യുഡിഎഫ് സമരം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

Web Desk
Posted on January 23, 2019, 8:38 pm

കോഴിക്കോട്: യു ഡി എഫ് ജില്ലാ കമ്മിറ്റി കളക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപരോധ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഹെര്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും നേരെ അക്രമം. മാധ്യമം റിപ്പോര്‍ട്ടര്‍ സി പി ബിനീഷ്, മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ കെ പി നിജീഷ് എന്നിവരെയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ദീപിക ഫോട്ടോഗ്രാഫര്‍ രമേഷ് കോട്ടൂളിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബീന പ്രദീപിന്റെ കാര്‍ തടഞ്ഞ അക്രമികള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ഇവര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കളക്‌ട്രേറ്റില്‍ നടന്ന പി എസ് സിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ വനിതയെ കളക്‌ട്രേറ്റ് ഗേറ്റില്‍ തടഞ്ഞത് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ബിനീഷിനെ കയ്യേറ്റം ചെയ്തത്. ബിനീഷിനെ രക്ഷിക്കാനെത്തിയപ്പോഴാണ് കെ പി നിജീഷിനെതിരെ പ്രവര്‍ത്തകര്‍ തിരിഞ്ഞത്. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതരായ പ്രവര്‍ത്തകര്‍ അക്രമം തുടരുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.

അക്രമികള്‍ തടഞ്ഞുവെച്ചപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബീന പ്രദീപ് ഇത് മൊബൈലില്‍ ചിത്രീകരിച്ചു. ഇതോടെ പ്രവര്‍ത്തകരിലൊരാള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. പൊലീസ് ഫോണ്‍ തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തത്. മാധ്യമപ്രവര്‍ത്തകരെയും വനിതാ ജീവനക്കാരിയെയും ഉള്‍പ്പെടെ അക്രമിച്ച യു ഡി എഫ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെ യു ഡി എഫ് നേതൃത്വവും എം കെ രാഘവന്‍ എം പിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മാപ്പപേക്ഷയുമായി എത്തി.
ആവേശവും അക്രമവും അഴിച്ചുവിട്ട യു ഡി എഫ് പ്രവര്‍ത്തകര്‍ വെയില്‍ ശക്തമായതോടെ നില്‍ക്കക്കള്ളിയില്ലാതെ പതിനൊന്നരയോടെ പിരിഞ്ഞുപോയി. ഇതോടെ കലക്‌ട്രേറ്റിലെ ഒട്ടുമിക്ക ഓഫീസുകളിലും ജീവനക്കാരെത്തുകയും പതിവുപോലെ ജോലി ചെയ്യുകയും ചെയ്തു.
രാവിലെ ആറിന് ആരംഭിച്ച് വൈകിട്ട് ആറുവരെ സംഘടിപ്പിച്ച പാലക്കാട് കളക്ടറേറ്റ് ഉപരോധസമരം തുടങ്ങിയത് ഏഴിന് ആയിരുന്നു. തുടര്‍ന്ന് 11.45 ന് എം കെ മുനീര്‍ ഉദ്ഘാടനം നടത്തുകയും ചെയ്തു. 12.30 ഓടെ യോഗം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയും ചെയ്തു. കാസര്‍കോടും കണ്ണൂരും നടന്ന ഉപരോധങ്ങളും പേരിന് മാത്രമുള്ള പ്രതിഷേധ സമരങ്ങളായി. ഉപരോധസമരം കണ്ണൂരില്‍ ധര്‍ണ്ണയില്‍ ഒതുങ്ങി. കഴിഞ്ഞ ദിവസം വരെ കണ്ണൂരില്‍ ഉപരോധസമരം നടക്കുമെന്ന് നേതാക്കള്‍ പറ്ഞിരുന്നുവെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ ഉപരോധം ധര്‍ണ്ണയാക്കി മാറ്റുകയായിരുന്നു. ഉപരോധസമരം നടത്തിയാല്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലും നേതാക്കള്‍ക്ക് ഇവരെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും മുന്‍കൂട്ടി കണ്ടാണത്രെ കണ്ണൂരില്‍ ഉപരോധസമരം കലക്‌ട്രേറ്റ് ധര്‍ണ്ണയാക്കി മാറ്റിയത്.

വയനാട്ടില്‍ രാവിലെ ആറു മണിക്കു തുടങ്ങിയ ഉപരോധം വൈകിട്ട് നാലുമണിക്കാണ് അവസാനിപ്പിച്ചത്. നിരവധി ആവശ്യങ്ങള്‍ക്കുവേണ്ടി കളക്ട്രേറ്റില്‍ എത്തിയ നൂറുകണക്കിന് ആളുകളെ ഉപരോധം വിഷമത്തിലാക്കി. രാവിലെതന്നെ ജോലിക്കായി എത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. ശുഷ്‌കമായ പ്രവര്‍ത്തക പ്രാതിനിധ്യമെ ഉപരോധ സമരത്തില്‍ ഉണ്ടായിരുന്നുള്ളു.

മലപ്പുറത്ത് രാവിലെ എട്ടുമണിക്ക് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും കലക്ട്രേറ്റ് പടിക്കലെത്തി മുദ്രാവാക്യം മുഴക്കി. 11.30 മണിയോടെ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതായി അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ച് സമരക്കാരെല്ലാം പിരിഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ ഓഫീസുകളിലെത്തി.