Monday
24 Jun 2019

യുഡിഎഫ് ആടി ഉലയുന്നു

By: Web Desk | Sunday 14 April 2019 10:34 PM IST


കെ രംഗനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതാദ്യമായി യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പു സംവിധാനമാകെ ഉന്നത കോണ്‍ഗ്രസ് നേതാക്കളും അണികളും ചേര്‍ന്ന് തല്ലിത്തകര്‍ത്തതിലുള്ള രോഷം പുകയുന്നു. ഇതിന്റെ ഫലമായി അടിത്തറ തകര്‍ന്ന യുഡിഎഫ് ആകെ ആടിയുലയുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
പടനായകരില്ലാതെ പടയ്ക്കിറങ്ങിയ കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരു ചിതറിയ പടയായി മാറിയിരിക്കുന്നു. ഇതിന്റെ ആഘാതം കനത്തതായിരിക്കുമെന്നും ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു യന്ത്രം പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പുതന്നെ തകര്‍ത്ത് അനാഥമാക്കി പെരുവഴിയില്‍ എറിഞ്ഞതിലുള്ള അമര്‍ഷം വി എം സുധീരനടക്കമുള്ളവര്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. കെപിസിസി വൈസ് പ്രസിഡന്റുമാരായ എന്‍ പീതാംബരക്കുറുപ്പ്, വി ഡി സതീശന്‍ എന്നിവരടക്കമുളള വിവിധ നേതാക്കളും മുന്‍മന്ത്രി കെ സി ജോസഫും ഇതേ അഭിപ്രായക്കാരാണത്രേ.
കെപിസിസി നേതൃത്വം പുനഃസംഘടിപ്പിച്ചപ്പോള്‍ നിര്‍ണായക സ്ഥാനങ്ങള്‍ കണക്കു പറഞ്ഞു വാങ്ങിയ നേതാക്കള്‍ തന്നെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഘടനാ സംവിധാനത്തില്‍ നിന്നു പുറത്തുചാടി സ്ഥാനാര്‍ഥി കുപ്പായമണിഞ്ഞത് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പു മെഷിനറിയെ നിശ്ചലമാക്കിയെന്നാണ് വ്യാപകമായ പരാതി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ തുടക്കത്തില്‍ത്തന്നെ ദൃശ്യമായെങ്കിലും പോളിങ് അടുക്കുംതോറും പ്രചാരണ രംഗത്തെ യുഡിഎഫ് സാന്നിധ്യം നേര്‍ത്തുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശശി തരൂരും കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനുമടക്കമുള്ള സ്ഥാനാര്‍ഥികള്‍ തുരുമ്പെടുത്ത പ്രചാരണയന്ത്രത്തെക്കുറിച്ച് ഹൈക്കമാന്‍ഡിനു പരാതികള്‍ നല്‍കുന്നിടം വരെ കാര്യങ്ങള്‍ ചെന്നെത്തി. കോഴിക്കോട്ടും പാലക്കാട്ടും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ പാളയത്തില്‍ പടകൂടിയായി.
കെപിസിസി പുനഃസംഘടനയില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയാണ് ഹൈക്കമാന്‍ഡ് നാമനിര്‍ദ്ദേശം ചെയ്തത്. കെ സുധാകരനെയും എം ഐ ഷാനവാസിനെയും കൊടിക്കുന്നില്‍ സുരേഷിനെയും. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഷാനവാസ് മരണമടഞ്ഞതോടെ മധ്യ കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനാഥമായി. മാസങ്ങള്‍ പിന്നിട്ടിട്ടും ഷാനവാസിനു പകരക്കാരനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡിനായില്ല.
മറ്റു രണ്ടു വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍ കണ്ണൂരിലും കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയിലും സ്ഥാനാര്‍ഥികളായതോടെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഉത്തര കേരളത്തിലുമുള്ള സംഘടനാ സംവിധാനങ്ങളാകെ തകര്‍ത്തുകൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഉന്നത നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് കെ മുരളീധരനെ പ്രചാരണ വിഭാഗം തലവനായി ഹൈക്കമാന്‍ഡ് നാമനിര്‍ദ്ദേശം നടത്തിയത്. അതേ മുരളിയെ വടകരയില്‍ ചാവേറായി പറഞ്ഞയച്ച ഹൈക്കമാന്‍ഡാണ് സംസ്ഥാനത്തെ യുഡിഎഫ് പ്രചാരണ യന്ത്രം തകര്‍ത്തതെന്ന വിമര്‍ശനവും വ്യാപകം.
പി പി തങ്കച്ചനില്‍ നിന്നു പിടിച്ചുവാങ്ങി എ ഗ്രൂപ്പിന്റെ ചൗക്കിദാരായ ബെന്നി ബെഹനാനു നല്‍കിയ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും അനാഥമാണിപ്പോള്‍. ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ ബെന്നി പോയശേഷം യുഡിഎഫ് നേതൃയോഗം പോലും വിളിച്ചുകൂട്ടാത്തതില്‍ ഘടകകക്ഷികള്‍ക്കും അമര്‍ഷമുണ്ട്. കണ്‍വീനര്‍ കസേര ഒഴിഞ്ഞു കിടക്കുന്നതോടെ യുഡിഎഫും ആടിയുലയുന്ന ദയനീയ ചിത്രം. ഉമ്മന്‍ചാണ്ടിയെയും കെ സി വേണുഗോപാലിനെയും അഖിലേന്ത്യന്മാരാക്കിയ ഹൈക്കമാന്‍ഡ് അക്കാര്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചിരിക്കുന്നു. രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ പോലും മണ്ഡലത്തില്‍ പ്രവര്‍ത്തനം കൊഴുപ്പിക്കാന്‍ ആളെ കിട്ടാത്തതിനാല്‍ അന്യ മണ്ഡലങ്ങളില്‍ നിന്ന് ആളെയിറക്കിയാണ് ഒരു തരികിട റോഡ്‌ഷോ പോലും സംഘടിപ്പിച്ചത്. അതു കഴിഞ്ഞപ്പോള്‍ രാഹുലിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
രാഹുല്‍ വന്നാല്‍ ഇരുപതു മണ്ഡലങ്ങളിലും ആഞ്ഞടിക്കുമെന്ന വീരവാദം തന്നെ കോണ്‍ഗ്രസും യുഡിഎഫും കോള്‍ഡ് സ്റ്റോറേജില്‍ വച്ചുകഴിഞ്ഞു. രാഹുല്‍ പ്രഭാവം എന്ന മിഥ്യ വയനാട്ടില്‍ പോലും ഏശാതിരിക്കേ മറ്റു മണ്ഡലങ്ങളില്‍ അതെങ്ങനെ ഏശുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാത്രമാണ് തകര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു തന്ത്രത്തിന്റെ ചുക്കാന്‍ പിടിക്കാനുള്ളത്. ഇവരാകട്ടെ രണ്ടു ധ്രുവങ്ങളിലുമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മുല്ലപ്പള്ളി പരസ്യമായി പറഞ്ഞുകഴിഞ്ഞുവെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് രമേശ്.

Related News