KASARAGOD BUREAU

കാസര്‍കോട്‌

December 17, 2020, 6:33 pm

തെരെഞ്ഞെടുപ്പ്‌ പരാജയം: യുഡിഎഫില്‍ കലാപക്കൊടി

Janayugom Online

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പരാജയം യുഡിഎഫില്‍ കലാപക്കൊടി. യുഡിഎഫ്‌ കക്ഷിയായ മുസ്ലീംലീഗിലാണ്‌ കലാപം രൂക്ഷമായിരിക്കുന്നത്‌. ഫലം പുറത്ത്‌ വന്നതോടെ നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും താക്കീതുമായി ലീഗണികള്‍. കാസര്‍കോട്‌ നഗരസഭയിലെ മുന്‍ വൈസ്‌ ചെയര്‍മാനും, കാസര്‍കോട്‌ മണ്ഡലം മുന്‍ മുസ്ലീം ലീഗ്‌ നേതാവിനെതിരെയാണ്‌ തളങ്കരയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്തെത്തി കോലം കത്തിച്ചത്‌.

ഉദുമയില്‍ മുതിര്‍ന്ന മുസ്ലീം ലീഗ്‌ നേതാവിന്‌ നേരെയും സമാനമായി പ്രതിഷേധവും കോലം കത്തിക്കലുള്‍പ്പെടെയുള്ള സംഭവങ്ങളുമുണ്ടായി. മൂന്ന്‌ വട്ടം മത്സര രംഗത്തുണ്ടായവര്‍ പിന്മാറണമെന്ന മുസ്ലീം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഉള്‍ക്കൊള്ളാനാവത്തവരാണ്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കൂടെ നിന്ന്‌ കാല്‌ വാരുന്നതെന്നും ലീഗണികള്‍ പറയുന്നു.

കാസര്‍കോട്‌ ലീഗ്‌ കേന്ദ്രങ്ങളിലുണ്ടായ തോല്‍വിയുടെ ഞെട്ടലില്‍ നിന്നും അണികളോ നേതൃത്വമോ ഇതുവരെ മോചിതരായിട്ടില്ല. പച്ച കോട്ടകൊത്തളങ്ങളായി കരുതിപ്പോന്ന പല സീറ്റുകളും കൈവിട്ടപ്പോള്‍ പഞ്ചായത്തുകളില്‍ ഭരണം തുലാസിലായി വിമത മാരുടെയും സ്വാതന്ത്ര്യത്തെയും കാല്‍ക്കല്‍ വീഴേണ്ട ഗതികേടിലാണ്‌ ലീഗ്‌ നേതൃത്വം. ഷാനവാസ്‌ പാദൂറിന്റെ വിജയത്തോടുകൂടി ജില്ലാ പഞ്ചായത്തില്‍ നേരിട്ട തിരിച്ചടി കരണത്ത്‌ കിട്ടിയ അടി പോലെയായി. ഇതോടെ ലീഗ്‌ നേതൃത്വത്തിനെതിരെ അണികള്‍ തിരിഞ്ഞിരിക്കയാണ്‌.

കാസര്‍കോട്‌ ജില്ലാ മുസ്ലിം ലീഗ്‌ നേതൃത്വത്തിന്റെ പിടിപ്പുകേടും കച്ചവട താല്‌പര്യങ്ങളുമാണ്‌ ലീഗ്‌ കോട്ടകള്‍ കുലുങ്ങാന്‍ കാരണമെന്നാണ്‌ പൊതു വിലയിരുത്തല്‍. മാത്രമല്ല മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്റെ വിഷയത്തില്‍ സത്യത്തിന്റെകൂടെ നില്‍ക്കാതെ ഇരകളായ ലീഗ്‌ പ്രവര്‍ത്തകരെയും കുടുംബങ്ങളെയും ആക്ഷേപിച്ചതും വലിയ ചലനങ്ങളാണ്‌ സൃഷ്ടിച്ചത്‌. വാര്‍ഡ്‌തലം മുതല്‍ ജില്ലാതലം വരെയുള്ള കമ്മിറ്റികളില്‍ യഥാര്‍ത്ഥ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താത്ത വ്യവസായികളെ തിരിക്കി കയറ്റിയതും മറ്റൊരു തിരിച്ചടിയാണ്‌.

