കെ രംഗനാഥ്
മുന്നണിയിലെ സഖ്യകക്ഷികള്‍ ആരെന്നുപോലുമറിയാതെ യുഡിഎഫ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍. മുന്നണി ഒരു വിചിത്ര മുന്നണിയും അവശ മുന്നണിയുമായി ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് യുഡിഎഫിന്റെ ചരിത്രത്തില്‍ ഇതാദ്യം. ഉള്‍പ്പോരുകളും തമ്മില്പ്പോരുകളും അനുദിനം കൊടുമ്പിരിക്കൊള്ളുന്നതിനിടെ സഖ്യം തന്നെ ശിഥിലമായി. സഖ്യകക്ഷികള്‍ ചേരിതിരിഞ്ഞു പോരാടുന്നതിനിടെ സഖ്യകക്ഷികളുടെ സംസ്ഥാന നേതൃത്വങ്ങളിലെ അങ്കങ്ങള്‍ക്കും അറുതിയില്ല. നേതൃത്വത്തിലെ തമ്മിലടിക്കിടെ സഖ്യത്തിലെ ഘടകകക്ഷികളെ സംബന്ധിച്ച ആശയക്കുഴപ്പവും മുറുകുമ്പോള്‍ വാര്‍ഡുകളില്‍ വിമതരുടെ വേലിയേറ്റക്കാലം. വിമതപ്പോരുകളുടെ പേരില്‍ കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലേയും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പ്രാദേശിക, ജില്ലാ-സംസ്ഥാന നേതാക്കളെ പുറത്താക്കി വിഫലമായ തീയണപ്പു യത്നവും പരക്കെ.
കെപിസിസി പ്രസിഡന്റിന്റെ വക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്കെതിരേ കണ്ണൂരില്‍ ഡിസിസിയുടെ വക മറ്റൊരു സ്ഥാനാര്‍ത്ഥി പട്ടിക, കോഴിക്കോട് കല്ലാമല വാര്‍ഡില്‍ സഖ്യകക്ഷിയായ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെ അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയത് സാക്ഷാല്‍ മുല്ലപ്പള്ളി. തന്റെ വീട് സ്ഥിതിചെയ്യുന്ന വാര്ഡായതിനാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നാണ് മുല്ലപ്പള്ളിയുടെ വൈകാരികമായ വിശദീകരണം. ടി പി ചന്ദ്രശേഖരന്റെ രക്തവും രക്തസാക്ഷിത്വവും വിറ്റ് വോട്ടാക്കി വടകരയില്‍ നിന്നു ലോക്സഭയിലെത്തിയ കേന്ദ്രമന്ത്രി വരെയായ മുല്ലപ്പള്ളി അന്ന് മുതലാക്കിയത് വൈകാരിക വേലിയേറ്റമെങ്കില് ഇപ്പോള്‍ നിരത്തുന്നത് പ്രാദേശിക വികാരവേലിയേറ്റം. ഇപ്പോഴത്തെ വടകര എംപിയും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ മുരളീധരന് മുല്ലപ്പള്ളിയുമായി കൊമ്പുകോര്ക്കുന്നതുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. വടകരയില്‍ താന്‍ പ്രചാരണത്തിനില്ലെന്ന പരസ്യപ്രഖ്യാപനം നടത്തി പ്രതിഷേധിച്ച മുരളീധരനെ മെരുക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടെത്തിയിട്ടുമില്ല. ഇവിടെ മുല്ലപ്പള്ളി ഗ്രൂപ്പൊഴികെ മറ്റെല്ലാ പേരും ആര്എംപിക്കൊപ്പവും. ഒരു വാര്‍ഡില്‍പോലും ഐക്യമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ തമ്മിലടി കണ്ണൂരിലേക്കും പടര്‍ന്നിരിക്കുന്നു. അവിടെ മൂന്നു വര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് മുല്ലപ്പള്ളി.
പക്ഷേ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദ്ദേശാനുസരണം ഈ മൂന്നു വര്‍ഡുകളിലും കണ്ണൂര്‍ ഡിസിസി പ്രഖ്യാപിച്ചത് മറ്റ് മൂന്നു സ്ഥാനാര്‍ത്ഥികളെ. മുല്ലപ്പള്ളിയുടെ കളി കണ്ണൂരില്‍ വേണ്ടെന്ന് സുധാകരന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വന്‍ വിമത വേലിയേറ്റമുണ്ടായ പാലക്കാട്ടും വയനാട്ടിലും വിമതരായ ഡിസിസി ജനറല്‍ സെക്രട്ടറിമാരും പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികളുമടക്കം മുപ്പതോളം പേരെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.
