Web Desk

പിറവം:

February 16, 2021, 10:47 pm

നിയമന നിരോധനം പറഞ്ഞ് യുഡിഎഫ് നാടകം കളിക്കുന്നു: ബിനോയ് വിശ്വം എംപി

Janayugom Online

ചെറുപ്പക്കാരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് അധികാരത്തിലേറാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് തെക്കൻ മേഖല എൽഡിഎഫ് വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം എംപി പറഞ്ഞു. തങ്ങളുടെ ഭരണകാലത്ത് നിയമന നിരോധനം ഏർപ്പെടുത്തിയവർ ജനങ്ങളുടെ മുന്നിൽ നാടകം കളിക്കുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎസ്‌സി മുഖേന ഇത്രയധികം തൊഴിൽ നൽകിയ ഒരു സർക്കാർ സമീപകാലത്ത് ഉണ്ടായിട്ടില്ല. യുഡിഎഫ് ഗവൺമെന്റ് അവസാന വർഷം പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തിയത് 5.69 ശതമാനമാണ്. എൽഡിഎഫ് സർക്കാർ ഈ കാലയളവിൽ 31.50 ശതമാനം നിയമനം നടത്തി. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടുകയും ചെയ്തു.

കഴിഞ്ഞ ദിവസം അൺ എയ്ഡഡ് മേഖലയിലെ പത്ത് സ്കൂളുകൾ എയ്ഡഡ് മേഖലയിലേക്ക് മാറ്റി. ഇത്തരത്തിൽ സർക്കാരിന് പുറത്തുള്ള മേഖലകളിലും തൊഴിൽ സാധ്യതകൾ തുറന്നിട്ട സർക്കാരിനെ യുഡിഎഫ് ബിജെപി ക്കൊപ്പം ചേർന്ന് ആക്രമിക്കുകയാണ്. സ്റ്റാർട്ടപ്പുകളുടെ വികസന കാര്യത്തിൽ ഇന്ത്യക്കാക്കെ മാതൃകയാകുന്ന വിധത്തിലുള്ള പ്രോത്സാഹനം ഈ സർക്കാർ നടത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പോലും കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ വളർച്ചയാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. ക്രൂരമായ രാഷ്ട്രീയത്തിന്റെ ഇരകളാക്കി ചെറുപ്പക്കാരെ മാറ്റി കൊണ്ട് അധികാരത്തിലേറാമെന്ന യുഡിഎഫ് വ്യാമോഹം കേരളത്തിൽ നടപ്പാകില്ല. കേരളത്തിന്റെ മനസ് ഇടത് മുന്നണിക്കൊപ്പമെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞതായും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് തുടർഭരണം ഉറപ്പായതിന്റെ നിരാശയാണ് യുഡിഎഫ് ഭാഗത്തുനിന്ന് പ്രകടമാവുന്നതെന്ന് ജാഥാംഗമായ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മതനിരപേക്ഷത, വികസനം, ആരോഗ്യ സുരക്ഷ, സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ കൃത്യമായ വിതരണം എന്നിങ്ങനെ ജനങ്ങൾക്കൊപ്പം നിന്ന സർക്കാരിനെ കരിങ്കല്ലിൻകോട്ട കെട്ടി കാക്കുകയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചെയ്തത്. കിഫ്ബി വഴിയുള്ള വികസനത്തെ കേന്ദ്ര സർക്കാർ പോലും മാതൃകയാക്കി കഴിഞ്ഞു. മാധ്യമ സഹായത്തോടെ സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കാനുള്ള ശ്രമത്തെ ജനങ്ങൾ അർഹമായ പുച്ഛത്തോടെ തള്ളിക്കളയുകയായിരുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരും സർക്കാരിനൊപ്പം നിൽക്കുന്ന ജനങ്ങളുമാണ് കേരളത്തിനെ ലോക മാതൃകയിലേക്ക് ഉയർത്തിയതെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. മഹാപ്രളയം, നിപ്പ, കോവിഡ് എന്നിവ പ്രതിസന്ധിയുണ്ടാക്കിയപ്പോൾ സർക്കാർ കുടുംബനാഥനെ പോലെ പ്രവർത്തിച്ചു. എല്ലായ്പ്പോഴും സംരക്ഷണമായി സർക്കാർ ഉണ്ടെന്ന തോന്നൽ ജനങ്ങളിൽ വളർന്നു. അതിഥി തൊഴിലാളികൾ മുതലുള്ളവരെ കരുതലോട് കാത്ത ചിത്രം വേറെവിടെയും ഇല്ലെന്ന് ചാഴിക്കാടൻ പറഞ്ഞു.

ENGLISH SUMMARY: UDF is play­ing tricks on recruit­ment ban: Binoy Vish­wam MP

YOU MAY ALSO LIKE THIS VIDEO