ജില്ലയില്‍ മൊഗ്രാല്‍ പുത്തൂര്‍, കുമ്പള ചെങ്കള എന്നീ പഞ്ചായത്തുകള്‍ ലീഗിന്റെ കോട്ടകളാണ്‌. ഇവിടങ്ങളില്‍ ഭരണം നിലര്‍ത്താന്‍ ഇനിയും പല കളികള്‍ കളിക്കേണ്ട ഗതികേടിലാണ്‌ ലീഗ്‌. കുമ്പളയില്‍ മുസ്ലീംലീഗിന്റെ ഒരു സീറ്റ്‌ കുറഞ്ഞപ്പോള്‍ ബിജെപിക്ക്‌ ഒരു സീറ്റ്‌ അധികം ലഭിച്ചു. ഇതോടെ ബിജെപി 9, മുസ്ലീംലീഗ്‌ 7, കോണ്‍ഗ്രസ്‌ രണ്ട്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. ഉജാര്‍ സീറ്റ്‌്‌ കോണ്‍ഗ്രസിന്‌ നഷ്ടമായത്‌. ഇവിടെ രണ്ട്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പ്‌ വരുത്തി. കഴിഞ്ഞ തവണ ലീഗിന്റെ പ്രസിഡണ്ട്‌ സ്ഥാനാര്‍ത്ഥി വിജയിച്ച്‌ വന്ന കൊടിയമ്മ വാര്‍ഡ്‌ ഇത്തവണ വിമത സ്ഥാനാര്‍ത്ഥി പിടിച്ചെടുത്തത്‌ ലീഗിന്‌ കനത്ത പരാജയമായി.

വര്‍ഷങ്ങളായ ലീഗ്‌ ഭരിക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ഇത്തവണ ഭരണസമിതി രൂപീകരിക്കാന്‍ വേണ്ട കേവലഭൂരിപക്ഷം പോലുമില്ലതെ പ്രതിസന്ധിയിലാണ്‌ ലീഗ്‌ നേതൃത്വം ഇവിടെ. കല്ലങ്കൈ വാര്‍ഡില്‍ എസ്‌ഡിപിഐ ഉയര്‍ത്തിയ ഭീഷണിയെ തൃണവല്‍ക്കരിച്ചതും മജല്‍, ബെള്ളൂര്‍ വാര്‍ഡുകള്‍ അപ്രതീക്ഷിതമായി കൈവിട്ടതും ലീഗിനെ വലിയ പ്രതിസന്ധിയിലാക്കി. ഭരണം നേടാന്‍ പ്രതിസന്ധി ഇല്ലെങ്കിലും ലീഗിന്‌ കാര്യമായ പരിക്കുപറ്റിയ പഞ്ചായത്താണ്‌ ചെങ്കള, പ്രസിഡണ്ട്‌ സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള നാരംപാടി വാര്‍ഡില്‍ പരാജയപ്പെട്ടു. കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്ന ഷാഹിന സലിം വിജയിച്ച്‌ വന്ന വാര്‍ഡാണ്‌ നാരംപാടി. അബ്ദുല്ലകുഞ്ഞിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ എതിര്‍പ്പ്‌ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെയും മറികടന്നാണ്‌ ലീഗ്‌ അദ്ദേഹത്തെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്‌. സ്വതന്ത്രനായി മത്സരിച്ച ലത്തീഫ്‌ സി കെ നാരമ്‌ബാടിയാണ്‌ ഇവിടെ വിജയമറിഞ്ഞത്‌.

