീടിരിക്കുന്ന വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. 22ൽ 14 സീറ്റും നേടിയാണ് ജില്ലാ പഞ്ചായത്തിൽ ഇടതുപക്ഷം ഭരണം പിടിച്ചത്.

പൂഞ്ഞാർ ഡിവിഷനിൽ പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജ് വിജയിച്ചു. ഏഴ് സീറ്റിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. 2015ൽ എട്ട് സീറ്റുകൾ മാത്രമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. അന്ന് ഒരു സീറ്റുമാത്രമായിരുന്ന സിപിഐക്ക് ഇത്തവണ മത്സരിച്ച നാല് സീറ്റിൽ മൂന്നിലും വിജയിക്കാനായി. 11 ബ്ലോക്കു പഞ്ചായത്തുകളിൽ ഈരാറ്റുപേട്ട, ഒഴികെയുള്ള പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. മിക്കയിടത്തും പേരിനു പോലും പ്രതിപക്ഷമില്ലാത്ത വിധത്തിലാണ് എൽഡിഎഫിന്റെ മുന്നേറ്റം. ചങ്ങനാശേരി, കോട്ടയം നഗരസഭകളിൽ ഭൂരിപക്ഷമുള്ള മുന്നണിയായി ഇടതുപക്ഷം മാറി. കോട്ടയം നഗരസഭയിൽ 52ൽ 22 സീറ്റിലും എൽഡിഎഫാണ്. 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്.

എട്ടിടത്ത് എൻഡിഎയും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. ഭരിക്കാൻ 27 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ഇവിടെ ആവശ്യം. ചങ്ങനാശേരിയിലും കേവല ഭൂരിപക്ഷം ഇല്ല. എന്നാൽ ഇവിടെയും മേൽക്കൈ ഇടതുപക്ഷത്തിനാണ്. 37 വാർഡുകളുള്ള നഗരസഭയിൽ യുഡിഎഫിന് 15, എൽഡിഎഫ് 16, ബിജെപി മൂന്ന്, യുഡിഎഫ് റിബൽ ഒന്ന്, സ്വതന്ത്രർ രണ്ട് എന്നതാണ് കക്ഷിനില. കഴിഞ്ഞതവണ ഭരണമുണ്ടായിരുന്ന വൈക്കത്ത് പക്ഷേ, ഇത്തവണ ഭരണം കൈവിടേണ്ട അവസ്ഥ എൽഡിഎഫിനുണ്ടായി. ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരും എൽഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 71 പഞ്ചായത്തുകളിൽ 40 ഇടത്തും എൽഡിഎഫിനാണ് മേൽക്കൈ.

ചരിത്രം തിരുത്തി പാലാ നഗരസഭ

ആറര പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കുറിച്ച് പാലാ നഗരസഭ. കൈപ്പത്തിയുടെ പിടിവിട്ട് രണ്ടില ഇടത്തേക്ക് ചാഞ്ഞതോടെ പാലാ നഗരസഭ ഇടതുപക്ഷത്തിന്റെ തോളൊപ്പം ചേർന്ന കാഴ്ചയാണ് ഇന്നലെ കാണാൻ സാധിച്ചത്. 26 സീറ്റിൽ 17 സീറ്റുകളാണ് ഇടത്പക്ഷം സ്വന്തമാക്കിയത്. എട്ട് സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു. പാലാ നഗരസഭയുടെ 68 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇടതു മുന്നണി ഭരണം പിടിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഇവിടെ ആധിപത്യം എൽഡിഎഫിനായിരുന്നു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ആരംഭിച്ച ആധിപത്യം അവസാനം വരെ തുടർന്നു. യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി കൂടിയായ കുര്യാക്കോസ് പടവൻ അടക്കം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് പാലായിൽ കണ്ടത്. മുൻ ചെയർപേഴ്സൺ കൂടിയായിരുന്ന മേരി ഡൊമിനികും ഇവിടെ ദയനീയമായി പരാജയപ്പെട്ടിരുന്നു.

മത്സരിച്ച 16 സീറ്റിൽ ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥികളിൽ 11 പേരും വിജയിച്ചു. 13 സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് മൂന്നിടത്ത് മാത്രമാണ് വിജയിക്കാനായത്. നഗരസഭക്കൊപ്പം സമീപ പഞ്ചായത്തുകളിലും ഇടതു മുന്നണി ഭരണം നേടി. പാലാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇടതുപക്ഷത്തിനൊപ്പം ചേർന്നതോടെ ജോസ് കെ മാണിയുടെ ശക്തമായ തിരിച്ചുവരവാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണുന്നത്. പിളർപ്പിനു ശേഷവും അണികൾ തനിക്കൊപ്പമെന്ന് തെളിയിക്കാൻ ജോസ് കെ മാണിക്കായി എന്നതാണ് തെരഞ്ഞെടുപ്പിലൂടെ സാധിച്ചത്. ജോസഫ്-ജോസ് വഴി പിരിയലിനു കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തിലും ഇത്തവണ ജോസ് കെ മാണി വിഭാഗം പങ്കാളിയാവും. ജോസ്-ജോസഫ് വിഭാഗങ്ങൾ പരസ്പരം മത്സരിച്ച ഭൂരിപക്ഷം സ്ഥലങ്ങളിലും ജോസ് കെ മാണി വിഭാഗത്തിന് നേട്ടമുണ്ടാക്കാനായി.