ഇതിനിടെ കോണ്‍ഗ്രസുകാരെ ചാക്കില്‍ കയറ്റി തങ്ങളുടെ സ്ഥാനാര്‍ത്ഥികളാക്കുന്ന തന്ത്രവും അവശമുന്നണിയിലെ സഖ്യകക്ഷികള്‍ പയറ്റുന്നതാണ് കൗതുകം. വിമോചന സമരാനന്തരം പട്ടം താണുപിള്ള മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ കുഞ്ഞമ്പുവിന്റെ കോണ്‍ഗ്രസുകാരായ മക്കളില്‍ മൂത്തയാള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്കി രംഗത്തിറക്കിയപ്പോള്‍ ഇളയയാളെ കോണി ചിഹ്നത്തില്‍ എതിര് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയതും നാടുനീളെ തകരുന്ന കോണ്‍ഗ്രസ് — ലീഗ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് മറ്റൊരുദാഹരണം. മുസ്ലിംലീഗ് ആകട്ടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ സാമാന്യേന കാട്ടിയിരുന്ന കേഡര്‍ സ്വഭാവവും ഇത്തവണ തകര്‍ന്നടിഞ്ഞു. പാണക്കാട്ടു തങ്ങള്മാര് പറയുന്നതാണ് അവസാന വാക്കെന്ന നാട്ടുനടപ്പും പൊളിഞ്ഞു. ഒരേ വാര്‍ഡില്‍ മത്സരിക്കുന്ന രണ്ടുപേര്‍ക്ക് കെട്ടിവയ്ക്കാനുള്ള പണം നല്കി അനുഗ്രഹാശിസുകളോടെ രംഗത്തിറക്കിയത് സാദിഖാലി ഷിഹാബ് തങ്ങള്‍. സംഗതി അക്കിടിയായപ്പോള് രണ്ടുപേരും മത്സരിക്കട്ടെ, കോണി ചിഹ്നം നല്‍കില്ലെന്നു പ്രഖ്യാപനം.
തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന ഉറപ്പും നല്കിയ മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പരിഹാസ്യമായ ഒരധ്യായംകൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങി ഉരത്ത മുസ്ലിം വര്‍ഗീയ പാര്‍ട്ടികളുമായി സഖ്യമില്ലെന്നു മുല്ലപ്പള്ളി പ്രഖ്യാപിക്കുമ്പോള്‍ കൊച്ചിയില്‍ മുല്ലപ്പള്ളികൂടി പങ്കെടുത്ത യുഡിഎഫ് നേതൃയോഗമാണ് ഇത്തരമൊരു സഖ്യത്തിനു പച്ചക്കൊടി കാട്ടിയതെന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ വെളിപ്പെടുത്തല്‍ മറ്റൊരു ട്വിസ്റ്റായി. എന്നാല്‍ ഈ വര്‍ഗീയ കക്ഷികളുമായുള്ള സഖ്യത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിലെയും ലീഗിലെയും അണികള്‍ വികസന ജനകീയ മുന്നണി, വര്‍ഗീയ വിരുദ്ധ ജനാധിപത്യസഖ്യം എന്നീ പേരുകളില്‍ വിമതരുടെ ഒരു പടയെത്തന്നെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പോരിനിറക്കിയതും ശ്രദ്ധേയം.
ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തുടങ്ങിയ ചെറുകക്ഷികളെ കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒതുക്കിക്കെട്ടിയ കോണ്‍ഗ്രസിനും ലീഗിനുമെതിരെ ഈ കക്ഷികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും യുഡിഎഫ് ഒരു ശിഥില മുന്നണിയായി കഴിഞ്ഞിരിക്കുന്നുവെന്ന സൂചനയായി, യുഡിഎഫ് ഒരു മുന്നണിയെന്ന നിലയില്‍ മത്സരിക്കാനാവാതെ ഇതാദ്യമായി രംഗത്തിറങ്ങുന്നത് വന്‍ തിരിച്ചടിക്ക് വഴിമരുന്നിട്ടുകഴിഞ്ഞിരിക്കുന്നുവെന്ന് ഘടകക്ഷികള്തന്നെ അടക്കം പറയുന്ന അന്തരീക്ഷം.
You may also like this video;