ലീഗിന്‌ സാധ്യത കല്‍പിച്ചിരുന്ന പിലാങ്കട്ട വാര്‍ഡിലും വിജയം നേടാനായില്ല, ഇവിടെ സ്വാതന്ത്ര്യ സ്ഥാനാര്‍ത്ഥിയാണ്‌ വിജയിച്ചത്‌, കഴിഞ്ഞ തവണയും സ്വാതന്ത്ര്യന്‍ നേടിയ വാര്‍ഡാണിത്‌. ലീഗിന്റെ മറ്റൊരു സിറ്റിങ്‌ സീറ്റായ പടിഞ്ഞാര്‍മൂല ഇത്തവണ കൈവിട്ടു, ഈ വാര്‍ഡ്‌ എല്‍ഡിഎഫാണ്‌ നേടിയത്‌. കഴിഞ്ഞ തവണ ലീഗ്‌ നേടിയത്‌ 15 സീറ്റാണെങ്കില്‍ ഇത്തവണ അത്‌ 14 ആണ്‌, കോണ്‍ഗ്രസിന്‌ രണ്ട്‌ സീറ്റുണ്ടായിരുന്നിടത്ത്‌ അത്‌ ഒന്നായി കുറഞ്ഞു, ബാലടുക്ക സീറ്റില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയാണ്‌ വിജയം കണ്ടത്‌. എല്‍ഡിഎഫ്‌ ഒരു സീറ്റ്‌ വര്‍ധിപ്പിച്ച്‌ അംഗബലം അഞ്ച്‌ ആക്കി ഉയര്‍ത്തി.

മധുര്‍ പഞ്ചായത്തില്‍ എക്കാലവും ലീഗിനൊപ്പം നിലകൊണ്ട ഹിദായത്ത്‌ നഗര്‍, പട്‌ള വാര്‍ഡുകള്‍ ലീഗില്‍ നിന്ന്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു, അറന്തോട്‌ ബിജെപിയെ തറപറ്റിച്ച ലീഗിന്‌ രണ്ട്‌ കുത്തക വാര്‍ഡുകള്‍ നഷ്ടമായത്‌ ലീഗിന്‌ വലിയ നഷ്ടമായി.ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന്‌ വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ്‌ ഫലമാണ്‌ ഇത്‌. ജില്ലാ പഞ്ചായത്ത്‌ ചെങ്കള ഡിവിഷന്‍ കൈവിട്ടതും ഏറെ ക്ഷീണം ചെയ്യും.

കാസര്‍കോട്‌ നഗരസഭയിലെ അവസ്ഥയും മറിച്ചല്ല. ബധിര, ചാല, തളങ്കര പടിഞ്ഞാറ്‌ 6 ബാങ്കോട്‌, വാസിലൈന്‍, ചേരങ്കൈ തുടങ്ങിയ വാര്‍ഡുകളില്‍ കഷ്ടിച്ചാണ്‌ ലീഗ്‌ കടന്നുകൂടിയത്‌. നേരത്തെ ഇവിടങ്ങളില്‍ അഞ്ഞൂറ്‌ അറുന്നൂറ്‌ വോട്ടുകള്‍ക്ക്‌ ഭൂരിപക്ഷം ഉണ്ടായിരുന ഇടങ്ങളില്‍ ഇതില്‍ പത്തൊന്‍പതും നൂറിനും ഇടയിലാണ്‌ ഇത്തവണ ഭൂരിപക്ഷം. കോണ്‍ഗ്രസിലും വാക്ക്‌ പയറ്റ്‌ ആരംഭിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസില്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാട്‌ എന്ന സ്ഥിതിയാണ്‌ ജില്ലയിലുള്ളതെന്നും സംഘടനാ ശൈലിയിലേക്ക്‌ മാറാന്‍ ശ്രമിക്കുന്നില്ലെന്ന പരാതിയാണ്‌ കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്‌.

മലയോര മേഖലയില്‍ ബിജെപിയെ കൂട്ട്‌പിടിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ നോക്കുകുത്തിയാക്കി ബിജെപിയോടൊപ്പം മത്സരിച്ചത്‌ വലിയ പരാജയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. വെല്‍ഫെയര്‍ പാര്‍ട്ടിപോലുള്ള സംഘനകളെ കൂടെ നിര്‍ത്തിയതും യുഡിഎഫ്‌ അണികളില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു. അത്‌ പലയിടങ്ങളിലും തെരെഞ്ഞെടുപ്പ്‌ ഫലത്തില്‍ പ്രതിഫലിച്ചിരുന്നു. വരും ദിവസങ്ങളില്‍ യുഡിഎഫില്‍ വിഴുപ്പ്‌ അലക്കല്‍ രൂക്ഷമാവും.

Eng­lish sum­ma­ry: Issues inside Con­gress par­ty after election

You may also like this video: