കേരള കോണ്‍ഗ്രസ് (എം)പിളര്‍പ്പിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് യു.ഡിഎഫ്

Web Desk
Posted on June 19, 2019, 9:10 am

തിരുവനന്തപുരം:  കേരള കോണ്‍ഗ്രസ് (എം)  പിളര്‍പ്പിനെ അംഗീകരിക്കില്ലെന്ന് യുഡിഎഫ്. പിളര്‍പ്പിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി കേരള കോണ്‍ഗ്രസ് (എം) ഒരുമിച്ചു നീങ്ങണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് യുഡിഎഫ് അറിയിച്ചു. പിജെ ജോസഫിനെ യും  മറുവിഭാഗത്തെ നയിക്കുന്ന ജോസ് കെ മാണിയയും കണ്ട് പിളര്‍പ്പ് ഒഴിവാക്കിയേ തീരൂവെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കയാണ്. എന്നാല്‍ ഇത് അനുസരിക്കുമെന്ന് നേതൃത്വം കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ ഭീഷണിപ്പെടുത്തി ഉപതെരെഞ്ഞെടുപ്പുകാലത്തേക്കെങ്കിലും ഒന്നിച്ചു നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിക്കു ചേരാത്ത സമീപനമാണ് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും സ്വീകരിക്കുന്നതെന്ന വിമര്‍ശനത്തിലാണു യുഡിഎഫ്. നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംകെ മുനീര്‍ എന്നിവരാണു ജോസഫുമായി സംസാരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ജനങ്ങള്‍ നല്‍കിയ പിന്തുണയെ മാനിക്കേണ്ടതുണ്ട്. കേരള കോണ്‍ഗ്രസിന്റ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന സമീപനമാണ് ഇതുവരെ എടുത്തത്. പ്രശ്‌നം എങ്ങനെ തീര്‍ക്കണമെന്നു നിര്‍ദേശിക്കുന്നില്ല. എന്നാല്‍ വിട്ടുവീഴ്ചകളിലൂടെ യോജിച്ചു പോയേ പറ്റൂ. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ജോസഫ് അതിനു മുന്‍കൈയെടുക്കണം.

മറുവിഭാഗത്തെക്കുറിച്ചുള്ള പരാതികളാണു ചര്‍ച്ചയില്‍ ജോസഫ് പ്രധാനമായും ഉന്നയിച്ചത്. ചെയര്‍മാനായ കെഎം മാണിക്കു തുല്യമായ അധികാരം വര്‍ക്കിങ് ചെയര്‍മാനായ തനിക്കുണ്ടെങ്കിലും അതംഗീകരിക്കാന്‍ മറുവിഭാഗം ഒരിക്കലും തയാറായിട്ടില്ല. ആ വിഭാഗത്തില്‍ നിന്നു പലരും തനിക്കൊപ്പം ചേരുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചു പാര്‍ട്ടിയെ പിളര്‍ത്തിയതു ജോസ് കെ മാണിയാണ്. അദ്ദേഹത്തെ ചെയര്‍മാനാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോസഫ് പറഞ്ഞു. പാലായിലടക്കം ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി രണ്ടായി പിളരുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്നു മൂന്ന് നേതാക്കളും വ്യക്തമാക്കി. യോജിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചിലകര്‍ശന നിലപാടുകളിലേക്കുമാറേണ്ടിവരുമെന്ന സൂചനയാണ് മുന്നണി നയിക്കുന്ന കോണ്‍ഗ്രസ് നല്‍കിയത്.