Web Desk

തിരുവനന്തപുരം :

January 14, 2021, 9:27 am

കണ്ണിൽ പൊടിയിടുന്ന വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

Janayugom Online

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന വാഗ്ദാനങ്ങളും പൊള്ളത്തരങ്ങളും നിരത്തി യുഡിഎഫ് പ്രകടന പത്രികയുടെ കരട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ഘട്ടത്തിൽ പുറത്തിറക്കിയ പ്രകടനപത്രികയിലെ 80 ശതമാനവും വാഗ്ദാനം മാത്രമായി ഇന്നും തുടരുകയാണ്. ഈ കാലയളവിലാണ് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടിയ അഴിമതിയും ധൂർത്തും അധികാര ദുർവിനിയോഗവും അരങ്ങുതകർത്തതും. അതുകൊണ്ടുതന്നെ ‘സംശുദ്ധം, സൽഭരണം’ എന്ന പേരാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയ്ക്ക് യുഡിഎഫ് നൽകിയെന്നുള്ളതും തമാശയോടെയാണ് കേരളജനത വീക്ഷിക്കുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ ദുർഭരണത്തിന് എതിരായുള്ള ജനരോഷമാണ് വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത്. എൽഡിഎഫ് പ്രകടനപത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നിറവേറ്റിയെന്ന ചാരിതാർത്ഥ്യത്തോടെയാണ് സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുന്നത്. ജനങ്ങളെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തും, കേരളത്തിന്റെ സമഗ്രവികസനവും എല്ലാവിഭാഗം ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തിയുമുള്ള മാതൃകാപരമായ ഭരണ മികവാണ് എൽഡിഎഫ് സർക്കാർ കാഴ്ചവെച്ചുവരുന്നത്. ഇതിൽ പിടിച്ചു നിൽക്കാനായുള്ള കസർത്തിന്റെ ഭാഗമായാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോട്ടിയായി യുഡിഎഫ് പ്രകടനപത്രികയുടെ കരട് പുറത്തിറക്കിയത്.

കേരളത്തിൽ എല്ലാവർക്കും സ്വന്തമായൊരു വീട് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ എൽഡിഎഫ് സർക്കാർ രൂപം കൊടുത്ത പദ്ധതിയാണ് ‘ലൈഫ് മിഷൻ’. ജനസൗഹൃദ സർക്കാർ ആശുപത്രികളും, എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളും സൗജന്യമായി നൽകാനുള്ള ആശുപത്രി ശൃഖലകൾ ഉൾപ്പടെ ഉറപ്പാക്കുന്ന ‘ആർദ്രം മിഷൻ’. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തിയ ‘പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം’. ശുചിത്വം — മാലിന്യ സംസ്ക്കരണം, മണ്ണ് — ജലസംരക്ഷണം, ജൈവ കൃഷിരീതിയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷിവികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ‘ഹരിതകേരളം മിഷൻ’. ഈ ജനകീയ പദ്ധതികളെല്ലാം നിർത്തലാക്കുമെന്നും യുഡിഎഫ് കരട് പ്രകടന പത്രികയിലൂടെ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ തൊഴില്‍, കാരുണ്യ കേരളം എന്നീ നാല് മിഷനുകളാണ് യുഡിഎഫ് അവതരിപ്പിക്കുകയെന്നും പറയുന്നു. പൊതുജനങ്ങളില്‍ നിന്നും സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചാകും പ്രകടന പത്രിക തയ്യാറാക്കുക. പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങള്‍ക്കായി ഇ മെയിൽ ഐഡിയും പുതുതായി ഉണ്ടാക്കി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിര്‍ധനര്‍ക്ക് നിശ്ചിത വേതനം ഉറപ്പാക്കുമെന്നും, പ്രതിമാസം അക്കൗണ്ടില്‍ കുറഞ്ഞത് 6,000 രൂപ ലഭ്യമാക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുമെന്നാണ് ഒരു വാഗ്ദാനം. സര്‍ക്കാര്‍ സഹായങ്ങള്‍ ആവശ്യമായ വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, വായോധികര്‍ ഇവര്‍ക്കായി സ്‌കോളര്‍ഷിപ്പ്, വെയ്ജസ്, പെന്‍ഷന്‍ പ്രോഗ്രാം നടപ്പാക്കും. കര്‍ഷകര്‍ക്കായി വിവിധ സഹായ പദ്ധതികളും നടപ്പാക്കുമെന്ന് കരടിൽ പറയുന്നു.

ENGLISH SUMMARY: UDF man­i­festo with eye-pop­ping promises

YOU MAY ALSO LIKE THIS VIDEO